കൊറോണക്കാലത്തെ മാനസികാരോഗ്യം; മോഡിയുടെ യോഗ നിദ്ര വീഡിയോയെ പ്രശംസിച്ച് ഇവാന്‍ക ട്രംപ്


വാഷിങ്ടണ്‍- കൊറോണ ലോക്ക്ഡൗണ്‍ സമയത്ത് പ്രധാനമന്ത്രി മോഡി പങ്കുവെച്ച 'യോഗ നിദ്ര' വീഡിയോയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപ്. 21 ദിവസം രാജ്യം ലോക്ക്ഡൗണിലൂടെ മുമ്പോട്ട് പോകുമ്പോള്‍ മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ നിദ്ര പരിശീലിക്കാനാണ് മോഡി തന്റെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. 'തനിക്ക് സമയം കിട്ടുമ്പോഴൊക്കെ യോഗ നിദ്ര ചെയ്യാറുണ്ട്. ഒരാഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യാറുണ്ട്. യോഗ നിദ്ര മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ നല്ലതാണ്. അത് മനസിനെ വളരെ ശാന്തമാക്കുന്നു. ആകാംക്ഷയും സമ്മര്‍ദ്ദവും കുറയ്ക്കും. നിങ്ങള്‍ക്ക് നെറ്റില്‍ യോഗ നിദ്രയുടെ പല വീഡിയോകളും കിട്ടും. താന്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള യോഗ നിദ്രയുടെ വീഡിയോ പങ്കുവെക്കുന്നു' വെന്നാണ് മോഡി ട്വിറ്ററില്‍ കുറിച്ചത്.

ഈ വീഡിയോ കണ്ട ഇവാന്‍ക അദ്ദേഹത്തെ പ്രശംസിക്കുകയായിരുന്നു. കോവിഡ്-19 മഹാമാരിയായി പടരുന്ന അത്യന്തം നിര്‍ണായകമായ നിമിഷങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഈ സമയത്ത് ഈ വീഡിയോ പങ്കുവെച്ചത് ഏറ്റവും ഉചിതമായ കാര്യമാണെന്ന് ഇവാന്‍ക പറഞ്ഞു. ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19നെ പ്രതിരോധിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്നതിനെ കുറിച്ച് ഇവാന്‍ക ട്രംപ് നിരന്തരം ട്വീറ്റ് ചെയ്യുന്നുണ്ട്.കൊറോണയെ നേരിടാനുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍#TogetherAptar  എന്ന ഹാഷ്ടാഗും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്.ലോകത്താകമാനം എട്ട് ലക്ഷം ആളുകളെ ബാധിച്ച കൊറോണ വൈറസ് 38540 ആളുകളുടെ ജീവന്‍ അപഹരിച്ചു. 3000 ആളുകളാണ് യുഎസില്‍ മാത്രം മരിച്ചത്. ഇതില്‍ 1200 പേരും ന്യൂയോര്‍ക്കില്‍ നിന്നുള്ളവരാണ്.
 

Latest News