Sorry, you need to enable JavaScript to visit this website.

ഏഴ് പേര്‍ക്ക് കൂടി കൊറോണ; ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യറേഷന്‍ വിതരണം


തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. തിരുവനന്തപുരം,കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ വീതവും കണ്ണൂര്‍,തൃശൂര്‍,കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും പരിശോധനാഫലം പോസിറ്റീവായി. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് കൊറോണ രോഗികള്‍ 215 ആയി ഉയര്‍ന്നു. 1,63,129 പേര്‍ നിരീക്ഷണത്തിലുണ്ട്. 658 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനക്ക് അയച്ച സാമ്പിളുകളില്‍ 6381 പേരുടെ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ രോഗികളുള്ള കാസര്‍ഗോഡ് ജില്ലയ്ക്ക് വേണ്ടി പ്രത്യേക കര്‍മ പദ്ധതി നടപ്പാക്കും. ഈ ജില്ലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കേന്ദ്രസര്‍വകലാശാലയില്‍ ടെസ്റ്റിങ്ങിന് അനുമതി ലഭിച്ചിട്ടുണ്ട്. നിസാമുദ്ധീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് കൊറോണയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യറേഷന്‍ വിതരണം ആരംഭിക്കും. ശാരീരിക അകലം പാലിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കണം. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനക്കാര്‍ക്കായിരിക്കും വിതരണം ചെയ്യുക. ഉച്ചയ്ക്ക് ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും റേഷന്‍ നല്‍കും. എന്നാല്‍ കടകളില്‍ ഒരു സമയത്ത് അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
 

Latest News