Sorry, you need to enable JavaScript to visit this website.

പരിഭ്രാന്തി വൈറസിനേക്കാള്‍ അപകടകരം; കേന്ദ്രം കുടിയേറ്റ തൊഴിലാളികള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് സുപ്രിംകോടതി

ന്യൂദല്‍ഹി- കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആളുകളുടെ പരിഭ്രാന്തി വൈറസിനേക്കാള്‍ അപകടമുണ്ടാക്കുമെന്ന് സുപ്രിംകോടതി. കൊറോണവൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ റോഡുകളില്‍ തടിച്ചുകൂടിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കൗണ്‍സിലിങ് നല്‍കാനുള്ള സംവിധാനം ഉണ്ടാക്കുകയും പരിഭ്രാന്തി അകറ്റുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ ആളുകള്‍ പരിഭ്രാന്തരാകുന്നത് കൊറോണയേക്കാള്‍ കൂടുതല്‍ ജീവനെടുക്കാന്‍ കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എന്ത് ചെയ്യുമെന്ന് അറിയാതെ പരിഭ്രാന്തിയിലായ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് കിലോമീറ്ററുകളോളം നടക്കാന്‍ തയ്യാറായത്. ചില സംസ്ഥാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിക്കുംതിരക്കുമായിരുന്നു തെരുവുകളില്‍ കണ്ടത്. ഈ സാഹചര്യത്തിലാണ് കുടിയേറ്റ തൊഴിലാളികളുടെ പരിഭ്രാന്തി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കോടതി നിര്‍ദേശിച്ചത്. കൊറോണ വൈറസ് സംബന്ധിച്ച തത്സമയ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ 24 മണിക്കൂറിനകം ഒരു പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. കുടിയേറ്റ തൊഴിലാളികളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റുകയും അവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഉത്തരവിട്ടു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി ഹരജിയില്‍ വാദം കേട്ടത്.
 

Latest News