പാട്‌ന- കൊറോണ വ്യാപനം തടയാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിയവരുടെ വിവരങ്ങള്‍ നല്‍കിയ യുവാവിനെ തല്ലിക്കൊന്നു. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയില്‍ നിന്ന് ജോലിക്ക് പോയി തിരിച്ചെത്തിയിട്ടും ആരോഗ്യവകുപ്പിനെ അറിയിക്കാനോ പരിശോധനക്കോ തയ്യാറാകാത്തവരെ കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയ മധുല്‍ ഗ്രാമത്തിലെ ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. തന്റെ ഗ്രാമത്തെ വൈറസ് വ്യാപനത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ബബ്‌ലു കുമാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് വിവരം പറഞ്ഞത്.
മുന്ന മഹതോ, സുധീര്‍ കുമാര്‍ എന്നിവരായിരുന്നു മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിയെത്തിയിട്ടും ആരോഗ്യവകുപ്പിനോട് കാര്യങ്ങള്‍ മറച്ചുവെച്ചത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നേരിട്ടെത്തി രണ്ട് പേരുടെയും സാമ്പിളുകള്‍ പരിശോധനക്കായി കൊണ്ടുപോയി. ഇതിന് ശേഷമാണ് ഇവര്‍ കുടുംബാംഗങ്ങളായ നാലുപേരെയും കൂട്ടി തിരിച്ചെത്തി. ഇവര്‍ ബബ്‌ലുവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്താന്‍ ആരും പുറത്തിറങ്ങാന്‍ തയ്യാറായില്ല. പ്രതികള്‍ക്ക് എതിരെ കേസെടുത്ത പോലിസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.