ബീജിംഗ്- ചൈനയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 2.1 കോടിയുടെ കുറവ്. അവിശ്വസനീയമായ ഈ കുറവ് ചൈനയിലെ കോവിഡ് മരണത്തെയാണ് കാണിക്കുന്നതെന്ന വാദവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്ന എപക് ടൈംസ് രംഗത്ത്. ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കോവിഡ് മരണ സംഖ്യ തെറ്റാണെന്ന് തെളിയിക്കുന്നതാണ് സെല്‍ ഫോണ്‍ ഉപയോക്താക്കളിലുണ്ടായ കുറവെന്ന് പത്രം ചൂണ്ടിക്കാണിക്കുന്നു.
2020 ഫെബ്രുവരിയില്‍ ഓരോ പ്രവിശ്യയിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ കണക്ക് ചൈനയുടെ വ്യവസായ, ഐ.ടി മന്ത്രാലയം മാര്‍ച്ച് 19-ന് പുറത്തുവിട്ടിരുന്നു. 2019 നവംബറിലെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഗണ്യമായ കുറവുണ്ടായിരിക്കുന്നത്. സെല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 1.601 ബില്യണില്‍നിന്ന് 1.58 ബില്യണ്‍ ആയാണ് കുറഞ്ഞത്. 21 ദശലക്ഷത്തിന്റെ കുറവ്.
ഹെല്‍ത്ത് കോഡ് ലഭിക്കാന്‍ എല്ലാ പൗരന്മാരും സെല്‍ഫോണ്‍ ഉപയോഗിക്കേണ്ടതുണ്ട്. ഗ്രീന്‍ ഹെല്‍ത്ത് കോഡ് ഉള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ചൈനയില്‍ സഞ്ചാര സ്വാതന്ത്ര്യം.അതുകൊണ്ടുതന്നെ ഒരു ചൈനീസ് പൗരന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനാവില്ലെന്ന് അമേരിക്ക ആസ്ഥാനമായുള്ള ചൈനീസ് കാര്യ വിദഗ്ധന്‍ ടാങ് ജിയുവാന്‍ പറയുന്നു.
മാര്‍ച്ച് 10 നാണ് ചൈനീസ് സര്‍ക്കാര്‍ മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള ഹെല്‍ത്ത് കോഡ് ആരംഭിച്ചത്. എല്ലാ പൗരന്മാരും മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വ്യക്തിപരമായ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അപ്ലിക്കേഷന്‍ ക്യൂആര്‍ കോഡ് നിര്‍മിച്ചിരുന്നത്. ഉപോയക്താക്കളുടെ ആരോഗ്യ നില അനുസരിച്ച് മൂന്ന് നിറങ്ങളിലുള്ള കോഡുകളാണ് നല്‍കിയിരുന്നത്. പകരാവുന്ന രോഗമുള്ളവരെ ചുകപ്പിലും സാധ്യതയുള്ളവരെ മഞ്ഞയിലും രോഗമില്ലാത്തവരെ പച്ചയിലുമാണ് ഉള്‍പ്പെടുത്തിയത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗമായാണ് ജനങ്ങള്‍ക്ക് കോഡ് നല്‍കിയതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.
സെല്‍ഫോണ്‍ അക്കൗണ്ടുകളിലുണ്ടായ ഗണ്യമായ കുറവ് ഇവരത്രയും കോവിഡ് ബാധിച്ച് മരിച്ചുപോയെന്ന ഗുരുതരമായ ചോദ്യമാണ് ഉയര്‍ത്തുന്നതെന്ന് എപക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.