എന്തുകൊണ്ട് യാത്രകൾ ഒഴിവാക്കണം? 

ഡോ. റബീബുദ്ദീൻ 

സാധാരണ യാത്രാ വിശേഷങ്ങളാണ് പങ്കു വെക്കാറെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തുകൊണ്ട് യാത്ര ചെയ്യരുത് എന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.  
കോവിഡ്19 ഒരു എപിഡെമിക് അസുഖം എന്ന നിലയിൽ  നിന്നും ഒരു പാൻഡെമിക് എന്ന നിലയിലേക്ക് മാറിയിരിക്കുന്നു.   
ഒരു പകർച്ചവ്യാധി ഏതെങ്കിലും ഒരു സ്ഥലത്തു സാധാരണ  പ്രതീക്ഷിക്കുന്നതിലും കൂടുതൽ ആളുകളിലേക്കു പടരുന്നതിനെയാണ് എപിഡെമിക് എന്നു പറയുന്നത്. അതേ അസുഖം ഒരു രാജ്യത്തെ ഒന്നാകെ ബാധിക്കുകയോ, രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയോ ചെയ്യുമ്പോൾ അതൊരു പാൻഡെമിക് ആണെന്ന് പ്രഖ്യാപിക്കുന്നു.
2018 ൽ നിപ കേരളത്തിൽ ഒരു എപിഡെമിക് ആയിരുന്നെങ്കിൽ 2020 ൽ കോവിഡ്19  ഒരു പാൻഡെമിക് അസുഖം ആണ്. പാൻഡെമിക് അസുഖങ്ങൾ  പടരുന്നതു പ്രധാനമായും രോഗികൾ യാത്ര ചെയ്യുന്നതു മൂലമാണ്. അതുകൊണ്ട് കോവിഡ്19 വ്യാപനം തടയുന്നതിനു യാത്രകൾ ഒഴിവാക്കേണ്ടതുണ്ട്. എത്രത്തോളം എന്നുവെച്ചാൽ......... കഴിയുന്നതും വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക.   എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്നത്  വിശദീകരിക്കാം. 
ഒരു അസുഖം ആരോഗ്യ പ്രവർത്തകരുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറം വ്യാപിക്കാൻ തുടങ്ങുമ്പോൾ അതിനെ ചെറുക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങൾ ആണ് സോഷ്യൽ ഡിസ്റ്റൻസിംഗ്. ഗവണ്മെന്റും ആരോഗ്യ മന്ത്രിയും ആരോഗ്യ മേഖലയും ഞാനും നിങ്ങളും അടക്കം രാജ്യത്തെ എല്ലാവരും ഈ ജാഗ്രതയുടെ ഭാഗമാണ്. അതുകൊണ്ട് അവരുടെ നിർദേശങ്ങൾ നമ്മൾ പാലിക്കുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും വേണം.  
കോവിഡ്19 രോഗ ബാധയെക്കുറിച്ച് ഭീതി പരത്തേണ്ടതില്ല. കാരണം ഈ അസുഖം ബാധിക്കുന്നവരിൽ 75%  ആളുകളും സുഖം പ്രാപിക്കുന്നുണ്ട്. 5%മുതൽ 10% വരെ ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു.  അതിൽ കൂടുതലും വൃദ്ധന്മാരോ മറ്റു അസുഖങ്ങൾ ഉള്ളവരോ ആണ്. മരണ നിരക്ക് വ്യത്യാസപ്പെടാം. കൃത്യമായ ജാഗ്രത പാലിച്ചില്ലെങ്കിൽ ഇന്ത്യ പോലെ ഒരു വികസ്വര രാജ്യത്ത് സ്ഥിതി ഭീകരമായിരിക്കും. 
രോഗ ലക്ഷണമില്ലാത്തവർ എന്തുകൊണ്ടു ജാഗ്രത പാലിക്കണം? 
രോഗം  ആദ്യം ബാധിച്ച ചൈനയിൽ സ്ഥിതി നിയന്ത്രണ വിധേയമായിരുന്നില്ല. എന്നാൽ പിന്നീട് അസുഖത്തിന്റെ സ്വഭാവം മനസ്സിലാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയപ്പോൾ മരണനിരക്ക് കുറഞ്ഞു വരുന്നതായി കാണുന്നുണ്ട്.  കൊറോണയുടെ അതേ സ്വഭാവമുള്ള  സാർസിനെ 2003 ൽ അവർ നേരിട്ടത് പ്രധാനപ്പെട്ട നഗരങ്ങൾ അടച്ചിടുന്നതിലൂടെയും യാത്രകൾ നിരോധിക്കുന്നതിലൂടെയും ആയിരുന്നു. അതേ രീതി തന്നെയാണ് കോവിഡ്  19 നേരിടാനും അവർ പ്രയോഗിക്കുന്നത്.  അതായത് ആളുകൾ കൂടിച്ചേരുന്നത് ഒഴിവാക്കുക. പരമാവധി ജനസമ്പർക്കം ഒഴിവാക്കുക. ജനങ്ങളെ ഒരു കാലയളവു വരെ അവരുടെ വീടുകളിൽ ഐസൊലേറ്റ് ചെയ്യുക.  2003 ൽ  സിങ്കപ്പൂർ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങൾ നേരിടുന്നത് ഈ വഴി ആണ്.  അതുകൊണ്ട് ആ രാജ്യങ്ങളിൽ കേസുകൾ കുറവാണ്. ഇറ്റലിയിലും ഇറാനിലും ഇതു നടപ്പാക്കാൻ വൈകിപ്പോയതിനാൽ കേസുകളുടെ എണ്ണം വർധിക്കുന്നു.    നമ്മുടെ നാടിനും ഇതിൽ നിന്നും പാഠം ഉൾക്കൊള്ളാനുണ്ട്. അതുകൊണ്ടാണ് കോൺടാക്ട് ട്രേസിങ്, ഐസൊലേഷൻ, ക്വാറന്റൈൻ ഒക്കെ ഇത്ര  സൂക്ഷ്മതയോടെ നാം ചെയ്യുന്നത്. കോവിഡ് 19 വൈറസിന്   മണിക്കൂറുകളോളം, അല്ലെങ്കിൽ  ദിവസങ്ങൾ ഒരു പ്രതലത്തിൽ ജീവിക്കാൻ കഴിയും. അതുകൊണ്ട് വൈറസ് ഉണ്ടാകാൻ സാധ്യതയുള്ള പ്രതലങ്ങൾ, മേശ, കസേര, വാതിൽ പിടി, ഗ്ലാസുകൾ തുടങ്ങിയവ അണുവിമുക്തമാക്കുക, കൈകൾ സോപ്പ് കൊണ്ട് കഴുകുക,  തുമ്മുമ്പോൾ തൂവാല കൊണ്ട് മുഖം പൊത്തുക.  ഇനി ഒരു ചെറിയ കാര്യം  കൂടി പറയാം. അസുഖം ഉള്ളവർ മാത്രം വീട്ടിൽ ഇരുന്നാൽ പോരെ  എന്നു കരുതുന്നവർ ഇതു ശ്രദ്ധിക്കുക.  ഇപ്പോൾ കേരളത്തിൽ എത്ര പോസിറ്റീവ് കേസുകൾ ഉണ്ട് എന്നു നോക്കുക. കഴിഞ്ഞ 3, 4 ദിവസം മുമ്പ് എത്ര കേസുകൾ ഉണ്ടായിരുന്നു എന്നും നോക്കുക. ഒരു പോസിറ്റീവ് കേസ് ഉണ്ടാവുമ്പോൾ അതിനോടനുബന്ധിച്ചു നൂറുകണക്കിന് കോവിഡ്19 കേസുകൾ ആണ് രോഗ ലക്ഷണങ്ങൾ കാണിക്കാതെ നമുക്ക് ചുറ്റും നടക്കുന്നത്. എന്നാൽ അവർക്ക് രണ്ടാഴ്ച വരെ  ഇങ്ങനെ  അസുഖം മറ്റുള്ളവർക്കു നൽകാൻ കഴിയും. അങ്ങനെ ഒരു  കോവിഡ്19  മരണം നടക്കുമ്പോഴേക്കും നാമറിയാതെ ആയിരക്കണക്കിന്  രോഗികൾ ഉണ്ടാവുന്നു. അവരുടെ എല്ലാം ടെസ്റ്റ്  റിപ്പോർട്ട് വരുമ്പോഴേക്കും അത്രയും എണ്ണം വേറെയും രോഗികൾ ഉണ്ടാകുന്നു.  നമ്മുടെ നാട്ടിൽ തന്നെ നൂറുകണക്കിന് കോവിഡ്19 കേസുകൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ട് എന്നർത്ഥം. അത് ആയിരം ആവാൻ ദിവസങ്ങൾ മതിയാവും.   അതാണ് ഈ അസുഖത്തിന്റെ പ്രത്യേകത. ഇവരിൽ രോഗ പ്രതിരോധ ശക്തി കുറവുള്ളവർക്ക് അസുഖം മൂർഛിക്കുന്നു അല്ലാത്തവർക്ക് അസുഖം സുഖപ്പെടുന്നു.  അസുഖം അധികമായാൽ രോഗിക്ക് വെന്റിലേറ്റർ സഹായം ആവശ്യമായി വരും. കേരളത്തിൽ മൊത്തത്തിൽ ആശുപത്രികളിലുള്ള  വെന്റിലേറ്ററുകളുടെ എണ്ണം പരിമിതമാണ്. അതുകൊണ്ടു രോഗികളുടെ എണ്ണം വർധിച്ചാൽ  വെന്റിലേറ്റർ സഹായം കിട്ടാതെയും രോഗി മരിക്കാനുള്ള സാധ്യത ഉണ്ട്. അതാണ് പല രാജ്യങ്ങളിലും ഇപ്പോൾ  സംഭവിക്കുന്നത്. 
അതുകൊണ്ട് നിങ്ങൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾ കോവിഡ്19 രോഗിയുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട് എങ്കിൽ കോവിഡ് ബാധിത പ്രദേശങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്കു രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും നിങ്ങൾ  കോവിഡ്19 ജാഗ്രതയുടെ ഭാഗമാവുക....വീടിനു പുറത്തിറങ്ങുന്നത്  പരമാവധി കുറയ്ക്കുക. ആളുകൾ കൂടുന്ന ഏതു സ്ഥലത്തും പോകാതിരിക്കുക. അത്യാവശ്യം ഇല്ലെങ്കിൽ ആശുപത്രിയിൽ പോലും പോകേണ്ടതില്ല. വല്ല സംശയങ്ങളും ഉണ്ടെങ്കിൽ ഗവണ്മെന്റ് നൽകുന്ന നമ്പറുകളിലോ ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക.  അതുകൊണ്ടാണ് ഗവണ്മെന്റും ആരോഗ്യ വകുപ്പും ലോകമൊട്ടാകെ കർശന നടപടികൾ സ്വീകരിക്കുന്നത്. നമ്മുടെ ജീവൻ നിലനിർത്താൻ വേണ്ടി ഈ അവസരത്തിൽ അവ അനുസരിക്കേണ്ടതു നമ്മുടെ കടമയാണ്.

Latest News