Sorry, you need to enable JavaScript to visit this website.
Thursday , October   01, 2020
Thursday , October   01, 2020

കോഴിക്കോടിന്റെ സൗന്ദര്യ തീരം

അബ്ബാസ് ആനപ്പുറം, യാമ്പു  


കോഴിക്കോടെന്നു കേൾക്കുമ്പോൾ റഹ്്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിയും ഹലുവ ബസാറുമെല്ലാമാണ് ഓർമയിൽ  തെളിയുക.  ഈ നഗരമധ്യത്തിലെ ബീച്ചിന്റെ മനോഹര കാഴ്ച കൂടി  കോഴിക്കോട് കാണാൻ വരുന്നവർ ലിസ്റ്റിൽ ഉൾപ്പെടുത്തണം. 
ചരിത്രങ്ങളുടെ ജില്ലയായ സാമൂതിരിയുടെ   കോഴിക്കോട്ടെ വിനോദ മേഖലകൾ ഒന്നോ രണ്ടോ  ദിവസം കണ്ട് ആസ്വാദിക്കുക   
മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ  നിന്നും രണ്ട് കിലോമീറ്റർ സി.എച്ച് ഓവർ ബ്രിഡ്ജിലൂടെ  യാത്ര ചെയ്താൽ വളരെ പെട്ടെന്ന്   കോഴിക്കോട് ബീച്ചിലെത്താം. ഓട്ടോ റിക്ഷയിൽ വരികയാണെങ്കിൽ 30 രൂപ നൽകിയാൽ മതി.
ബീച്ചിന്റെ പ്രധാന ഗേറ്റ് എത്തുന്നതിനു മുമ്പ്     ഇടതു വശത്തുള്ള  ആദാമിന്റെ  ചായക്കടയായാണ് ഇപ്പോൾ കോഴിക്കോട് ബീച്ചിന്റെ ഹൈലൈറ്റ്. 
ഇവിടത്തെ ഭക്ഷണങ്ങളുടെ പേരുകളും രുചിയും ആകർഷകമാണ്.  


ബീച്ചിലേക്കു വരുന്നവരും ബീച്ച് സന്ദർശനം കഴിഞ്ഞു തിരിച്ചുപോകുന്നവരും  ആദാമിന്റെ ചായക്കടയിൽ കയറി പോക്കറ്റിനനുസരിച്ചു ഭക്ഷണം കഴിക്കുന്നു. ഒപ്പം  കാഴ്ചകൾ മൊബൈലിൽ പകർത്തുകയുമാവാം. 
പഴയകാലത്തെ ഘടികാരങ്ങൾ, റാന്തൽ, റേഡിയോ, കാളിങ് ബെൽ, പഴയ ഡാൽഡ ടിന്നുകൾ, ജഗ്,  കടൽ ചിപ്പികൾ അങ്ങനെ നിരവധി പുരാവസ്തുക്കളുടെ പ്രദർശന ശാല കൂടിയാണ് ഈ ചായക്കട. പേര് സൂചിപ്പിക്കുന്നത്   പോലെ തന്നെ ആദാമിന്റെ കാലത്തുള്ള കാഴ്ചയാണ് പുറത്തു നിന്നും ഹോട്ടലിൽ  നോക്കിയാൽ കാണാൻ കഴിയുക. ബീച്ചിൽ  വരുന്നവർ  മാത്രമല്ല, ബീച്ചിന്റെ എതിർ വശത്തുള്ള കോർപറേഷൻ ഓഫീസിലേക്ക്് വരുന്നവർക്കും വ്യത്യസ്തമായ വിഭവങ്ങൾ വിവിധ രുചികളിൽ 
നുകരാം. പോക്കറ്റിൽ ധാരാളം പണം വേണമെന്ന് മാത്രം. പലഹാരങ്ങളിലുമുണ്ട്  രുചിയുള്ള വിവിധ വിഭവങ്ങൾ. സ്‌പെഷ്യൽ വിഭവങ്ങൾ വൈകുന്നേരമേ ലഭിക്കൂ.  ആദാമിന്റെ ചായക്കടയിൽ കയറി ഭക്ഷണം കഴിക്കാനെത്തുന്നവർക്ക്  അത്ഭുതങ്ങളുടെ മായാജാലം  മൊബൈലിൽ പകർത്താതെ അവിടെ നിന്നും ഇറങ്ങാൻ കഴിയില്ല.   'ഹായ് വാട്ട് എ സർപ്രൈസ്, വെരി 
നൈസ്' ചുമരിൽ പ്രത്യേകം വരിയായി സ്ഥാപിച്ചിട്ടുള്ള പുരാതന വസ്തുക്കളുടെ പ്രൗഢ ഗംഭീര  പ്രദർശനം  തന്റെ   മൊബൈലിൽ പകർത്തുന്ന വെള്ളക്കാരിയുടെ വാക്കുകളിൽ എല്ലാം വ്യക്തം.    എക്‌സിബിഷൻ സെന്ററിലോ  പുരാവസ്തു ഗവേഷണ കേന്ദ്രത്തിലോ എത്തിയ പ്രതീതി. 


പഴയ കാലത്തെ രണ്ട് കോളാമ്പി    ഇരു വശത്തേക്ക്  തിരിച്ചുവെച്ചിട്ടുണ്ട്.   നോമ്പു കാലത്ത്  ഇതിലൂടെ മഗ്‌രിബ് ബാങ്ക് പരിസരമാകെ മുഴങ്ങിക്കേൾക്കും  ചുമരിൽ എഴുതിപ്പിടിപ്പിച്ചിട്ടുള്ള  മലബാർ  ഗ്രാമീണ ഭാഷ  വായിച്ചു തീർക്കണമെങ്കിൽ ധാരാളം സമയം ഇവിടെ ചെലവഴിക്കണം.
ആദാമിന്റെ ചായക്കടയിലെ മറ്റൊരു  നല്ല ആകർഷണമാണ് വാഷ് ബേസിനുകൾ. മൺകലത്തിൽ ടാപ് ഫിറ്റ് ചെയ്ത് താഴെ മണ്ണിന്റെ ബേസിൻ വെച്ചിട്ടുണ്ട്. 
ഒന്നര കിലോമീറ്റർ നീണ്ടുകിടക്കുന്ന  കടപ്പുറത്തിന്റെ പ്രൗഢി ആസ്വദിക്കാൻ  സഞ്ചാരികളുടെ വരവിനു സമയം  തെരഞ്ഞെടുക്കേണ്ടതില്ല. രാവിലെ 10 മുതൽ രാത്രി 11 മണി വരെ തീരക്കച്ചവടക്കാർ സഞ്ചാരികളെ സ്വീകരിക്കാൻ തയാറാണ്. 
കോഴിക്കോട് ബീച്ചിലെത്തിയാൽ  നമ്മുടെ കുട്ടിക്കാലം ഒരിക്കൽ കൂടി അനുഭവിച്ചറിയാം. ഉപ്പിലിട്ടതിന്റെയും  ചുരണ്ടിയ ഐസിന്റെയും ചാകര കടപ്പുറത്തുണ്ട്. നെല്ലിക്ക, മാങ്ങ, കാരറ്റ്, പേരക്ക തുടങ്ങി ഓർമ പുതുക്കാൻ വേണ്ടതെല്ലാം ഇവിടെ കിട്ടും. 
കല്ലുമ്മക്കായ വിഭവങ്ങൾ ലഭിക്കുന്ന ഉന്തുവണ്ടികളുടെ വിഹാര രംഗം കൂടിയാണ് കടപ്പുറം. കോഴിക്കോട് ബീച്ച് കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയിട്ടുണ്ട്.