സഹോദരിക്ക് ടോയ്‌ലെറ്റ് പേപ്പര്‍ എത്തിക്കാന്‍ ഡ്രോണ്‍

ലണ്ടന്‍-കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ അടച്ചിടലില്‍ കൗതകക്കാഴ്ചകളും ധാരാളം. യു.കെയിലെ നോര്‍ത്താംപ്ടണ്‍ഷെയറില്‍ ഒരാള്‍ തന്റെ സഹോദരിക്ക് ടോയ്‌ലെറ്റ് പേപ്പര്‍ റോള്‍ എത്തിച്ചത് ആളില്ലാ വിമാനം വഴി. പീറ്റ് ഫാര്‍മര്‍ എന്നയാളാണ് രണ്ട് സ്ട്രീറ്റ് മാത്രം അകലെയുള്ള സഹോദരിക്ക് ഡ്രോണില്‍ ടോയ്‌ലറ്റ് പേപ്പര്‍ അയച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. മോറിസണ്‍സ് ഡിസ്ട്രിബ്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന താന്‍ തമാശക്ക് വേണ്ടി ചെയ്തതാണെന്ന് 48 കാരനായ പീറ്റ് പറയുന്നു.

ടോയ്‌ലെറ്റ് പേപ്പര്‍ റോള്‍ ഘടിപ്പിച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു. യു.കെ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ ജനങ്ങള്‍ ടോയ്‌ലെറ്റ് പേപ്പര്‍ വാങ്ങിക്കൂട്ടിയതുകാരണം സൂപ്പര്‍മാര്‍ക്കറ്റിലെ ഷെല്‍ഫുകള്‍ കാലിയായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പീറ്റിന്റെ വീഡിയോ.

ടോയ്‌ലെറ്റ് പേപ്പറുകള്‍ക്കോ ഭക്ഷ്യസാധനങ്ങള്‍ക്കോ ക്ഷാമമില്ലെന്നും ഗോഡൗണുകളില്‍ ഇഷ്ടം പോലെ സ്‌റ്റോക്കുണ്ടെന്നും അവ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തിച്ചുവരികയാണെന്നും വിതരണക്കമ്പനി ജീവനക്കാരനായ പീറ്റ് ഫാര്‍മര്‍ പറഞ്ഞു. രാത്രി ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സഹോദരി ടോയ്‌ലെറ്റ് പേപ്പര്‍ ആവശ്യപ്പെട്ടതെന്നും തമാശക്കായി അപ്പോള്‍ തന്നെ അത് ഡ്രോണ്‍ വഴി അയച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം ആദ്യമായല്ല ഡ്രോണ്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഈയടുത്താണ് ബ്രൂക്ക്‌ലിന്‍ സ്വദേശിയായ ഒരാള്‍ സമീപത്തെ ഒരു സ്ത്രീയുട ടെറസിലേക്ക് ഡ്രോണ്‍ വഴി സന്ദേശമെത്തിച്ചത്.

 

Latest News