Sorry, you need to enable JavaScript to visit this website.
Saturday , April   17, 2021
Saturday , April   17, 2021

ബോളിവുഡില്‍ ആശങ്ക, കനിക കപൂറിന്റെ അഞ്ചാമത്തെ ടെസ്റ്റ് ഫലവും പോസിറ്റീവ്

ലഖ്‌നൗ- ഗായിക കനിക കപൂറിന്റെ കൊറോണ ബാധ ബോളിവുഡില്‍ വന്‍ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. താരത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന്റെ അഞ്ചാമത്തെ കൊറോണ ടെസ്റ്റ് ഫലവും പോസിറ്റീവ് എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
നിലവില്‍ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയാണിവര്‍. കനികയും കുടുംബവും ഏറെ പ്രതീക്ഷയോടെയായിരുന്നു അഞ്ചാമത്തെ കൊറോണ ടെസ്റ്റ് ഫലത്തിനായി കാത്തിരുന്നത്. അടുത്ത ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരിക്കുമെന്നുള്ള പ്രതീക്ഷ കനിക കപൂര്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
'ജീവിതം നമ്മളെ സമയത്തിന്റെ വില പഠിപ്പിക്കും, മറിച്ച് സമയം നമ്മുക്ക് ജീവിതത്തിന്റെ വില മനസിലാക്കി തരും.. എന്നിങ്ങനെയായിരുന്നു പോസ്റ്റിന്റെ തുടക്കം. തന്നെ കരുതലോടെ കാണുന്നവരോട് ഒരുപാട് നന്ദിയുണ്ടെന്നും താന്‍ ഐ സി യുവിലല്ലെന്നും കനിക എഴുതി.തന്റെ അടുത്ത ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു .വീട്ടില്‍ തിരിച്ചെത്തി എത്രയും പെട്ടെന്ന് മക്കളെ കാണാന്‍ ആഗ്രഹിക്കുന്നു എന്നും കനിക തന്റെ പോസ്റ്റില്‍ പറയുന്നു. നാലാം ടെസ്റ്റ് പരിശോധന ഫലം പോസിറ്റീവായതിനു ശേഷം ഗായിക പങ്കുവെച്ച ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റാണിത്. അഞ്ചാമത്തെ ടെസ്റ്റ് ഫലം അത്രയധികം പ്രതിക്ഷയോടെയായിരുന്നു ഗായിക കാത്തിരുന്നത്.
ഏറെ നാളത്തെ ലണ്ടന്‍ ജീവിതത്തിന് ശേഷം മാര്‍ച്ച് 9 ന് ആയിരുന്നു കനിക ഇന്ത്യയിലേയ്ക്ക് മടങ്ങി എത്തിയത്. തുടര്‍ന്ന് മാര്‍ച്ച് 20ന് താരത്തിന് കൊറോണ ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സ തേടുകയായിരുന്നു.
 

Latest News