Sorry, you need to enable JavaScript to visit this website.

സുകൃതവഴിയിലൊരു യാത്രാന്ത്യം

 
കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതരിൽ ജനകീയനും സംഘാടന മികവിൽ ശ്രദ്ധേയനുമായിരുന്നു ഇന്നലെ അന്തരിച്ച കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാർ. അത് കൊണ്ട് തന്നെ സംസ്ഥാന ഹജ് കമ്മറ്റിയുടെ ചെയർമാൻ സ്ഥാനത്തേക്ക് കോട്ടുമലയുടെ പേര് നിർദ്ദേശിച്ചപ്പോൾ നെറ്റി ചുളിച്ചവർക്ക് സംഘാടക മികവിന്റെയും സൗഹൃദത്തിന്റെയും പുതിയ പന്ഥാവ് ഒരുക്കാൻ കഴിഞ്ഞത് കാണാനായി.
മൂന്ന് വർഷം കാലാവധിയുള്ള ഹജ് കമ്മിറ്റിയിൽ ആദ്യ വർഷം തന്നെ ഇന്ത്യയിലെ മികച്ച ഹജ് ക്യാമ്പ് ഒരുക്കാൻ കഴിഞ്ഞ കോട്ടുമല ബാപ്പു മുസ്‌ലിയാരെ കാലാവധി കഴിഞ്ഞപ്പോഴും വീണ്ടും സംസ്ഥാന സർക്കാർ ചെയർമാൻ സ്ഥാനത്തേക്ക് നിർദേശിക്കുകയായിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹപാഠിയായ കോട്ടുമലക്ക് നിരവധി ശിഷ്യഗണങ്ങളുണ്ട്.
മലപ്പുറം കാളമ്പാടിയിൽ പ്രമുഖ മത പണ്ഡിതൻ പരേതനായ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ - ഫാത്തിമ ഹജുമ്മ ദമ്പതികളുടെ മകനാണ് ബാപ്പു മുസ്‌ലിയാർ. ദർസ് പഠനത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസവും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ പിതാവിന്റെ ദർസിൽ ചേർന്നായിരുന്നു പഠനം തുടങ്ങിയത്. പിതാവ് പട്ടിക്കാട് ജാമിഅയിൽ എത്തിയപ്പോൾ അദ്ദേഹവും ജാമിഅയിൽ ചേർന്നു. ജാമിഅ കേന്ദ്രീകരിച്ച് മതപഠനവും പട്ടിക്കാട് ഹൈസ്‌കൂളിൽ ഭൗതിക പഠനവും തുടർന്നു. പിന്നീട് ദർസ് പഠനത്തിനായി മേൽമുറി ആലത്തൂർപടിയിൽ കെ. കെ.അബൂബക്കർ ഹസ്രത്തിന്റെ ദർസിൽ ചേർന്നു. രണ്ട് വർഷം കെ.കെ.ഹസ്രത്തിനൊപ്പം പൊട്ടിച്ചിറ അൻവരിയ്യ അറബിക് കോളേജിൽ. 1971 ൽ അൻവരിയ്യയിൽ നിന്നും ജാമിഅ നൂരിയ്യയിൽ ചേർന്നു. 1975 - ൽ ഫൈസി ബിരുദം നേടി. പിതാവ് കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കെ.കെ.അബൂബക്കർ ഹസ്രത്ത്, ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്‌ലിയാർ, വല്ലപ്പുഴ ഉണ്ണീൻകുട്ടി മുസ്‌ലിയാർ, കോക്കൂർ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ എന്നിവരുടെ കീഴിലായിരുന്നു മതപഠനം.
പള്ളി ദർസിലും കോളേജിലും മികച്ച അധ്യാപകൻ കൂടിയായിരുന്നു കോട്ടുമല. അരിപ്ര വേളൂർ മസ്ജിദിൽ ഖാസിയും മുദരിസുമായിട്ടാണ് തുടക്കം.      പിന്നീട് പിതാവിന്റെ നിർദേശപ്രകാരം നന്തി ദാറുസ്സലാമിലും കടമേരി റഹ്മാനിയ്യയിലും അധ്യാപകനായി. പിതാവിന്റെ നിര്യാണത്തെ തുടർന്ന്  കാളമ്പാടി മഹല്ല് ഖാസി, മലപ്പുറം മുണ്ടക്കോട് മഹല്ല് ഖാസി സ്ഥാനവും വഹിച്ചു പോരുകയായിരുന്നു. സമസ്ത നിയോഗിച്ച ആലുവാ ത്വരീഖത്ത് അന്വേഷണ സമിതി അംഗമായിരുന്നു. 2004 -ലാണ് സമസ്ത മുശാവറ അംഗമായി തെരഞ്ഞെടുത്തത്. 2010 ൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിശീൻ പ്രസിഡന്റ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജാമിഅ നൂരിയ്യ കമ്മിറ്റി അംഗം, ഏറനാട് താലൂക്ക് പ്രസിഡന്റ്, ഇഖ്‌റഅ് പബ്ലിക്കേഷൻ ചെയർമാൻ, എം.ഇ.എ എൻജിനീയറിംഗ് കോളേജ് കമ്മറ്റി കൺവീനർ, സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ, കാളമ്പാടി മഹല്ല് കമ്മിറ്റി മദ്രസാ പ്രസിഡന്റ്, കോട്ടുമല അബൂബക്കർ മുസ്‌ല്യാർ സ്മാരക കോംപ്ലക്‌സ് ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്ന സമസ്തയിലെ രണ്ടാമത്തെ പണ്ഡിതനാണ് കോട്ടുമല ബാപ്പു മുസ്‌ലിയാർ. യു.ഡി.എഫ് ഭരണകാലത്താണ് പി.ടി.എ റഹീമിന്റെ നേതൃത്വത്തിലുളള ഹജ് കമ്മറ്റിയുടെ കാലാവധിക്ക് ശേഷം 2012 ലാണ് കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാർ ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത്. നേരത്തെ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ ഹജ് കമ്മിറ്റി ചെയർമാനായതിന് ശേഷം ഒരു മതപണ്ഡിതൻ രണ്ടാമത് ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത് ഇതാദ്യമാണ്. 16 അംഗ ഹജ് കമ്മിറ്റിയിൽ നിന്നാണ് ചെയർമാനെ തെരഞ്ഞെടുക്കാറുളളത്. ആദ്യ വർഷത്തിൽ തന്നെ ഹജ് കമ്മിറ്റി ചെയർമാൻ എന്നത് പദവി മാത്രമല്ല മുഴുനീള സേവനമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ഹജുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഏത് സമയത്തും ട്രെയിനർമാരെ പോലെ വിശദീകരിച്ചു നൽകാൻ അദ്ദേഹം സന്മനസ്സ് കാണിച്ചിരുന്നു. അത് കൊണ്ട് തന്നെ ഒരോ വർഷത്തിലേയും തീർത്ഥാടകരും കോട്ടുമലയുടെ സേവന മനോഭാവത്തെക്കുറിച്ച് വാചാലരാകും.
ഹജ് കമ്മിറ്റിയിൽ മത സംഘടനയിലെ വ്യത്യസ്ത ആശയഗതിയുള്ളവരുമായും കോട്ടുമല ബാപ്പു മുസ്‌ലിയാർ സൗഹൃദം പുതുക്കിയിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന മുസ്‌ലിം പണ്ഡിതൻ എന്ന ബഹുമാനത്തോടെയായിരുന്നു അദ്ദേഹത്തെ അവരൊക്കെ കണ്ടിരുന്നത്. അതിനാലാണ് മൂന്ന് വർഷത്തിന് ശേഷം വീണ്ടും അദ്ദേഹത്തെ തന്നെ ചെയർമാനായി തെരഞ്ഞെടുത്തതും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി പരിഷ്‌കാരങ്ങൾക്ക് കേരള ഹജ് കമ്മിറ്റി സന്നദ്ധമായതിന് പിന്നിൽ കോട്ടുമല ഉസ്താദിന്റെ പങ്ക് നിസ്തുലമാണ്.കേരളത്തിൽ നിന്ന് കൂടുതൽ ഹജ് തീർഥാടകർക്ക് അവസരം ലഭിക്കാൻ കേന്ദ്രത്തിൽ ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഹജ് പ്രതിനിധി സംഘം നടത്തിയ ശ്രമം ചെറുതല്ല. തുടർച്ചയായി അപേക്ഷിക്കുന്ന അഞ്ചാം വർഷക്കാർക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിച്ചത് ഈ ശ്രമത്തിന്റെ ഫലമാണ്. 
ഏറ്റവും കൂടുതൽ അപേക്ഷകരുണ്ടായതും കൂടുതൽ പേർക്ക് ഹജിന് പോകാനും അദ്ദേഹത്തിന്റെ കാലത്ത് കഴിഞ്ഞിട്ടുണ്ട്. കരിപ്പൂരിൽനിന്ന് ഹജ് വിമാന സർവീസ് ഈ വർഷമെങ്കിലും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയാന മന്ത്രിയെ കാണാനുളള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇതിനുളള ശ്രമം തുടരുകയും ചെയ്തു.
കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വന്നപ്പോൾ ഹജ് ക്യാമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റിയത് അവസാന ഘട്ടത്തിലായിരുന്നു. എന്നാൽ തീർത്ഥാടകർക്ക് അസൗകര്യം തോന്നാത്ത രീതിയിൽ സിയാലുമായി സഹകരിച്ച് മികച്ച ഹജ് ക്യാമ്പ് ഒരുക്കാനായി. കഴിഞ്ഞ രണ്ടുവർഷമായി നെടുമ്പാശ്ശേരിയിലെ ഹജ് ക്യാമ്പും പരാതികളും ആക്ഷേപങ്ങളുമില്ലാതെയാണ് നടന്നുവരുന്നത്. അറബി, ഉർദു, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്ന ബാപ്പു മുസ്‌ലിയാർ ഹജുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി നിരവധി തവണ മുംബൈയിലും ദൽഹിയിലും നിവേദനങ്ങളുമായി എത്തുകയും അവകാശങ്ങൾ നേടി എടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഇടപടൽ മറ്റു സംസ്ഥാന ഹജ് കമ്മിറ്റികൾക്ക് പോലും ആശ്വാസമായിട്ടുണ്ട്.
ശാരീരികാസ്വാസ്ഥ്യം മറന്ന് സംഘാടകനാകാനായിരുന്നു ബാപ്പു മുസ്‌ലിയാർക്ക് എന്നും താൽപര്യം. അതിനാൽ തന്നെ സമസ്ത ജനറൽ സെക്രട്ടറിയായിരുന്ന ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാരുടെ വിയോഗത്തിന് ശേഷം സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് കേട്ട പ്രധാന പേര് കോട്ടുമല ബാപ്പു മുസ്‌ല്യാരുടേതായിരുന്നു. സമസ്ത വാർഷികത്തിലെ പ്രധാന അമരക്കാരനും അദ്ദേഹമായിരുന്നു.
 

Latest News