തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ആറുപേർ കോവിഡ് ബാധിച്ച് മരിച്ചു; ആശങ്കയോടെ ദൽഹിയും തെലങ്കാനയും

ന്യൂദൽഹി- ദൽഹിയിലെ നിസാമുദ്ദീനിൽ സംഘടിപ്പിച്ച തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ആറുപേർ കോവിഡ് ബാധിച്ച് തെലങ്കാനയിൽ മരിച്ചു. സൗദിയിൽനിന്നടക്കമുള്ളവർ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം ശ്രീനഗറിൽ മരിച്ച പണ്ഡിതനും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സൗദിക്ക് പുറമെ, മലേഷ്യ, ഇന്തോനേഷ്യ, കിർഗിസ്ഥാൻ എന്നിവടങ്ങളിൽനിന്നുള്ള പ്രതിനിധികളും ഈ സമ്മേളനത്തിന് എത്തിയിരുന്നു. അതേസമയം, രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷവും ഇവിടെ 1400-ഓളം പേർ ഈ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നുവെന്നാണ് വിവരം. സമ്മേളനത്തിൽ പങ്കെടുത്ത 300-ഓളം പേരെ വിവിധ ആശുപത്രികളിൽ ഐസലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഒൻപത് ബന്ധുക്കൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 
തെലങ്കാനയിൽ മരിച്ചവരുമായി ബന്ധപ്പെട്ടവരുടെ കോണ്ടാക്ട് ലിസ്റ്റ് ശേഖരിച്ചിട്ടുണ്ടെന്നും രോഗം പടരുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. ഈ സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും ബന്ധപ്പെടണമെന്ന് തെലങ്കാന അധികൃതർ അറിയിച്ചു. 
അതിനിടെ, സമ്മേളനം സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉത്തരവിട്ടു. മാർച്ച് 24ന് ഇവിടെനിന്നും ഒഴിയാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും ദേശീയ ലോക്ക്ഡൗൺ കാരണം ഇവിടെ കുടുങ്ങിപ്പോയെന്നാണ് അധികൃതർ പറയുന്നത്.
 

Latest News