Sorry, you need to enable JavaScript to visit this website.

സി.ഐ.ടി.യു നേതാവിനെ അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം വാസ്തവ വിരുദ്ധം-മുഹ്‌സിൻ എം.എൽ.എ

പട്ടാമ്പി- ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ചുവെന്ന കേസിൽ സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പട്ടാമ്പി എം.എൽ.എ സി. മുഹ്‌സിൻ. മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചയാളാണ് സക്കീർ എന്നും അനാവശ്യവിവാദങ്ങളുണ്ടാക്കരുതെന്നും മുഹ്‌സിൻ ആവശ്യപ്പെട്ടു.
സി.മുഹ്‌സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പട്ടാമ്പിയിലെ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് സിഐടിയു നേതാവിനെതിരെ കേസെടുത്തു' എന്ന തലക്കെട്ടുമായി സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നുണ്ട്. തികച്ചും രാഷ്ട്രീയപ്രേരിതവും വാസ്തവവിരുദ്ധമായ പ്രചാരണമാണ് നടത്തുന്നത്.
ഭക്ഷണം ലഭ്യമാക്കേണ്ട എല്ലാവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കമ്മ്യൂണിറ്റി കിച്ചൻ തുറന്നു ഭക്ഷണം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിനെ തുടർന്നു പട്ടാമ്പി മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു. എന്നാൽ പട്ടാമ്പി നഗരസഭ പരിധിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ കഴിയില്ലെന്ന് പട്ടാമ്പി നഗരസഭാ ചെയർമാൻ എന്നെയും തഹസിൽദാറെയും അറിയിച്ചു. ഈയൊരു സാഹചര്യത്തിൽ പെട്ടെന്ന് അവരുടെ ഭക്ഷണ കാര്യങ്ങൾ ഏർപ്പാടാക്കാൻ കോൺട്രാക്ടർമാർക്ക്, അവർ താമസിക്കുന്ന സ്ഥാപനത്തിൻറെ ഉടമകൾക്കും നിർദ്ദേശം നൽകി. പക്ഷേ ഇവരിൽ പലരും അവരെ ഇറക്കിവിടാൻ വരെ ശ്രമിക്കുന്നു എന്ന വിവരം അറിയാൻ കഴിഞ്ഞു. അതിഥി തൊഴിലാളികൾ പട്ടിണി കിടക്കാതിരിക്കാൻ നഗരസഭയുമായി അടിയന്തരമായി ഭക്ഷണം ലഭ്യമാക്കണമെന്നും, അവരുടെ പ്രശ്‌നങ്ങൾ കൃത്യമായി ഞാനടക്കമുള്ള ജനപ്രതിനിധികളും ലേബർ ഡിപ്പാർട്ട്‌മെൻറിനെയും അറിയിക്കുകയും യഥാർത്ഥത്തിൽ ചെയ്തത് സക്കീറാണ്.

ഈ വിഷയത്തിൽ നേരിട്ടിടപെട്ട് വേണ്ട ഉടൻ പരിഹാരം കാണാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എന്നെ വിളിച്ചു പറയുകയുമുണ്ടായി. അവർക്ക് നഗരസഭ ഭക്ഷണം നൽകുന്നില്ലെങ്കിൽ ലേബർ ഡിപ്പാർട്ട്‌മെൻറ് വഴി അത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു വരുമ്പോഴാണ് മറ്റാരുടെയോ സ്വാധീനത്തിൽ കെട്ടിട ഉടമകളിൽ ചിലർ ഇവരെ ഇറക്കി വിടുമെന്ന രീതിയിൽ പെരുമാറിയത്. ആ പ്രശ്‌നങ്ങൾ പരിഹരിക്കാൻ, അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയാനും അവരുമായി ബന്ധമുള്ള ആൾ എന്ന നിലയ്ക്ക് സക്കീറിനെ ചുമതലപ്പെടുത്തി. ഞാനും സബ് കലക്ടറും ജില്ലാ ലേബർ ഓഫീസറും തഹസിൽദാറും അടങ്ങുന്നവർ അവിടെ സന്ദർശിക്കുകയും ഈ പ്രശ്‌നങ്ങൾ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തതാണ്.

അവർക്ക് അവരുടേതായ ഭക്ഷണം കഴിക്കാൻ വേണ്ട സാധനങ്ങൾ സിവിൽ സപ്ലൈസ് വഴി ലഭ്യമാക്കുകയും ലേബർ ഡിപ്പാർട്ട്‌മെൻറ് കിറ്റുകളായി വിതരണം ചെയ്യുകയും ചെയ്തു. കലക്ടർ ഇന്നുതന്നെ10 ലക്ഷം രൂപ ലേബർ ഡിപ്പാർട്ട്‌മെൻറിന് കൈമാറുകയും ചെയ്തു.

ഇവരെ ഇറക്കി വിടാൻ ശ്രമിച്ച ആറുപേർക്കെതിരെ എതിരെ പട്ടാമ്പിയിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ അതൊരു വാർത്തയിലും കാണുന്നില്ല.
നഗരസഭാ ചെയർമാൻ നൽകിയ പരാതിയിലാണ് സക്കീറിനെതിരെ കേസെടുത്തത്. സർക്കാറിനെതിരെ എതിരെ അതിഥി തൊഴിലാളികളെ സക്കീറാണ് പുറത്തിറക്കിയത് എന്ന രീതിയിൽ അദ്ദേഹം നൽകിയ പരാതി പോലീസ് സ്വീകരിച്ചു എന്നതിനപ്പുറത്ത് വിശദമായ അന്വേഷണം ഒന്നും നടത്തുന്നതിനു മുമ്പ് സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തുന്നത് കുറച്ചുദിവസമായി പ്രതിപക്ഷത്തുള്ള ചില പ്രത്യേക വ്യക്തികളുടെ അസുഖത്തിന്റെ ഭാഗമാണ്. ചില ആളുകളുടെ അജണ്ട പ്രകാരം അതിഥി തൊഴിലാളികൾ തെരുവിൽ ഇറങ്ങാതിരിക്കാൻ കാരണം സക്കീർ അടക്കമുള്ള വ്യക്തികളുടെയും കളക്ടർ അടക്കമുള്ള ജില്ലാ ഭരണകൂടത്തിനറെയും കൃത്യമായ ഇടപെടൽ മൂലമാണ്.

പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ പലരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെങ്കിലും ഇപ്പോൾ അത്തരത്തിൽ ആരോപണപ്രത്യാരോപണത്തിൻറെ സമയം അല്ല എന്നതുകൊണ്ടാണ് അവഗണിക്കുന്നത്. അത്തരം കാര്യങ്ങൾക്ക് മറുപടി പറയാതെ ഇരിക്കുന്നത് ഒരു ദൗർബല്യമായി കാണരുത്. നല്ലത് ചെയ്യുന്നവരെ വേട്ടയാടുന്നത് ഈ സമയത്തെങ്കിലും സമൂഹമേ നിർത്തൂ...

Latest News