Sorry, you need to enable JavaScript to visit this website.

ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ ആഡംബര ഹോട്ടലുകള്‍ വാടകക്കെടുത്തു

ന്യൂദല്‍ഹി- കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ക്വാറന്റൈനില്‍ പ്രവേശിക്കുന്നതിനായി ദല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി അഞ്ച് ആഡംബര ഹോട്ടലുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ദല്‍ഹി എല്‍.എന്‍.ജി.പി, ജി.ബി പന്ത് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കായി ലളിത് ഹോട്ടല്‍ ആണ് ഏറ്റെടുത്തിരിക്കുന്നത്. 100 മുറികള്‍ ദല്‍ഹി സര്‍ക്കാര്‍ ബുക്ക് ചെയ്യും. ഇതിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലഖ്‌നൗവിലെ ഹയാത്ത് റെസിഡന്‍സി, ഫെയര്‍ഫീല്‍ഡ് ഹോട്ടല്‍, പിക്കാഡിലി ഹോട്ടല്‍, ലെമണ്‍ ട്രീ ഹോട്ടല്‍ എന്നിവയാണ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാരടക്കമുള്ള ആശുപത്രി ജീവനക്കാര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ ഏറ്റെടുക്കുക.
ഹയാത്ത് റെസിഡന്‍സി, ഫെയര്‍ഫീല്‍ഡ് ഹോട്ടല്‍ എന്നിവയില്‍ രാം മനോഹര്‍ ലോഹ്യ മെഡിക്കല്‍ സയന്‍സസിലെ ജീവനക്കാര്‍ താമസിക്കും. മറ്റ് രണ്ട് ഹോട്ടലുകളില്‍ സഞ്ജയ് ഗാന്ധി പോസ്്‌റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജീവനക്കാരും താമസിക്കും.
ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ളവരെ വാടക വീടുകളില്‍ നിന്ന് ഇറക്കിവിടുന്നതോടെയാണ് ഇവര്‍ക്ക് താമസിക്കാന്‍ ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

 

Latest News