കര്‍ഫ്യൂ ലംഘിക്കുന്നവരെ പാര്‍പ്പിക്കാന്‍ ഹരിയാനയില്‍ താല്‍ക്കാലിക ജയില്‍

ചണ്ഡിഗഢ്- കൊറോണ വൈറസ് വ്യാപനം തടയാന്‍ കൊണ്ടുവന്ന ലോക്ഡൗണ്‍ നിര്‍ദേശം ലംഘിക്കുന്നവരെ പാര്‍പ്പിക്കാന്‍ താത്ക്കാലിക ജയില്‍ ഒരുക്കി ഹരിയാന സര്‍ക്കാര്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്‌റ്റേഡിയം ജയില്‍ ആക്കി മാറ്റുകയാണ്. ആളുകളുടെ സഞ്ചാരം ഒഴിവാക്കാന്‍ അതിര്‍ത്തികളടച്ച് കര്‍ശന സുരക്ഷ പാലിക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ തീരുമാനം. കാല്‍നടയായി അയല്‍ ഗ്രാമങ്ങളിലേക്ക് പോലും പോകുന്നത് തടയാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
ജില്ലകളിലെ സാധ്യമായ സ്‌റ്റേഡിയങ്ങള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് ചീഫ് സെക്രട്ടറി കെഷ്‌നി ആനന്ദ് അറോറ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ലോക് ഡൗണ്‍ നിര്‍ദേശം വകവെക്കാതെ കുടിയേറ്റ തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം.
എല്ലാ ജില്ലകളിലുമായി കുടിയേറ്റ തൊഴിലാളികള്‍ക്ക് 129 ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചുവെന്നും 29,328 പേര്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നുണ്ടെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

 

Latest News