Sorry, you need to enable JavaScript to visit this website.

വയനാട്ടില്‍ രണ്ടു പ്രവാസികള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

കല്‍പറ്റ-വയനാട്ടില്‍ രണ്ടു പ്രവാസികള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിലൊരാള്‍ കമ്പളക്കാട് സ്വദേശിയും മറ്റൊരാള്‍ മൂപ്പൈനാട് സ്വദേശിയുമാണ്. നിരീക്ഷണത്തിലിരിക്കെയാണ് ഇരുവരിലും രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍  കൊറോണ രോഗികളുടെ എണ്ണം മൂന്നായി. ദുബായില്‍നിന്നെത്തിയ തൊണ്ടര്‍നാട് സ്വദേശിയിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്.
കമ്പളക്കാട് സ്വദേശി നിരവധിയാളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായാണ് ജില്ലാ ഭരണകൂടത്തിനു ലഭിച്ച വിവരം. വിശദ വിവരം അധികൃതര്‍ ശേഖരിച്ചുവരികയാണ്. മൂപ്പൈനാട്  സ്വദേശിക്കു കുറഞ്ഞയാളുകളുമായാണ് സമ്പര്‍ക്കമുണ്ടായത്.

മാര്‍ച്ച് 16നു അബുദാബിയില്‍നിന്നു ഐഎക്‌സ് 716 ഫ്‌ളൈറ്റില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയാണ് കമ്പളക്കാട് സ്വദേശി ജില്ലയിലെത്തിയത്. മൂപ്പൈനാട് സ്വദേശി എമിറേറ്റ്‌സ് ഇകെ  568 വിമാനത്തില്‍ 21നാണ് ദുബായില്‍നിന്നു പുറപ്പെട്ടത്. പിറ്റേന്നു ബംഗളുരു വിമാനത്താവളത്തിലേത്തിയ ഇദ്ദേഹത്തെ  സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്കു വിധേയനായി. ഡോക്ടര്‍ 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചു.

ബംഗളൂരു വിമാനത്താവളത്തില്‍നിന്നു   6 ഇ  7129  ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേത്തി. ബംഗളൂരുവില്‍നിന്നു പുറപ്പെടുന്നതിനു മുമ്പ് നാട്ടിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിളിച്ചു വരുന്നവിവരം അറിയിച്ചു. കരിപ്പൂരില്‍നിന്നു  പരിശോധനകള്‍ക്കുശേഷം സ്വന്തം കാറില്‍ തനിച്ചാണ് വയനാട്ടിലെത്തിയത്. വേറെ കാറിലായിരുന്നു വിമാനത്താവളത്തിലെത്തിയ ബന്ധുക്കുളുടെ യാത്ര.

മുക്കം,താമരശേരി വഴി വീട്ടിലെത്തിയപ്പോള്‍ മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കു  മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വീട്ടിലെത്തിയശേഷം പിതാവും ഭാര്യയും മകനും ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കു വീഡിയോ കോള്‍ ചെയ്തു. 26നു കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയനായി. അന്നു മുതല്‍ വീട്ടില്‍ നിരീക്ഷത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്നലെ ആശുപത്രിയിലേക്കു മാറ്റി. കമ്പളക്കാട് സ്വദേശിയും ആശുപത്രിയിലാണ്.

 

 

 

Latest News