അസുഖം ഭേദമായി, 'ഇറ്റലിക്കാര്‍' വീട്ടിലെത്തി, സമ്മാനങ്ങള്‍ നല്‍കി ആരോഗ്യ പ്രവര്‍ത്തകര്‍

പത്തനംതിട്ട- ഇറ്റലിയില്‍നിന്നെത്തിയ മൂന്നു പേരടക്കം പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേര്‍ ആശുപത്രി വിട്ടു. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഇവരെ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ വീട്ടില്‍ എത്തിച്ചു. ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെ യോഗത്തിന് ശേഷമാണ് ഇവരെ സുരക്ഷിതരായി വീട്ടില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയത്.

പത്തനംതിട്ട റാന്നി അയത്തലയില്‍ ഒരു കോമ്പൗണ്ടിലുള്ള രണ്ട് കുടുംബങ്ങളിലെ അഞ്ച് പേര്‍ക്കായിരുന്നു അസുഖം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറാം തീയതി മുതല്‍ ഇവരെ ഐസൊലേഷനിലേക്ക് മാറ്റി.
അതേസമയം, ഇറ്റലിയില്‍നിന്ന് എത്തിയ ശേഷം പൊതുവേദികളില്‍ എത്തിയത് അറിവില്ലായ്മ കൊണ്ടാണെന്ന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം പറഞ്ഞു. ജീവനോടെ മടങ്ങാമെന്ന് കരുതിയില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും എല്ലാവര്‍ക്കും നന്ദിയെന്നും രോഗം മാറി വീട്ടിലേക്ക് മടങ്ങുന്ന കുടുംബം പറഞ്ഞു. സമ്മാനങ്ങള്‍ നല്‍കിയാണ് ആശുപത്രിയില്‍നിന്ന് ഇവരെ യാത്രയാക്കിയത്.

 

Latest News