Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കല്ലേറ് കർമം: ആഭ്യന്തര  തീർഥാടകർക്ക് നിയന്ത്രണം

മക്ക - കല്ലേറ് കർമം നിർവഹിക്കുന്നതിന് ആഭ്യന്തര തീർഥാടകർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി. ദുൽഹജ് 10, 11, 12 തീയതികളിൽ ആകെ 11 മണിക്കൂർ സമയം ആഭ്യന്തര തീർഥാടകർ കല്ലേറ് കർമം നിർവഹിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇക്കാര്യം ഹജ്, ഉംറ മന്ത്രാലയം ഹജ് സർവീസ് കമ്പനികളെയും സ്ഥാപനങ്ങളെയും അറിയിച്ചു. ദുൽഹജ് 10ന് വെള്ളിയാഴ്ച രാവിലെ ആറു മുതൽ പത്തര വരെയും ദുൽഹജ് 11ന് ശനിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് ആറു വരെയും ദുൽഹജ് 12ന് ഞായറാഴ്ച രാവിലെ പത്തര മുതൽ ഉച്ചക്ക് രണ്ടു വരെയും ആഭ്യന്തര തീർഥാടകർ കല്ലേറ് കർമം നിർവഹിക്കുന്നതാണ് വിലക്കിയിരിക്കുന്നത്. ഇക്കാര്യം കർശനമായി പാലിക്കുന്നതിന് തീർഥാടകരെ ബോധവൽക്കരിക്കണമെന്ന് ആഭ്യന്തര സർവീസ് കമ്പനികളോടും സ്ഥാപനങ്ങളോടും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. 

സൗദി പോസ്റ്റ് പുറത്തിറക്കിയ മാപ്പിനെ കുറിച്ച് സൗദി പോസ്റ്റ് ഉദ്യോഗസ്ഥൻ തീർഥാടകർക്ക് വിശദീകരിച്ച് കൊടുക്കുന്നു.

സൗദി പോസ്റ്റ് മൂന്നു ലക്ഷം മാപ്പുകൾ വിതരണം ചെയ്യുന്നു

മക്ക - ഹജ് തീർഥാടകർക്കും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമിടയിൽ സൗദി പോസ്റ്റ് മൂന്നു ലക്ഷം മാപ്പുകൾ വിതരണം ചെയ്യുന്നു. പുണ്യസ്ഥലങ്ങളിലെയും മക്കയിലെയും മദീനയിലെയും പ്രധാന അടയാളങ്ങളും തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളെ കുറിച്ച കൃത്യമായ വിവരങ്ങളും മാപ്പുകൾ നൽകും. ഹോട്ടലുകൾ, മസ്ജിദുകൾ, വാണിജ്യ കേന്ദ്രങ്ങൾ, റോഡുകൾ, പെട്രോൾ ബങ്കുകൾ, പാർക്കിംഗുകൾ, പാർക്കുകൾ, പോലീസ് സ്റ്റേഷനുകൾ, സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ, റെഡ് ക്രസന്റ് ആസ്ഥാനങ്ങൾ, ആശുപത്രികൾ, ഹെൽത്ത് സെന്ററുകൾ, ഫാർമസികൾ, സർക്കാർ ഓഫീസുകൾ, സൗദി പോസ്റ്റ് ഓഫീസുകൾ, തമ്പുകളുടെ സ്ഥലങ്ങൾ എന്നിവയെല്ലാം മാപ്പുകൾ വ്യക്തമാക്കുന്നു. 
ആഭ്യന്തര ഹജ് തീർഥാടകർ, ഗൾഫ് ഹാജിമാർ, അറബ് രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണേഷ്യ, ദക്ഷിണ-കിഴക്കനേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർ എന്നിവരുടെ തമ്പുകൾ വേഗത്തിൽ തിരിച്ചറിയുന്നതിന് സാധിക്കുന്നതിന് ഓരോ വിഭാഗത്തിന്റെയും തമ്പുകൾക്ക് മാപ്പിൽ പ്രത്യേക വർണം നൽകിയിട്ടുണ്ട്. ഹജ് തീർഥാടകർക്ക് സഹായകയമായി സ്മാർട്ട് ഫോൺ ആപ്ലിക്കേഷനും സൗദി പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. (വമഷഷാമു.ഴീ്.മെ) എന്ന സൈറ്റിൽ ഈ ആപ്പ് ലഭ്യമാണ്. 

ലെബനോൻ സൗദി എംബസി ആക്ടിംഗ് ചാർജ് ഡി അഫയേഴ്‌സ് വലീദ് അൽബുഖാരി ക്യാൻസർ രോഗിയായ അമീന അൽമബീദിന് ഹജ് വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോർട്ട് കൈമാറുന്നു. 

ഹജ് സ്വപ്‌നം പൂവണിഞ്ഞ നിർവൃതിയിൽ ക്യാൻസർ രോഗി

മക്ക - സൗദി അറേബ്യയുടെ സഹായത്താൽ ഹജ് സ്വപ്‌നം പൂവണിഞ്ഞ നിർവൃതിയിലാണ് ക്യാൻസർ രോഗിയും വൃദ്ധയുമായ ലെബനോൻകാരി അമീന അൽമബീദ്. ഇത്തര ലെബനോനിലെ അകാർ പ്രദേശത്തെ മശ്ഹ ഗ്രാമവാസിയായ ഇവർക്ക് ഹജ് വിസ അനുവദിക്കുന്നതിനും ഹജ് യാത്രയുടെ മുഴുവൻ ചെലവുകളും വഹിക്കുന്നതിനും സൗദി അറേബ്യ തീരുമാനിക്കുകയായിരുന്നു. 
ഹജ് നിർവഹിക്കുന്നതിനുള്ള ആശ പ്രകടിപ്പിക്കുന്ന അമീന അൽമബീദിന്റെ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടാണ് ഇവർക്ക് ഹജിന് അവസരമൊരുക്കുന്നതിന് ലെബനോൻ സൗദി എംബസി ആക്ടിംഗ് ചാർജ് ഡി അഫയേഴ്‌സ് വലീദ് അൽബുഖാരി ഇടപെട്ടത്. വിദേശ തീർഥാടകർക്ക് ഹജ് വിസ അനുവദിക്കുന്ന ഇ-ട്രാക്ക് ക്ലോസ് ചെയ്‌തെങ്കിലും അമീന അൽമബീദിന് ഹജ് വിസ അനുവദിക്കുന്നതിനുള്ള ലെബനോൻ സൗദി എംബസി ശുപാർശ മണിക്കൂറുകൾക്കകം വിദേശ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ഹജ് വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോർട്ട് അമീനക്ക് വലീദ് അൽബുഖാരി ബെയ്‌റൂത്തിൽ വെച്ച് കൈമാറി.  

മദീനയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ തീർഥാടകനെ മക്കയിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസിൽ കയറ്റുന്നു. 

മദീനയിൽ ചികിത്സയിലായിരുന്ന തീർഥാടകരെ മക്കയിൽ എത്തിച്ചു

മക്ക - മദീനയിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 21 തീർഥാടകരെ ആംബുലൻസുകളിൽ മക്കയിലെ ആശുപത്രികളിലെത്തിച്ചു. ഹജ് നിർവഹിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിന് ശ്രമിച്ചാണ് മദീനയിലെ ആശുപത്രികളിൽ അഡ്മിറ്റിലുണ്ടായിരുന്ന തീർഥാടകരെ മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ മക്കയിലെത്തിച്ചത്. 21 ആംബുലൻസുകളും അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള എട്ടു ആംബുലൻസുകളും അടങ്ങിയ മെഡിക്കൽ വാഹനവ്യൂഹമാണ് രോഗികളെ മക്കയിലെത്തിച്ചത്. ഓരോ രോഗിയെയും ഒരു ഡോക്ടറും ഒരു നഴ്‌സും വീതം അനുഗമിച്ചു.  
മദീന കിംഗ് ഫഹദ് ആശുപത്രിയിൽ നിന്ന് 12 രോഗികളെയും മസ്ജിദുന്നബവിക്കു സമീപമുള്ള അൽഅൻസാർ  ആശുപത്രിയിൽ നിന്ന് നാലു പേരെയും കാർഡിയാക് സെന്ററിൽ നിന്ന് ഒരു രോഗിയെയും ഉഹദ്, അൽഹിംന ആശുപത്രികളിൽ നിന്ന് ഓരോ രോഗികളെയും മീഖാത്ത് ആശുപത്രിയിൽ നിന്ന് രണ്ടു തീർഥാടകരെയുമാണ് മക്കയിലേക്ക് നീക്കിയത്. ഹജ്, ഉംറ മന്ത്രാലയവുമായും ട്രാഫിക് പോലീസുമായും അൽഅദില്ല എസ്റ്റാബ്ലിഷ്‌മെന്റുമായും ഹൈവേ പോലീസുമായും സഹകരിച്ചാണ് മദീന ആരോഗ്യ വകുപ്പ് രോഗികളായ തീർഥാടകരെ മക്കയിലേക്ക് നീക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്. ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം 1,49,156 തീർഥാടകർ ചികിത്സ തേടി മദീനയിലെ ആശുപത്രികളെ സമീപിച്ചിട്ടുണ്ട്. 17,922 പേർ മദീനയിലെ വൻകിട ആശുപത്രികളെയും 1,31,234 പേർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും സമീപിച്ചു. തീർഥാടകർക്ക് 355 ഡയാലിസിസുകളും 172 ശസ്ത്രക്രിയകളും നടത്തി. നാലു പേർക്ക് ഹൃദയശസ്ത്രക്രിയയും (ഓപ്പൺ ഹാർട്ട് സർജറി) 92 പേർക്ക് കത്തീറ്റർ ഉപയോഗിച്ചുള്ള ഹൃദയശസ്ത്രക്രിയയും നടത്തി. 2,802 തീർഥാടകർക്ക് ആംബുലൻസ് സേവനം നൽകി.

ഹജ് ദിവസങ്ങളിൽ താപനില കുറയും
മക്ക - ഹജ് ദിവസങ്ങളിൽ പുണ്യസ്ഥലങ്ങളിലും സൗദിയുടെ മറ്റു പ്രവിശ്യകളിലും താപനില മൂന്നു മുതൽ നാലു ഡിഗ്രി വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ധൻ അബ്ദുൽ അസീസ് അൽഹുസൈനി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കൊടും ചൂടിന് വരും ദിവസങ്ങളിൽ നേരിയ ശമനമുണ്ടാകും. പുണ്യസ്ഥലങ്ങളിൽ കൂടിയ താപനില 40 മുതൽ 42 ഡിഗ്രി വരെയും കുറഞ്ഞ താപനില 28 ഡിഗ്രി മുതൽ 30 ഡിഗ്രി വരെയുമാകും. തായിഫ് പോലുള്ള മക്ക പ്രവിശ്യയിലെ ഹൈറേഞ്ചുകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. 
റിയാദ്, ഹായിൽ, അൽഖസീം പ്രവിശ്യകളിൽ കൂടിയ താപനില 38 ഡിഗ്രി മുതൽ 43 ഡിഗ്രി വരെയും കിഴക്കൻ പ്രവിശ്യയിൽ കൂടിയ താപനില 38 മുതൽ 45 ഡിഗ്രി വരെയും ഉത്തര അതിർത്തി പ്രവിശ്യ, അൽജൗഫ്, മദീന എന്നിവിടങ്ങളിൽ കൂടിയ താപനില 38 മുതൽ 44 ഡിഗ്രി വരെയും തബൂക്കിൽ കൂടിയ താപനില 36 മുതൽ 40 ഡിഗ്രി വരെയുമാകുമെന്ന് അബ്ദുൽ അസീസ് അൽഹുസൈനി പറഞ്ഞു. 

തീർഥാടകരുടെ കണക്കെടുപ്പിന് 400 ലേറെ ഉദ്യോഗസ്ഥർ
ജിദ്ദ - ഹജ് തീർഥാടകരുടെ കണക്കെടുക്കുന്നതിന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് 400 ലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. മക്കയുടെ ആറു പ്രധാന പ്രവേശന കവാടങ്ങളിലും മദീനയിലെയും ജിദ്ദയിലെയും തായിഫിലെയും മൂന്നു സപ്പോർട്ട് സെന്ററുകളിലും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഇവർ സേവനമനുഷ്ഠിക്കുന്നു. 
മക്കയിലെയും റിയാദിലെയും മെയിൻ സെന്ററുകളിൽ തൽക്ഷണം വിവരങ്ങൾ എത്തിക്കുന്ന സുരക്ഷിതമായ ഇലക്‌ട്രോണിക് നെറ്റ്‌വർക്കുമായി ഉദ്യോഗസ്ഥരെ ബന്ധിപ്പിച്ചിരിക്കുന്നു. ഹജ് തീർഥാടകരുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ ഓരോ ആറു മണിക്കൂറിലും ലഭ്യമാക്കുന്ന ഇന്ററാക്ടീവ് സ്റ്റാറ്റിസ്റ്റിക്‌സ് മാപ്പും ഈ വർഷം അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. 
മുഴുവൻ പ്രവേശന കവാടങ്ങളും വഴി മക്കയിൽ പ്രവേശിക്കുന്ന ഹജ് തീർഥാടകരുമായി ബന്ധപ്പെട്ട് ഓരോ ആറു മണിക്കൂറിലും പുതുക്കുന്ന കണക്കുകൾ ഇന്ററാക്ടീവ് മാപ്പ് എല്ലാവർക്കും ലഭ്യമാക്കുമെന്ന് അതോറിറ്റി പറഞ്ഞു. 

ഹജ് നിയമ ലംഘകർക്ക് 19.45 ലക്ഷം റിയാൽ പിഴ
ജിദ്ദ - ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച സൗദി പൗരന്മാർക്കും വിദേശികൾക്കും ഇതുവരെ ആകെ 19,450,000 റിയാൽ പിഴ ചുമത്തിയതായി ജവാസാത്ത് ഹജ് സേനാ കമാണ്ടർ മേജർ ജനറൽ ദൈഫുല്ല അൽഹുവൈഫി അറിയിച്ചു. 
ഇവർക്ക് ആകെ 630 ദിവസം തടവ് വിധിച്ചു. നിയമ ലംഘകരെ കടത്തുന്നതിന് ഉപയോഗിച്ച എട്ടു പേരുടെ വാഹനങ്ങൾ കണ്ടുകെട്ടുന്നതിനും തീരുമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മിനായിൽ നിന്ന് ഒന്നര ടൺ ഇറച്ചി പിടിച്ചെടുത്തു
മക്ക - മിനായിൽ ഹജ് തീർഥാടകർക്ക് ഭക്ഷണം തയാറാക്കുന്നതിന് സൂക്ഷിച്ച, ഉപയോഗശൂന്യമായ ഒന്നര ടൺ ഇറച്ചി വാണിജ്യ, നിക്ഷേപ മന്ത്രാലയം പിടിച്ചെടുത്തു. ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെ അൽഅവാലിയിലെ ഗോഡൗണിൽ സൂക്ഷിച്ച 48,000 പേക്കറ്റ് ലോംഗ് ലൈഫ് പാലും മന്ത്രാലയം പിടിച്ചെടുത്ത് നശിപ്പിച്ചു. മക്കയിലും പുണ്യസ്ഥലങ്ങളിലും തിങ്കളാഴ്ച നടത്തിയ പരിശോധനകളിൽ കാലാവധി തീർന്നതും ഉപയോഗശൂന്യവുമായ 5,400 ഉൽപന്നങ്ങൾ പിടിച്ചെടുത്തു. 108 സ്ഥാപനങ്ങളിലാണ് തിങ്കളാഴ്ച മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 
 

Latest News