Sorry, you need to enable JavaScript to visit this website.

കുറേക്കൂടി കൊറോണപുരാണം

യവന ചിന്തകനും ലോക സമ്രാട്ടായ അലക്‌സാണ്ടറുടെ ഗുരുവുമായിരുന്ന അരിസ്‌റ്റോട്ടലിനോളം പഴക്കമുള്ളതാകും ഈ മൊഴി: മനുഷ്യൻ ഒരു സാമൂഹ്യ ജീവി ആകുന്നു. 
പൗരധർമം പഠിക്കുന്ന കുട്ടികൾ തുടക്കത്തിലേ ഉരുവിട്ടു ശീലിക്കുന്നതാണ് ഈ ആപ്ത വചനം. വെള്ളത്തിൽ നീന്തുന്ന മീനിനും കരയിൽ നടക്കുന്ന മൃഗത്തിനും മാനത്തു പറക്കുന്ന പക്ഷിക്കും അവകാശപ്പെടാത്തതാണ് മനുഷ്യന്റെ  കഴിവ്. ഈ മൂന്നു തലങ്ങളിലുമുള്ള നീക്കം അവനു കഴിയും. 


മനുഷ്യനെ അവയിൽനിന്നൊക്കെ വേർതിരിച്ചുനിർത്തുന്ന മറ്റൊരു വിശേഷതയാണ് അരിസ്‌റ്റോട്ടലിന്റെ വചനത്തിൽ സൂചിപ്പിക്കപ്പെട്ടത്. സാമൂഹ്യ ജീവി എന്ന പദവി, ആ അർത്ഥത്തിലും വ്യാപ്തിയിലും മറ്റൊരു ജീവിക്കും ചേരുകയില്ല. 
നാം വിവക്ഷിക്കുന്ന മനുഷ്യന്റെ രീതിയിലും വഴക്കത്തിലുമുള്ളതല്ല ഒറ്റപ്പെട്ടു കഴിയുന്ന ഗുഹാമനുഷ്യൻ. നമ്മൾ മനസ്സിലാക്കുന്ന മനുഷ്യൻ കഴിയുന്നത് ഗുഹയിലായാലും മൈതാനത്തായാലും നദീതീരത്തായാലും ഒറ്റക്കാവില്ല, കൂട്ടംകൂടിയായിരിക്കും. കൂട്ടിനാളില്ലാത്ത മനുഷ്യന്റെ മനസ്സിന്റെ നില നോർമൽ ആവില്ല.
മനുഷ്യന്റെ പ്രാഥമികമായ മാനസികാവശ്യമാകുന്നു സമൂഹവുമായി ഇടപഴകാനുള്ള അവസരം. അമേരിക്കയിൽ വൈദ്യ ഗവേഷണം നടത്തുന്ന അതുൽ ഗെയ്‌ണ്ടെ എന്ന ഇന്ത്യൻ ശസ്ത്രക്രിയാ വിദഗ്ധൻ ഒരിക്കൽ ഒറ്റപ്പെട്ടു കഴിയുന്നവരുടെ മനഃശാസ്ത്രം മനസ്സിലാക്കാൻ ശ്രമിക്കുകയുണ്ടായി. മരണം വരെ തടവിൽ കഴിയാൻ വിധിക്കപ്പെട്ട ഏതാനും പേരെ അദ്ദേഹം സംസാരിക്കാൻ തെരഞ്ഞെടുത്തു. 


എല്ലാവരും കടുത്ത കുറ്റം ചെയ്തവരായിരുന്നു. അവരിൽ ഒരാൾ ജയിൽ വാസം അനുഭവിക്കുമ്പോൾ തന്നെ വാർഡനെ കുത്തിക്കൊലപ്പെടുത്തിയ പുള്ളിയായിരുന്നു. വലിയ ബന്തവസ്സിൽ ഒറ്റക്കു കഴിയുന്ന ഭീകരൻ.  വേണ്ടത്ര മുൻകരുതലോടെ അതുൽ ആ പുള്ളിയെ ഉച്ചക്ക് ഊണ് കഴിക്കാൻ കൊണ്ടുപോയി. 
പറഞ്ഞു പറഞ്ഞ് അവർ ജയിൽ വാസത്തെപ്പറ്റി സംസാരിക്കാൻ തുടങ്ങി. ജയിൽ പുള്ളി ഏറ്റവും വെറുക്കുന്നതെന്ത്? ഒരു നിമിഷം പോലും വൈകിയില്ല, ഉത്തരം. ഏകാന്തവാസം തന്നെ. 
തന്റെ ബദ്ധവൈരിക്കു പോലും അനുഭവിക്കേണ്ടി വരാതിരിക്കട്ടെ ആ ശിക്ഷ, അവസാന ശ്വാസം വരെയും ഒറ്റക്കു കഴിയേണ്ടിവരുന്ന ആ അവസ്ഥ എന്നായിരുന്നു അയാളുടെ ആശംസ. സമൂഹത്തിലെ മനുഷ്യനേ ഏറെക്കുറെ സ്വബോധത്തോടെ ജീവിക്കാൻ കഴിയൂ എന്നർഥം.  മറ്റൊരു രീതിയിൽ പറഞ്ഞാൽ, സമൂഹ മധ്യത്തിൽ മറ്റുള്ളവരുമായി ഇടപഴകി ജീവിക്കാനാണ് മനുഷ്യന്റെ മൗലിക വാസന.


ഇപ്പോൾ ലോകത്തെ ഒന്നടങ്കം വിഴുങ്ങിയിരിക്കുന്ന കൊറോണ അസാധ്യമാക്കിത്തിർക്കുന്നതും ആ മൗലികമായ മനുഷ്യ ഭാവം തന്നെ. മറ്റുള്ളവരിൽനിന്നും അകന്നുനിൽക്കുന്നതു മാത്രമേ കൊറോണക്ക് പരിഹാരമാകൂ എന്നാണ് ഒടുവിലത്തെ നിഗമനം. കഴിയുന്നതും വീട്ടിൽ ഒതുങ്ങുക, വീട്ടിൽ തന്നെ തമ്മിൽ തമ്മിൽ സുരക്ഷിതമായ
അകലം പാലിക്കുക. പുറത്തു പോകുമ്പോൾ മറ്റുള്ളവർക്കു രോഗം പകരാതിരിക്കാനായി ഉചിതമായ കവചം ധരിക്കുക.  പച്ചയായി പറഞ്ഞാൽ, മനുഷ്യൻ സ്വാഭാവികമായി ചെയ്യുന്ന പ്രവൃത്തികളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയേ കൊറോണയെ ഫലപ്രദമായി തടയാൻ വഴിയുള്ളൂ.
മനുഷ്യനെ മനുഷ്യനാക്കുന്ന മറ്റൊരു സ്വഭാവമാണ് നടത്തം.  ആദിമ മനുഷ്യൻ വലിയ നടത്തക്കാരനായിരുന്നു. മ്യൂസിയം മൈതാനവും പുഴക്കരയും വേണ്ടിയിരുന്നില്ല നടക്കാൻ.  കാലത്തിന്റെ അവസ്ഥ മാറുന്ന കണക്കേ, മനുഷ്യൻ താമസ സ്ഥലം മാറ്റിക്കൊണ്ടിരുന്നു. നദീതീരം വിട്ട് നദീതീരത്തേക്കുള്ള പ്രയാണമായിരുന്നു സംസ്‌കാരത്തിന്റെ ഭാവവും പ്രഭവവും.  നടത്തത്തിന്റെ മനുഷ്യത്വത്തെപ്പറ്റി ആദ്യം പറഞ്ഞത് ഉപനിഷത്ത് ആയിരുന്നു എന്നു തോന്നുന്നു.


ഐതരേയ ബ്രാഹ്മണത്തിലെ പ്രശസ്തമായ ഒരു മന്ത്രം അതിന്റെ സൂചനയാണ്. തേൻ തേടിപ്പോകുന്ന ഈച്ചയെയും കൂടുവിട്ടു കൂടു മാറുന്ന കിളിയെയും പരാമർശിച്ച് മഹർഷി പറഞ്ഞു, അവരെപ്പോലെ, 'നടക്കുക, നടക്കുക.' ചരൈവേതി, ചരൈവേതി. തന്റെ സാമാജികർക്കുള്ള ആഹ്വാനമായിരുന്നോ, ആത്മാലാപത്തിന്റെ ഈണത്തിലുള്ള മന്ത്രമായിരുന്നോ എന്നറിഞ്ഞുകൂടാ, നടക്കുക, നടക്കുക എന്ന ആ പദം ആദിമ മനുഷ്യന്റെ അടയാള വാക്യമായി പരിണമിച്ചു. നടത്തം എന്ന വ്യായാമത്തിനെതിരെ ചരണമായി വേഗം കൊള്ളുന്ന ചരണത്തിനെതിരെ കാലുറപ്പിച്ചതും കൊറോണ തന്നെ.
സഞ്ചാര പ്രിയനായ മനുഷ്യൻ എന്തിനെയും ഏതിനെയും സഞ്ചാരമാക്കുന്നു. ഇരക്കു വേണ്ടിയുള്ള അന്വേഷണവും രസത്തിനു വേണ്ടിയുള്ള യാത്രയും പുണ്യത്തിനു വേണ്ടിയുള്ള തീർഥാടനവും സഞ്ചാരത്തിന്റെ ഭാവാന്തരങ്ങളാകുന്നു. ആ സഞ്ചാരം ഒഴിവാക്കണം, ആ ചരണം മതിയാക്കണം കൊറോണ പടരാതിരിക്കണമെങ്കിൽ എന്നാണ് അറിവുള്ളവരുടെ ആജ്ഞ. ആദിമ മുനിവര്യന്റെ ഉപദേശത്തിനെതിരെയുള്ള പ്രചണ്ഡമായ നീക്കം. 
വീട്ടിൽ ചുരുണ്ടുകൂടുക, നടക്കാതിരിക്കുക: അത്രയുമായാൽ മനുഷ്യ ശരീരത്തിൽനിന്ന് മനുഷ്യ ശരീരത്തിലേക്ക് കൊറോണബീജം പകർന്നു കയറാനുള്ള സാധ്യത തീരെ കുറയുമെന്നാണ് നിഗമനം. കൊറോണ തേർവാഴ്ച നടത്തുവോളം ആ സ്വാഭാവിക വൃത്തിയിൽനിന്ന് വിട്ടുനിൽക്കുകയേ ആധുനിക മനുഷ്യനു കരണീയമായുള്ളൂ. മനുഷ്യന്റെ  മൗലിക വാസനക്കെതിരെയുള്ള ഈ നീക്കത്തെച്ചൊല്ലി ആശങ്ക കൊള്ളുന്നവർ ഇല്ലാതില്ല. 


നഗര സംവിധാനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വിദഗ്ധന്റെ വിചാരം മനസ്സിലാക്കാൻ ഇടയായി, ഈയിടെ. ആളുകളെ ഒത്തുകൂട്ടാൻ വേണ്ടിയും ഉദ്ദേശിച്ചും ആരംഭിച്ചതാണ് നഗര സംവിധാനം. ആ പ്രസ്ഥാനത്തിനെതിരെ നീങ്ങുന്നതാണ് കൊറോണയുടെ പ്രതിരോധ പദ്ധതികൾ എന്നത്രേ അദ്ദേഹത്തിന്റെ  ആശങ്ക. നഗരം എന്ന ആവാസ വ്യവസ്ഥ കൊറോണയെ അതിജീവിക്കുമോ എന്നാണ് ചോദ്യം. കൊറോണ ഭേദപ്പെട്ടാലും നാം അറിഞ്ഞുവശായ നഗരത്തിന്റെ ഭാവഹാവാദികൾ അതേ പടി നിലനിൽക്കുമോ? കൊറോണയിൽ ദുരൂഹമായ ഒരു നഗര വിരോധം ഉണ്ടുപോലും.
ഈ നൂറ്റാണ്ടിലെ ഏറ്റവും വ്യാപകവും അവ്യാഖ്യേയവുമായ  സംഭവമാകുന്നു കൊറോണ എന്നു പറയാം. ആദിയിലുണ്ടായ പ്രളയത്തിലും ആഴിയുടെ അടിത്തട്ടിൽ ഉണ്ടായ പൊട്ടിത്തെറിയിലും വസൂരി ബാധയിലും വംശവൈരം തീർത്ത ഹത്യാവിനോദത്തിലും ഏകാധിപത്യത്തിന്റെ പീഡനത്തിലും ജനപദങളുടെ ഭാഗംവെപ്പിലും കൊറോണയേക്കാൾ എത്രയോ കൂടുതൽ ആളുകൾ മരണമടഞ്ഞിരിക്കാം. മരണത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം പോയിട്ട്, ഏഴാം സ്ഥാനം പോലും കൊറോണക്കു കിട്ടാത്ത മട്ടിലാണ് നമ്മുടെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി. വഴിയും വണ്ടിയും വാക്‌സിനും വൈദ്യനും ഇന്നത്തെ പോലെ ഇല്ലാതിരുന്ന ഇന്നലെകളിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടിരുന്നെങ്കിൽ എന്തായിരുന്നിരിക്കും സ്ഥിതി? വഴിയോരങളിൽ ആശ്ലേഷബദ്ധരായി ആളുകൾ ശ്വാസം മുട്ടി പിടഞ്ഞു വീഴുമായിരുന്നു. കൂട്ടംകൂടുന്നവരെയും അകന്നുനിൽക്കുന്നവരെയും കൊറോണ ഒരുപോലെ ഓടിച്ചിട്ട് പിടിക്കുമായിരുന്നു.
പക്ഷേ നമ്മുടെ പ്രകൃതി കൊറോണക്കുതിരയെ ശാസ്ത്രത്തിന്റെ കടിഞ്ഞാണിട്ടു നിർത്തി.


എന്നാലും മരണ ഹേതുവെന്ന നിലയിൽ ഒന്നാമത്തേതല്ലെങ്കിലും ചില ജീവിത രേഖകൾ നോക്കിയാൽ, കൊറോണ മനുഷ്യാനുഭവത്തിലെ ഏറ്റവും വലിയ ലോക സംഭവമാണെന്നു കരുതാം. ഇത്രയേറെ ജനങ്ങളെ ഇത്ര വേഗത്തിൽ ബാധിച്ച വേറൊരു ദുരന്തമില്ല.  നമ്മുടെ അനുഭവത്തിലുള്ള വെള്ളപ്പൊക്കം ചില പ്രദേശങളെ മാത്രമേ ബാധിച്ചുള്ളൂ. കടലിനടിയിലെ സുനാമിയായാലും ക്രാക്കത്തൂവയുടെ ക്രോധമായാലും നാം അധിവസിക്കുന്ന ഈ മൺപന്തിന്റെ ചില മൂലകളിലേ അനുഭവപ്പെട്ടുള്ളൂ. സ്റ്റാലിനും ഹിറ്റ്‌ലറും തുഗ്ലക്കും അവരുടെ കൊലക്കളിയുമായി അവിടവിടെ ഒതുങ്ങിക്കൂടി.  കൊറോണയാകട്ടെ, ആളും തരവും സ്ഥലവും നോക്കാതെ,


ഉഷ്ണമേഖലയിലും ശീതസരണിയിലും കിഴക്കും പടിഞ്ഞാറും, നമ്മൾ അതിനു കൊടുത്തിരിക്കുന്ന മഹാമാരി എന്ന നാമം അന്വർഥമാക്കുമാറ്, എവിടെയും മൂളി നടന്നു. മരണപ്പട്ടിക വലുതായില്ലെങ്കിലും ലക്ഷക്കണക്കിനാളുകൾ നിരീക്ഷണത്തിലായി. ലോകം ഒരു ആതുരാലയമായി.
ഇത്രയേറെ രാജ്യങ്ങളിൽ ഇത്രയേറെ ആളുകളെ ഇത്ര നേരം  ഭയചകിതരായി നാൽചുവരുകൾക്കുള്ളിൽ ഒതുക്കി നിർത്തിയ ചരിത്രവും ഭൂമിശാസ്ത്രവുമുണ്ടായിട്ടില്ല.  ആഘോഷിക്കാനോ ആശങ്കപ്പെടാനോ നഗരവീഥികൾ ഇത്ര വിജനമായ കാലമുണ്ടായിട്ടില്ല. 
ഇന്ത്യയുടെ 130 കോടി ജനസംഖ്യയിൽ മുക്കാൽ പങ്കും ജനത്തിന്റെ സാധാരണ വ്യാപാരത്തിൽനിന്ന് ഒഴിഞ്ഞു നിന്നു. അതും ഐതിഹാസികമായ ഒരു ലോകഗതിയാകുന്നു. ഇത്രയേറെ ജനകോടികളെ ഒരു നേതൃത്വത്തിൽ ഒറ്റ വാക്കിൽ നിശ്ചലമാക്കി കോർത്തിടുക.  എളുപ്പമല്ല ജനതതികളെ ഒരു ചരടിൽ കോർത്തിണക്കാൻ.
 കൊറോണയുടെ കാലത്താണെങ്കിലും അതു സാധിച്ച നേതൃത്വത്തിന് അഭിമാനിക്കാം. വിജയനും ശൈലജക്കും മോഡിക്കും ഒരേ ശ്വാസത്തിൽ നന്ദി പറയാം.    
 

Latest News