Sorry, you need to enable JavaScript to visit this website.

കാസർകോടിനോടുള്ള അവഗണനക്ക് അറുതി വേണം 

കർണാടക അതിർത്തി അടച്ചതിനാൽ ചികിത്സ ലഭിക്കാതെ കാസർകോട് ജില്ലയിലെ രണ്ടുപേർ മരണപ്പെട്ട വാർത്ത ഖേദകരം മാത്രമല്ല, നാമിനിയെങ്കിലും അഭിമുഖീകരിക്കേണ്ട ചില യാഥാർത്ഥ്യങ്ങളിലേക്ക് കൂടിയാണത് വിരൽ ചൂണ്ടുന്നത്. ചികിത്സക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അതിർത്തിയിൽ  ആംബുലൻസ് പോലും കർണാടക അധികൃതർ തടഞ്ഞത്. എത്ര അപേക്ഷിച്ചിട്ടും പല വഴിക്കും പോകാൻ സാധ്യമായില്ല. തുടർന്ന് സ്വാഭാവികമായും അതിർത്തികളില്ലാത്ത മരണം കടന്നു വരികയായിരുന്നു.
ഇത്തരമൊരു സമയത്താണെങ്കിൽ കൂടി തികച്ചും മനുഷ്യത്വ രഹിതമായ നടപടിയാണ് കർണാടകയിൽ നിന്നുണ്ടായതെന്നതിൽ സംശയമില്ല. അവശ്യവസ്തുക്കളുടെ സഞ്ചാരത്തിന് അതിർത്തികൾ തടസ്സമാകരുതെന്ന് പ്രധാനമന്ത്രി പോലും നിഷ്‌കർഷിച്ചിട്ടും ആംബുലൻസ് പോലും തടയുന്നത് ക്രൂരമായ നടപടിയാണ്. അതിനെ രൂക്ഷമായി വിമർശിക്കുമ്പോഴും മറ്റു ചില വിഷയങ്ങൾ കാണാതിരുന്നുകൂടാ. ഇപ്പോഴല്ലെങ്കിൽ അവ ചർച്ച ചെയ്യപ്പെടുകയില്ല. അതു മറ്റൊന്നുമല്ല, കേരളത്തെ കേന്ദ്രം അവഗണിക്കുന്ന വിഷയം നിരന്തരം ചർച്ച ചെയ്യുന്നവരാണ് നാം.

 

എന്നാൽ അതുപോലെ തന്നെയാണ് കേരളം കാസർകോടിനെ അവഗണിക്കുന്നതും. അങ്ങനെയാണ് സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക ജില്ലയായി കാസർകോട് മാറുന്നത്. പ്രത്യേകിച്ച് ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും. എൻഡോസൾഫാന്റെയും കോറോണയുടെയും മറ്റും പേരിൽ മാത്രമാണ്  കാസർകോട് വാർത്തകളിൽ വരിക. ചികിത്സയും വിദ്യാഭ്യാസവുമടക്കം എന്തിനും ഏതിനും മംഗലാപുരത്തെ ആശ്രയിക്കേണ്ട അവസ്ഥ. എൻഡോസൾഫാനു ശേഷം പോലും ഒരു മെഡിക്കൽ കോളേജ് ഇവിടെയില്ല. കാസർകോട് സ്വദേശിയായ 15 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് ആംബുലൻസ് തിരുവനന്തപുരത്തേക്കു പുറപ്പെട്ടതും ഇടക്ക് സർക്കാർ ഇടപെട്ട് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം അമൃതയിലേക്ക് കൊണ്ടുപോയതുമൊക്കെ വലിയ വാർത്തയായിരുന്നല്ലോ. പക്ഷേ ആഘോഷത്തിനിടയിൽ ഒരു ഹൃദയ ശസ്ത്രക്രിയക്കായി കേരളത്തിന്റെ വടക്കെ അറ്റത്തുനിന്നും തെക്കെ അറ്റംവരെ പോകേണ്ട അവസ്ഥയും അതിനായി ഒരു എയർ ആംബുലൻസ് പോലുമില്ലാത്തതും നമ്മളാരും അഭിമുഖീകരിച്ചില്ല. 


കാസർകോടിന്റെ പിന്നോക്കാവസ്ഥ ഇനിയെങ്കിലും നമ്മൾ അഭിമുഖീകരിച്ചേ പറ്റൂ. ഏതു മേഖലയെടുത്താലും അതാണ് അവസ്ഥ. റെയിൽവേയുടെ അവഗണന ഏറെ ചർച്ച ചെയ്തതാണ്. വികസനത്തിന്റെ എല്ലാ മേഖലകളും തങ്ങളെ അവഗണിക്കുകയാണെന്ന് കാസർകോട്ടുകാർ പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. അതുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും അവിടെ നടക്കാറുണ്ട്. എന്നാൽ മീഡിയയും അവയെ അവഗണിക്കുന്നതിനാൽ ആ വാർത്തകളും പുറത്തുള്ള കേരളം അറിയാറില്ല.  എൻഡോസൾഫാൻ ഇരകൾക്കു പോലും ദശകങ്ങളായിട്ടും നീതി കിട്ടിയില്ല. അവഗണനയോടൊപ്പം പരിഹാസവും നേരിടുന്ന സമൂഹമാണ് തങ്ങളുടേതെന്ന് ഇവിടത്തുകാർ പറയുന്നു. ഇവിടത്തെ ഉദ്യോഗസ്ഥരിൽ വലിയൊരു വിഭാഗം പണിഷ്മെന്റ് ട്രാൻസ്ഫർ ആയി വന്നവരാണ്. അവരിൽ നിന്ന് എന്തു നീതിയാണ് ഒരു സമൂഹത്തിനു ലഭിക്കുക? ഒരറ്റത്തു കിടക്കുന്നു എന്നതുകൊണ്ട് കുറ്റവാളികളായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള കാരണമാകുന്നതിന്റെ അർത്ഥവും ഇവർക്കു മനസ്സിലാകുന്നില്ല.


വിദ്യാഭ്യാസ മേഖലയിലെ കാസർകോടിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കണെമെങ്കിൽ ഏതെങ്കിലും ഒരു സർക്കാർ ഓഫീസിൽ പോയി നോക്കിയാൽ മതി. ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും തെക്കൻ ജില്ലക്കാരായിരിക്കും. ഇവരിൽ ബഹുഭൂരിപക്ഷത്തിനും ഇവിടെ ജോലി ചെയ്യാൻ താൽപര്യമില്ല. തരം കിട്ടിയാൽ ട്രാൻസ്ഫർ വാങ്ങി സ്ഥലം വിടുക മാത്രമാണ് അവരുടെ ലക്ഷ്യം. തിങ്കളാഴ്ചയും ശനിയാഴ്ചയുമൊന്നും മിക്കവാറും പേർ ഓഫീസിലുണ്ടാവില്ല. മാത്രമല്ല സംസാരിക്കുന്ന ഭാഷയുടെ പേരിൽ കാസർകോട്ടുകാർ പലപ്പോഴും ഉദ്യോഗസ്ഥരാൽ അപമാനിക്കപ്പെടുന്നു. മലയാളം പറയുന്നതിന്റെ ശൈലി മാത്രമല്ല പ്രശ്നം. ജില്ലയുടെ വടക്കു ഭാഗത്തുള്ളവരിൽ വലിയൊരു ഭാഗം കന്നഡ സംസാരിക്കുന്നവരാണ്. സർക്കാർ ഓഫീസുകളിൽ പോകുമ്പോൾ തങ്ങളുടെ ആവശ്യങ്ങൾ സാധിക്കാൻ വലിയ പാടാണെന്നു അവർ പറയുന്നു. അവരെയൊന്നും തുല്യതയോടെ കാണാൻ പോലും നമുക്കാവുന്നില്ല എന്നതാണ് വാസ്തവം. ഭാഷാ ന്യൂനപക്ഷ ജില്ലയായി പ്രഖ്യാപിച്ചിട്ടു പോലും ഇതാണവസ്ഥ.


കാർഷിക, വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രമായി വളരാനുള്ള വിഭവങ്ങളുടെ ആധിക്യം ഉണ്ടായിട്ടും, അധികൃതരുടെ നിസ്സംഗതയിൽ കാര്യമായൊന്നും സംഭവിക്കുന്നില്ല.  മറ്റു ജില്ലകളിലൊന്നും കണ്ടുവരാത്ത തരത്തിൽ കോട്ടകളാൽ സമ്പന്നമായ ജില്ലയാണ് കാസർകോട്. ഇക്കേരി നായ്ക്കൻമാർ പണി കഴിപ്പിച്ച ബേക്കൽ കോട്ടയാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ മുൻ പന്തിയിലെന്നിരിക്കിലും, ചന്ദ്രഗിരി കോട്ട, ആരിക്കാടി കോട്ട, ഹൊസ്ദുർഗ് കോട്ട, പൊവ്വൽ കോട്ട തുടങ്ങി വേറെയും കോട്ടകളുണ്ട്. എന്നാൽ ശ്രദ്ധ വേണ്ടത്ര ലഭിക്കാതെ കോട്ടമതിലിടിഞ്ഞും കാടുമൂടിയും നശിക്കുകയാണിവ. 
മലബാറിന്റെ ഊട്ടിയെന്ന് വിശേഷിപ്പിക്കാവുന്ന റാണിപുരം വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ ഇനിയും വളർന്നിട്ടില്ല. ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന മാടക്കാലും ഇടയിലക്കാടും ടൂറിസം രംഗത്ത് ജില്ലയുടെ മറ്റൊരു സാധ്യതയാണ്. രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലമായിരുന്ന മാടക്കാൽ തൂക്കുപാലം ഉദ്ഘാടനം കഴിഞ്ഞതിന്റെ അൻപത്തിയെട്ടാം നാൾ പൊളിഞ്ഞു വീണ ചരിത്രം പോലുമുണ്ട്. ഉത്തര കാസർകോടിന്റെ പ്രകൃതി രമണീയമായ മറ്റൊരു പ്രദേശമാണ് പൊസടി ഗുംപെ മലനിരകൾ, അച്ചാംതുരുത്തി, നെല്ലിക്കുന്ന് ബീച്ച് തുടങ്ങിയവ. അവയും വികസിക്കുന്നില്ല. 

 

ഗ്രാമങ്ങളിൽ നല്ലൊരു ശതമാനവും കാർഷിക ഗ്രാമങ്ങളാണ്. പരമ്പരാഗതമായ രീതിയിൽ നെല്ല്, തെങ്ങ്, കവുങ്ങ്, റബർ, കാപ്പി, കുരുമുളക്, കന്നുകാലി വളർത്തൽ തുടങ്ങി വിവിധ കൃഷികളിൽ നല്ലൊരു ശതമാനം ആളുകളുണ്ടായിരുന്നിട്ടും ഈ വിഭവങ്ങളെ ഫലവത്തായ രീതിയിൽ ഇപയോഗിക്കാൻ ഇന്നും ജില്ലക്കായിട്ടില്ല. ഈ മേഖലയിലും സർക്കാർ കാണിക്കുന്ന അലംഭാവമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. മംഗലാപുരം നഗരമാണ് വാസ്തവത്തിൽ ഇവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നതെന്നു പറയാം. ആ സാധ്യതയാണ് ഇപ്പോൾ നഷ്ടപ്പെടുന്നത്.

പലരും പലപ്പോഴായി ഉന്നയിച്ചിട്ടുള്ള ഒരു വിഷയം ഇപ്പോഴെങ്കിലും പരിഗണിക്കേണ്ടതാണ്. നീണ്ടകിടക്കുന്ന കേരളത്തിന്റെ ഒരറ്റത്താണല്ലോ തലസ്ഥാനം നിലനിൽക്കുന്നത്. ഇന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന അസമത്വത്തിന് ഇതും കാരണമാണ്. വടക്കെ അറ്റത്തുള്ള കാസർകോട് സ്വാഭാവികമായും ഏറ്റവും അവഗണിക്കപ്പെടും. ഈ അവസ്ഥ മാറണം. തലസ്ഥാനം മാറ്റുക എളുപ്പമല്ല. സമീപ ജില്ലകളിലെ ജനങ്ങളുടെയും ഭരണകൂട സംവിധാനങ്ങളുടെയും ആവശ്യങ്ങൾ ഈ മേഖലാ സംവിധാനങ്ങളിൽ നിർവഹിക്കാനാകണം. തെലങ്കാന രൂപീകരണത്തിനു ശേഷം ആന്ധ്രപ്രദേശ് സംസ്ഥാനം ഇത്തരത്തിൽ മൂന്നു തലസ്ഥാനങ്ങളാണ് നിർമിക്കുന്നതെന്ന വാർത്ത കണ്ടിരുന്നു. കേരളത്തിൽ തന്നെ കോർപറേഷനുകൾക്ക് മേഖലാ ഓഫീസുകൾ ഉണ്ടല്ലോ. അത്തരമൊരു സംവിധാനത്തിന്റെ രൂപീകരണത്തിനും ഈ സാഹചര്യം പ്രചോദനമാവുകയാണ് വേണ്ടത്. 
 

Latest News