റഷ്യയില്‍ പുതിയ കോവിഡ് ബാധിതരില്‍ പകുതിയും യുവാക്കള്‍

മോസ്കോ- റഷ്യയില്‍ പുതുതായി കോവിഡ് 19 രോഗം ബാധിച്ചവരില്‍ പകുതിയോളം പേരും യുവാക്കളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ച കേസുകളിൽ പകുതിയും 40 വയസ്സിന് താഴെയുള്ളവരാണെന്ന് മോസ്കോ രോഗനിയന്ത്രണ അതോറിറ്റിയുടെ കണക്കുകള്‍ വ്യകക്തമാക്കുന്നു. തലസ്ഥാനത്ത് പുതുതായി രേഖപ്പെടുത്തിയ 212 കേസുകളിൽ 102 പേർ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്, 58 പേർ 40 നും 65 നും ഇടയിലാണ്. 17 പേര്‍ കുട്ടികളാണെന്നും ആരോഗ്യ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പുതിയ രോഗബാധിതരില്‍ 43 പേര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരാണ്.

പ്രായമായ ആളുകളേക്കാൾ ചെറുപ്പക്കാർക്ക് കോവിഡ് 19 രോഗം വരാനുള്ള സാധ്യത കുറവാണെന്ന അഭിപ്രായ പ്രകടനങ്ങള്‍ക്കിടേയാണ് റഷ്യയില്‍നിന്ന് വിപരീതമായ വാര്‍ത്തകള്‍ പുറത്തുവരുന്നത്. പുതുതായി രോഗം പിടിപെട്ട യുവാക്കളില്‍ ഏറെപേര്‍ക്കും രോഗം ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്താല്‍ കൃത്രിമ ശ്വാസകോശം നല്‍കുകയാണെന്നും റഷ്യാ റ്റുടേ  റിപ്പോര്‍ട്ട് ചെയ്യുന്നു.
  
റഷ്യയിൽ തിങ്കളാഴ്ച 302 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്താകമാനം 1,836 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ഒമ്പതുപേര്‍ മരണപ്പെട്ടു.

Latest News