ലണ്ടനില്‍നിന്ന് പ്രത്യേക വിമാനമെന്ന് വ്യാജസന്ദേശം; ഒടുവില്‍ മാപ്പ് പറഞ്ഞ് കണ്ണന്താനം

ന്യൂദല്‍ഹി- സോഷ്യല്‍മീഡിയ വഴി വ്യാജസന്ദേശം പ്രചരിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബി‌ജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ലണ്ടനിലുള്ള ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നായിരുന്നു കണ്ണന്താനത്തിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. ഈതേതുടര്‍ന്ന് നിരവധി പേർ ലണ്ടനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും  ഇതൊരു വ്യാജവാർത്തയാണെന്നായിരുന്നു ലണ്ടനിലെ ഇന്ത്യൻ ഹെെക്കമ്മീഷണറുടെ പ്രതികരണം. പ്രവാസി ഇന്ത്യക്കാര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചുതുടങ്ങിയതോടെ കണ്ണന്താനം ഖേദപ്രകടനം നടത്തുകയായിരുന്നു.

താൻ അംഗമായ ഒരു ഐഎഎസ് ഗ്രൂപ്പിൽ ഒരു മുൻ ഗവൺമെന്റ് സെക്രട്ടറിയും ഇപ്പോഴും ഗവണ്‍മെന്റ് സര്‍വീസില്‍ തുടരുന്നതുമായ ഒരു വ്യക്തി ഷെയര്‍ചെയ്ത സന്ദേശം അദ്ദേഹവുമായി നേരിട്ട് ചോദിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് കണ്ണന്താനം പറയുന്നു.

"ഇത്തരം കാര്യങ്ങളെകുറിച്ച് അറിയാന്‍ കഴിയുന്ന പരിചയസമ്പന്നനായ ഒരാളില്‍നിന്നുള്ള വിവരങ്ങള്‍ വിശ്വസനീയമാണെന്ന് ഞാൻ കരുതി. ലണ്ടനിൽ കുടുങ്ങിക്കിടക്കുന്ന ധാരാളംപേര്‍ക്ക് തെറ്റായ പ്രതീക്ഷ നൽകി ഇത് പോസ്റ്റുചെയ്തതിൽ ഞാൻ ഖേദിക്കുന്നു. തെറ്റുപറ്റാവുന്ന ഒരു മനുഷ്യനാണ് താനും. ഒരിക്കൽ കൂടി എന്റെ ആത്മാർത്ഥമായ ക്ഷമാപണം" അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ താന്‍ ഞാൻ വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ടു ലണ്ടനിലുള്ളവരെ ഒഴിപ്പിക്കാന്‍ വിമാനം ഏര്‍പ്പാടാക്കാന്‍ ആവ്യപ്പെട്ടിരുന്നതായും ഇപ്പോൾ ഇത് സാധ്യമല്ലെന്നും ഏപ്രിൽ 14 ന് ശേഷം മാത്രമേ അവലോകനം നടത്തുകയുള്ളൂവെന്ന് മന്ത്രി പ്രതികരിച്ചെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.
 

Latest News