ന്യൂയോർക്ക്- അമേരിക്കയിൽ കൊറോണ വൈറസ് കൂടുതൽ പിടിമുറുക്കുമെന്ന വിദഗ്ദാഭിപ്രായങ്ങൾക്കിടെ ലോക്ക്ഡൗൺ ഒരുമാസം കൂടി നീട്ടി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. കൊറോണ വൈറസ് അതിന്റെ കൂടുതൽ രൗദ്രഭാവം അടുത്ത ദിവസങ്ങളിൽ പുറത്തെടുക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. കൂടുതൽ നടപടികൾ എടുത്തില്ലെങ്കിൽ ഇരുപത് ലക്ഷത്തോളം ആളുകൾ അമേരിക്കയിൽ മരിക്കുമെന്ന് ഡോക്ടർമാർ അടക്കം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇരുപത് ലക്ഷമാകുമായിരുന്ന മരണം തന്റെ കടുത്ത നടപടികൾ മൂലം മരണം ഒരു ലക്ഷമാക്കി ചുരുക്കാൻ കഴിയുമെന്നും അത് വലിയ നേട്ടമാണെന്നും ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് വിചിത്രമായ അവകാശവാദം നടത്തിയത്. ജൂൺ ഒന്ന് ആകുമ്പോഴേക്കും അമേരിക്ക സാധാരണ നിലയിലാകുമെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. ഏപ്രിൽ മുപ്പത് വരെ സാമൂഹിക അകലം പാലിക്കാനും ട്രംപ് നിർദ്ദേശിച്ചു.