റിയാദ് - സൗദി എയർലൈൻസിന്റെ യാത്രാ വിമാനങ്ങൾ ഇനി മുതൽ ചരക്ക് നീക്കത്തിനും ഉപയോഗിക്കുമെന്ന് സൗദിയ അറിയിച്ചു. ആഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ അനിശ്ചിതമായി നീട്ടിയതിനെ തുടർന്നാണ് കമ്പനിയുടെ പുതിയ തീരുമാനം.
നിലവിൽ യാത്രക്കും ചരക്ക് നീക്കത്തിനും സൗദിയ ഗ്രൂപ്പിന് കീഴിൽ രണ്ടു കമ്പനികളാണ് പ്രവർത്തിക്കുന്നത്. യാത്രാ വിമാനങ്ങൾ കൂടി ലോജിസ്റ്റിക് സേവനത്തിലേക്ക് മാറ്റുന്നതോടെ വിവിധ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം ദ്രുതഗതിയിലാവും. മാത്രമല്ല, സർവീസുകൾ നിർത്തിവെച്ചതിനാലുള്ള സാമ്പത്തിക നഷ്ടം കുറച്ച് പുരോഗതി കൈവരിക്കാനുമാകുമെന്നും സൗദി എയർലൈൻസ് എയർ ട്രാൻസ്‌പോർട്ട് വിഭാഗം സി.ഇ.ഒ ക്യാപ്റ്റൻ ഇബ്രാഹീം ബിൻ സൽമാൻ അൽകശി അഭിപ്രായപ്പെട്ടു.
അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്താനുമാകും. നിലവിൽ ഏതാനും രാജ്യങ്ങളുമായി ചരക്ക് വിമാന സർവീസുണ്ടെങ്കിലും യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളുമായി കൂടുതൽ സർവീസുകൾ തുടങ്ങാനിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
പുതിയ തീരുമാനം വഴി രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കം സുഗമമാവുമെന്ന് സൗദി എയർലൈൻസ് കാർഗോ വിഭാഗം സി.ഇ.ഒ ഉമർ ബിൻ തലാൽ ഹരീരി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ യാത്രാ വിമാനങ്ങൾ ചരക്ക് നീക്കത്തിന് ഉപയോഗിച്ചു വരുന്നുണ്ട്. യാത്രാ സർവീസുകൾ അനന്തമായി നീട്ടിയതിലുള്ള സാമ്പത്തിക ഭാരം ഇതുവഴി ഏറെക്കുറെ കുറച്ചുകൊണ്ടുവരാനാവും. നിലവിൽ യൂറോപ്പ്, അമേരിക്ക, ഏഷ്യ, ആഫ്രിക്കൻ മാർക്കറ്റുകളുമായി ബന്ധപ്പെട്ട് സൗദി കാർഗോ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഫ്രാങ്ക്ഫർട്ട്, ലീജ്, ആംസ്റ്റർഡാം, ന്യൂയോർക്ക്, ഹോങ്കോംഗ്, ഡാക്ക, നൈറോബി, അഡിസ് അബാബ എന്നിവിടങ്ങളിൽ സൗദി എയർലൈൻസ് കാർഗോ വിമാനങ്ങൾക്ക് സ്‌േറ്റഷനുകളുണ്ട്. ഇവ ഇപ്പോഴും കൃത്യസമയത്ത് സർവീസ് നടത്തുന്നു.