Sorry, you need to enable JavaScript to visit this website.

കർഫ്യൂ സമയം റോഡുകൾ മിനുക്കാനൊരുങ്ങി റിയാദ് നഗരസഭ

റിയാദ് - ആളും ആരവവും ഒഴിഞ്ഞ കർഫ്യൂ സമയം റോഡുകൾ മിനുക്കാനൊരുങ്ങി റിയാദ് നഗരസഭ. റോഡ് ടാറിംഗ് നടത്തിയും ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കിയും കഴിഞ്ഞ ദിവസം റിയാദ് നഗരസഭാ അധികൃതർ സജീവമായി. പ്രധാന നിരത്തുകളും സർവീസ് റോഡുകളും അണുനശീരകരണ പ്രവൃത്തികളും ഈ സമയത്താണ് നടത്തുന്നത്. 
വൈകുന്നേരം മുന്നു മുതൽ രാവിലെ ആറു മണി വരെയാണ് റിയാദിലെ കർഫ്യൂ സമയം.
നിരത്തുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങൾക്ക് മേൽ നേരത്തെ മുന്നറിയിപ്പ് സ്റ്റിക്കറൊട്ടിച്ചിരുന്നു. വാഹനം മാറ്റി റോഡ് കാലിയാക്കണമെന്നതായിരുന്നു നിർദേശം. ഇത്തരം വാഹനങ്ങളാണ് വീഞ്ചുകളുപയോഗിച്ച് മാറ്റിക്കൊണ്ടിരിക്കുന്നത്. നഗരത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിലാണ് ഇവ നിക്ഷേപിക്കുന്നത്. 


വിവിധ ഭാഗങ്ങളിൽ റോഡുകളുടെ ടാറിംഗ് പണികളും പുരോഗമിക്കുകയാണ്. നേരത്തെയുള്ളതു പോലെ ട്രാഫിക് നിയന്ത്രണമോ വാഹനങ്ങൾ വഴിതിരിച്ചുവിടുകയോ ഈ സമയത്ത് ആവശ്യമില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രം 6160 മീറ്റർ നീളത്തിൽ 44,200 ചതുരക്ര മീറ്റർ ഭാഗമാണ് ടാർ ചെയ്തത്. ജോലി ആവശ്യാർഥം തൊഴിലാളികൾക്ക് പുറത്തിറങ്ങനുള്ള രേഖകൾ കമ്പനികൾ നേരത്തെ തന്നെ സംഘടിപ്പിച്ചിരുന്നു.


മലാസ്, നോർത്ത് റിയാദ്, ഉലയ്യ, മഅദർ, അർഖ, റൗദ, ബത്ഹ, ശുമൈസി, നസീം, ശിഫ, സുലൈ, അസീസിയ, നമാർ ബലദിയകളുടെ നേതൃത്വത്തിലാണ് റോഡ് ശുചീകരണവും അണുനശീകരണവും നടക്കുന്നത്. അണുനശീകരണ ലോറികൾ നിരനിരയായാണ് കർഫ്യൂ സമയത്ത് റോഡുകളിലെത്തുന്നത്. 
പകൽ സമയങ്ങളിൽ അനധികൃതമായി തുറന്ന കടകൾ അടപ്പിക്കാനും സൂപ്പർ മാർക്കറ്റുകളും ബഖാലകളും നിരീക്ഷിക്കാനും ഉദ്യോഗസ്ഥർ രംഗത്തുണ്ടാവും.റിയാദിലെ റോഡുകളിൽ ഉപേക്ഷിക്കപ്പെട്ട കാറുകൾ നഗരസഭ നീക്കം ചെയ്യുന്നു. വലത്ത്: കർഫ്യൂ സമയത്ത് റോഡുകൾ നവീകരിക്കുന്നു.


 

Latest News