Sorry, you need to enable JavaScript to visit this website.

104 കാരി മറിയ,  ഈ ഹജിലെ വിശിഷ്ടാതിഥി

ഏറ്റവും പ്രായം കൂടിയ തീർഥാടകയായ മറിയ മർഗാനി മുഹമ്മദ്. 

മക്ക - ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ഹജ് തീർഥാടകരുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ തീർഥാടകയായ ഇന്തോനേഷ്യക്കാരി മറിയ മർഗാനി മുഹമ്മദിനെ സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയത്തിനു കീഴിലെ വിശിഷ്ടാതിഥിയായി ഏറ്റെടുത്തു. പ്രായക്കൂടുതൽ കണക്കിലെടുത്ത് പ്രത്യേക പരിചരണവും മികച്ച സേവനങ്ങളും ഉറപ്പുവരുത്തുന്നതിനാണ് 104 വയസുകാരിയെ സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയത്തിനു കീഴിലെ അതിഥികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് വകുപ്പ് മന്ത്രി ഡോ. അവാദ് അൽഅവാദ് നിർദേശം നൽകിയത്. 


ബന്ധുക്കൾ ഒപ്പമില്ലാത്തതിനാൽ അയൽവാസികളായ ദമ്പതികൾക്കൊപ്പമാണ് മറിയ ഹജിനെത്തിയിരിക്കുന്നത്. സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയത്തിനു കീഴിലെ അതിഥിയായി തെരഞ്ഞെടുത്തെങ്കിലും ഈ വാഗ്ദാനം സ്വീകരിക്കുന്നതിന് മറിയ കൂട്ടാക്കിയില്ല. ഹജ് യാത്രയിൽ ഉടനീളം പരിചരിക്കാമെന്ന് ഉറപ്പുനൽകി തന്നെ കൂടെ കൂട്ടിയ അയൽവാസികളെ പിരിയുന്നതിനുള്ള വൈമനസ്യമായിരുന്നു ഇതിന് കാരണം. ഇതറിഞ്ഞ സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി മറിയയുടെ അയൽവാസികളായ ദമ്പതികളെയും മന്ത്രാലയത്തിന്റെ വിശിഷ്ടാതിഥികളിൽ ഉൾപ്പെടുത്തുന്നതിന് നിർദേശം നൽകി. മാനസികവും ശാരീരികവുമായ പരിചരണം ലഭ്യമാക്കുന്നതിന് ശ്രമിച്ചും അയൽവാസികൾക്കൊപ്പം കഴിയുന്നതിനുള്ള ആഗ്രഹം കണക്കിലെടുത്തുമാണ് മറിയക്കൊപ്പം അയൽവാസികളെയും മന്ത്രാലയത്തിന്റെ അതിഥികളിൽ ഉൾപ്പെടുത്തുന്നതിന് മന്ത്രി നിർദേശിച്ചത്. 


 

Latest News