കമ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പ്  തദ്ദേശ സ്ഥാപനങ്ങളെ വലയ്ക്കുന്നു    

കൊണ്ടോട്ടി- ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നവരെ സഹായക്കാൻ ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പിനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമം തദ്ദേശ സ്ഥാപനങ്ങളെ വലയ്ക്കുന്നു. കുടംബശ്രീക്കാണ് ഭക്ഷണം തയാറാക്കൽ, വിതരണം എന്നിവയുടെ ചുമതല. ഇതിനുള്ള ഫണ്ട് സ്‌പോൺഷിപ്പിലൂടെ കണ്ടെത്താനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. നിലവിലെ സാഹചര്യത്തിൽ ഇത് കടുത്ത വെല്ലുവിളിയാണ്. 
കിച്ചൺ പ്രവർത്തനത്തിന് അര ലക്ഷം രൂപ കുടുംബശ്രീ മുഖേനെ ലഭ്യമാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ തനത് ഫണ്ടിൽനിന്ന് കണ്ടെത്താനാണ് നിർദേശമെങ്കിലും ഇതിനും പരിമിതികളുണ്ട്.
ഭക്ഷണ വിതരണത്തിനുള്ള അരി സ്‌കൂളുകളിൽ ബാക്കി വന്നവയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇവ കഴിയുന്നതോടെ അടുത്ത റേഷൻ ഡിപ്പോയിൽനിന്ന് ഒരു കിലോ അരി 10 രൂപ 90 പൈസ നിരക്കിലും, പലവ്യജ്ഞനങ്ങളും പച്ചക്കറികളും സപ്ലൈക്കോ, ഹോർട്ടികോർപ്പ് സ്ഥാപനങ്ങളിൽനിന്നും വാങ്ങാനാണ് നിർദേശിച്ചിരിക്കുന്നത്. സംഘകൃഷി ഗ്രൂപ്പുകൾ, പ്രാദേശിക കർഷകർ, കുടുംബശ്രീ സംരഭക യൂനിറ്റുകൾ എന്നിവയിൽനിന്ന് പച്ചക്കറി വാങ്ങാനുള്ള അനുമതിയുണ്ടെങ്കിലും ഇവ കൃത്യമായ പരിശോധനക്ക് ശേഷം ഉപയോഗിക്കനാണ് നിർദേശിച്ചിരിക്കുന്നത്. അരിക്കും പലവിജ്ഞന ങ്ങൾക്കുമായി കനത്ത ചിലവാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ളത്.


ഭക്ഷണ വിതരണത്തിലെ ധൂർത്തൊഴിവാക്കാൻ ഭക്ഷണം നൽകേണ്ടവരുടെ പ്രത്യേക ലിസ്റ്റ് തയാറാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. നിർധനർ, അഗതി കുടുംബങ്ങൾ, കിടപ്പു രോഗികൾ, ഭിക്ഷാടകർ എന്നിവർക്കാണ് ഭക്ഷണം നൽകാൻ നിർദേശിച്ചിരിക്കുന്നത്. ഇവരൊഴികെ മറ്റുള്ളവർക്ക് 20 രൂപ നിരക്കിൽ ഭക്ഷം നൽകാമെന്നും, ഇവർക്ക് വീടുകളിൽ എത്തിക്കുന്നതിന് ഒരു ഭക്ഷണ പൊതിക്ക് അഞ്ച് രൂപ അധികവും വാങ്ങാനും അനുമതി നൽകിയിയിട്ടുണ്ട്. മറ്റു ഏജൻസികൾ സ്‌പോൺസർ ചെയ്യുന്ന സ്ഥലത്തേക്ക് വീണ്ടും ഭക്ഷണം നൽകേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്.
കമ്യൂണിറ്റി കിച്ചണിൽ ഭക്ഷണം പാകം ചെയ്യുന്നിടത്ത് വിളമ്പുന്നതിനും കഴിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷണം കഴിക്കാൻ വരുന്നവർ, വിളമ്പുന്നവർ, കിച്ചൺ സംഘടാകർ എന്നിവർ അടുക്കള വശത്തുനിന്ന് ഭക്ഷണം നൽകന്നതും വിതരണം ചെയ്യുന്നതും നിർത്തലാക്കിയത്.

 

Latest News