കേരളത്തിൽ കോവിഡ് സാമൂഹ്യ വ്യാപനത്തിന് സാധ്യത -കെ.ജി.എം.ഒ 

  • ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം; സർക്കാർ തീരുമാനത്തിനെതിരെ ഐ.എം.എ

തിരുവനന്തപുരം- ആൽക്കഹോൾ വിഡ്രോവൽ അഥവാ പിൻവാങ്ങൽ ലക്ഷണമുള്ളവർക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നൽകുവാനുള്ള സർക്കാർ തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 
പിൻവാങ്ങൽ ലക്ഷണമുള്ളവർക്ക് ശാസ്ത്രീയ ചികിത്സയാണ് നൽകേണ്ടത്. വീടുകളിലോ, ആശുപത്രികളിൽ അഡ്മിറ്റ് ചെയ്‌തോ മരുന്നു നൽകി ചികിത്സിക്കാം. അതിനു പകരം ഇത്തരം ആളുകൾക്ക് മദ്യം നൽകുന്നത് ശാസ്ത്രീയമായി അംഗീകരിക്കാനാവില്ല. അതോടൊ പ്പം ഇത്തരം മദ്യം നൽകുന്നതിനുള്ള കുറിപ്പടി നൽകുന്നതിനുള്ള നിയമപരമായ ബാധ്യതയും ഡോക്ടർമാർക്കില്ല. മദ്യ കുറിപ്പടി എഴുതി നൽകുന്നത് വഴി ചികിത്സിക്കാനുള്ള അവകാശമായ ലൈസൻസ് വരെ റദ്ദ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ശാസ്ത്രീയമായ ചികിത്സ രീതികളാണ് ഇത്തരം പിൻവാങ്ങൽ ലക്ഷണമുള്ളവർക്ക് നല്ലത്. മറ്റ് മാർഗങ്ങൾ അവലംബിക്കുന്നത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ സഹായിക്കുകയുള്ളൂ. ഈ നിർദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ഐ.എം.എ അറിയി ച്ചു. 
അതേസമയം സംസ്ഥാനത്ത് കൊവിഡ് സമൂഹ്യ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കെ.ജി.എം.ഒ മുന്നറിയിപ്പ് നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ജലദോഷം, പനി എന്നിവ ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് സൂചനയായി കാണണം. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും കെ.ജി.എം.ഒ ആവശ്യപ്പെട്ടു.

 

Latest News