ചൈന സാധാരണ നിലയിലേക്ക്; ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

ബീജിംഗ്- ആഗോളവ്യാപകമായി പടര്‍ന്നുപ്ടിച്ച കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു. വൈറസ് വ്യാപനത്തിനെതിരെ ചൈനീസ് ജനതയുടെ പോരാട്ടം ലക്ഷ്യം കൈവരിച്ചതാണ് വിലക്കുകള്‍ നീക്കാന്‍ കാരണമായത്. പ്രഭവ കേന്ദ്രമായ വുഹാന് ഒഴിയെയുള്ള എല്ലാ നഗരങ്ങളിലും ചൈന ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചു. വുഹാനില്‍ ഏപ്രിൽ 8 മുതൽ വിമാന സർവീസ് ആരംഭിക്കും.

കോവിഡ് 19 മഹാമാരി കാരണം രണ്ടുമാസ്ത്തിലേറെയായി നിശ്ചലമായ നഗരങ്ങള്‍ പതിയെ സാധാരണ കൈവരിക്കുന്നതിന്റെ സൂചനയാണ് ചൈനയില്‍നിന്ന് ലഭിക്കുന്നത്. പ്രധാന നഗരങ്ങള്‍ക്കൊപ്പം പ്രാദേശിക വാഹന ഗതാഗതവും ചൈന പുനരാരംഭിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒടുവില്‍ കൊറോണ കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞത് ഇപ്പോള്‍ മഹാമാരിക്ക് എതിരെ പൊരുതുന്ന ഇതര രാഷ്ട്രങ്ങള്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. 

ഇതുവരെ 81,439 പേര്‍ക്കാണ് ചൈനയില്‍ കോവിഡ് 19 ബാധിച്ചത്. ഇതിൽ 3,300 പേർ മരിച്ചു, 2,691 രോഗികൾ ഇപ്പോഴും ചികിത്സയിലാണ്, 75,448 പേർ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്ന് അരോഗ്യവിഭാഗം അറിയിച്ചു.

Latest News