ന്യൂഡല്‍ഹി- ധോക്‌ലാമിലെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്തോ തിബറ്റന്‍ അതിര്‍ത്തി പോലീസ് (ഐടിബിപി) പടയാളികള്‍ക്ക് ചൈനീസ് ഭാഷയായ മന്ദാരിന്‍ പഠനം നിര്‍ബന്ധമാക്കി. മന്ദാരിനു പുറമെ തിബറ്റില്‍ സംസാരിക്കുന്ന ഭാഷാവകഭേദവും ഐടിബിപി സേനാംഗങ്ങള്‍ ഇനി പഠിച്ചിരിക്കണം. പുതുതായി സേനയിലെത്തുന്നവര്‍ക്ക് നല്‍കുന്ന ഒരു വര്‍ഷത്തെ പരിശീലനത്തിന്റെ ഭാഗമായി ഇനി ചൈനീസ് ഭാഷ പഠനവും ഉണ്ടാകുമെന്ന് മുതിര്‍ന്ന ഐടിബിപി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചൈനീസ് അതിര്‍ത്തിയിലേക്കു മാത്രമായുള്ള സേനയാണ് ഐടിബിപി. സേനയിലെ എല്ലാ അംഗങ്ങളും ചൈനീസ് ഭാഷ അറിഞ്ഞിരിക്കുക എന്നത് ഒരു മുന്‍കകരുതല്‍ മാത്രമാണ്. 'ദിവസവും ചൈനീസ് സൈനികരുമായി ഞങ്ങള്‍ ഇടപഴകുന്നുണ്ട്. അവരുടെ ഭാഷയിലുള്ള അറിവ് ആശയവിനിമയത്തിലെ തെറ്റിദ്ധാരണകളെ ഒഴിവാക്കാനും അതിര്‍ത്തിയില്‍ നിന്നുയര്‍ന്നേക്കാവുന്ന പരസ്പര പോര് ഇല്ലാതാക്കാനും സഹായിക്കും,' ഓഫീസര്‍ പറഞ്ഞു.
3,488 കിലോമീറ്റര്‍ വരുന്ന ഇന്തോ ചൈന അതിര്‍ത്തിയില്‍ വിന്യസിച്ച 90,000 പടയാളികളുടെ അംഗബലമുള്ള സേനയില്‍ ഇപ്പോള്‍ ചൈനീസ് ഭാഷ അറിയുന്നവര്‍ 150-ഓളം പേര്‍ മാത്രമെ ഉള്ളൂ. ഇവരില്‍ ഭൂരിപക്ഷം പേരും സേനയിലെത്തിയ ശേഷം ആര്‍മി ട്രൈനിംഗ് അക്കാദമികളില്‍ നിന്നോ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നോ ഭാഷ പഠിച്ചവരാണ്. സേനയിലുള്ളവര്‍ക്കെല്ലാം അടിസ്ഥാന ആശയവിനിമയം സാധ്യമാക്കുന്ന ഭാഷാ അറിവ് നല്‍കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇതുവഴി ചൈനയുടെ പീപ്പ്ള്‍സ് ലിബറേഷന്‍ ആര്‍മി പടയാളികളുമായി ആശയവിനിമയം എളുപ്പമാകുമെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.