Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 49 ദിവസത്തെ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് കാംബ്രിഡ്ജ് സര്‍വകലാശാലാ പഠനം

ന്യൂദല്‍ഹി: കോവിഡ് 19 വ്യാപനം തടയാന്‍ ഇന്ത്യയില്‍ 49 ദിവസത്തെ ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്ന് കാംബ്രിഡ്ജ് സര്‍വകലാശാലയുടെ പഠനം. സർവകലാശാലയിലെ ഇന്ത്യന്‍ വംശജരായ രണ്ട് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കൊറോണ മഹാമാരി തടയാന്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ മതിയാവില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നത്.

അപ്ലൈഡ് മാത്തമാറ്റിക്‌സ് ആന്‍ഡ് തിയററ്റിക്കല്‍ ഫിസിക്‌സ് വകുപ്പിലെ റണോജോയ് അധികാരി, രാജേഷ് സിങ് എന്നിവരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 21 ദിവസംകൊണ്ട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചാല്‍ കോവിഡ് 19ന്റെ പുനരുജ്ജീവനത്തിന് സാദ്ധ്യതയുണ്ട് എന്ന് ഇവര്‍ പറയുന്നു.

'സാമൂഹിക ബന്ധങ്ങളുടെ ഘടനയാണ് വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്നത്. വാക്‌സിനുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ച് ഇത്തരം ഘടനകള്‍ ഇല്ലാതാക്കുക മാത്രമാണ് പോംവഴി. മൂന്ന് ആഴ്ചത്തെ ലോക്ക് ഡൗണ്‍ മതിയായിരിക്കില്ല എന്നതാണ് ഞങ്ങളുടെ അനുമാനം. അത് വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കുമെങ്കിലും കൊറോണ ബാധ പൂര്‍ണമായി തടയാന്‍ അതു മതിയാകില്ല' ഇരുവരും വ്യക്തമാക്കി.

ഇന്ത്യൻ ജനസംഖ്യയുടെ പ്രായവും സാമൂഹിക സമ്പർക്ക ഘടനയും പരിഗണിച്ച് ലോക്ക്ഡൗണ്‍ കാലയളവില്‍ അതിന്റെ കാര്യക്ഷമതയെ കുറിച്ചായിരുന്നു പഠനം. ഓപ്പൺ ആക്‌സസ് പ്രീപ്രിന്റ് ശേഖരമായ ആർക്‌സിവിൽ(ArXiv) പ്രസിദ്ധീകരിച്ച  'ഇന്ത്യയിലെ കോവിഡ് -19 പകർച്ചവ്യാധിയെ ബാധിക്കുന്ന സാമൂഹിക അകലത്തിന്റെ പ്രായ-ഘടനാപരമായ സ്വാധീനം' എന്ന പേപ്പർ ഇനിയും സമഗ്ര അവലോകനത്തിന് വിധേയമാക്കിയിട്ടില്ല.

Latest News