കോട്ടയം- ലോക്ഡൗണ്‍ കാരണം സമയം നോക്കാതെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് പരിഹരിക്കേണ്ട പ്രശ്‌നങ്ങളെന്തൊക്കെ? അവശയായ തത്തമ്മക്കു മരുന്നു വാങ്ങി നല്‍കാനും തിരക്കിനിടയില്‍ ഈരാറ്റുപേട്ട പോലീസ് കഴിഞ്ഞ ദിവസം സമയം കണ്ടെത്തി.
തീക്കോയി മേസ്തിരിപ്പടി സ്വദേശി അഷ്‌കറിന്റെ തത്തയ്ക്കാണ് എസ്.ഐ എം.എച്ച് അനുരാജ് തുണയായത്.
ലോക്ഡൗണ്‍ പരിശോധനക്കിടെ തീക്കോയില്‍ വച്ചാണ് അഷ്‌കര്‍ സഞ്ചരിച്ചിരുന്ന ഓട്ടോക്ക് അനുരാജ് ഉള്‍പ്പെടുന്ന പോലീസ് സംഘം കൈ കാണിച്ചത്. ഓട്ടോയില്‍ തത്തക്കു മരുന്നു വാങ്ങാന്‍ പോയ അഷ്‌കറിനോടു വിവരം തിരക്കി. തീക്കോയിയില്‍ മൃഗാശുപത്രി തുറന്നിരുന്നില്ല.
എസ്.ഐ ഈരാറ്റുപേട്ട നഗരസഭയിലെ ഹെല്‍പ് ഡസ്‌കുമായി ബന്ധപ്പെട്ടു. ഈരാറ്റുപേട്ടയിലെ മൃഗാശുപത്രിയില്‍ പൊലീസ് വാഹനത്തില്‍ എത്തിച്ച് മരുന്നു നല്‍കി. തിരികെ തീക്കോയിയില്‍ വിട്ടു. ഒന്നര മാസം മുന്‍പാണ് പറക്കമുറ്റാത്ത തത്തയെ അഷ്‌കറിനു ലഭിക്കുന്നത്.






