കാല്‍ ലക്ഷം ദിവസവേതനക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് സല്‍മാന്‍ ഖാന്‍


മുംബൈ-  ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സിനിമാമേഖലയിലെ 25000 ദിവസവേതനക്കാര്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യത്ത് കൊറോണ ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റ് മേഖലകളെ പോലെ തന്നെ സിനിമാ വ്യവസായത്തിലെയും ദിവസവേതനക്കാര്‍ ദുരിതത്തിലാണ്. അതിനാലാണ് താരം സാമ്പത്തിക പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ബീയിങ് ഹ്യൂമന്‍ ഫൗണ്ടേഷന്‍ വഴിയാണ് തൊഴിലാളികള്‍ക്കുള്ള സഹായം എത്തിക്കുക. അഞ്ച് ലക്ഷത്തോളം തൊഴിലാളികളാണ് സിനിമാ മേഖലയില്‍ തങ്ങള്‍ക്ക് കീഴിലുള്ളതെന്നും അതില്‍ കാല്‍ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം ആവശ്യമുണ്ടെന്നും എഫ്ഡബ്യുഐസിഇ പ്രസിഡന്റ് ബി എന്‍ തിവാരി അറിയിച്ചു.

ഈ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ താരത്തിന്റെ ചാരിറ്റി ഫൗണ്ടേഷനായ ബീയിങ് ഹ്യൂമന്‍ ഫൗണ്ടേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് പണം തൊഴിലാളികള്‍ക്ക് ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും തിവാരി പറഞ്ഞു.ബാക്കിയുള്ള 4,75,000 തൊഴിലാളികള്‍ക്ക് ഒരു മാസം നിലനിന്ന് പോകാനുള്ള സാഹചര്യം നിലവിലുണ്ട്. എല്ലാ തൊഴിലാളികള്‍ക്കും ഭക്ഷണ സാധനങ്ങള്‍ സംഘടന റെഡിയാക്കിയിട്ടുണ്ട്. പക്ഷേ ലോക്ക്ഡൗണിനെ തുടര്‍ന്ന് ആരും വന്ന് വാങ്ങിയിട്ടില്ല. അവര്‍ക്കൊക്കെ വീടുകളില്‍ എങ്ങിനെ എത്തിക്കാമെന്നതിനെ കുറിച്ചാണ് സംഘടന ആലോചിക്കുന്നതെന്നും തിവാരി വ്യക്തമാക്കി.
 

Latest News