ചെന്നൈ- വേദനസംഹാരികള്‍ അടക്കമുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച ഗോഡൗണില്‍ വന്‍ തീപിടുത്തം. മധുരയിലെ അണ്ണാനഗറിലാണ് ഇന്ന് വന്‍ അഗ്നിബാധയുണ്ടായത്. അഗ്നിശമന സേന മൂന്ന് മണിക്കൂറോളം പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ മറ്റാരെങ്കിലും മനപൂര്‍വ്വം തീകൊളുത്തിയതാണോ എന്ന് പരിശോധിക്കുകയാണ് അധികൃതര്‍.കെമിക്കല്‍ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആദ്യം തീപടര്‍ന്നത്.
കട്ടിയുള്ള പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടവരാണ് അധികൃതരെ വിവരം അറിയിച്ചത്. അഗ്നിശമന സേനാ തലവന്‍ എസ് കല്യാണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. കട്ടിയുള്ള പുക കാരണം കെമിക്കല്‍ വസ്തുക്കളിലേക്ക് തീപടര്‍ന്നാല്‍ വന്‍ ദുരന്തമുണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു അധികൃതര്‍. ഇതേതുടര്‍ന്ന് ഈ നിലയിലെ ചുമരുകള്‍ തുളച്ചാണ് തീയണക്കാന്‍ ശ്രമം നടത്തിയത്. സംഭവം അന്വേഷിക്കുമെന്ന് അണ്ണാ നഗര്‍ പോലിസ് അറിയിച്ചു.






