Sorry, you need to enable JavaScript to visit this website.

കോവിഡ്-19: ആയിരങ്ങള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു; ലാബും ആശുപത്രികളുമില്ല

ന്യൂദല്‍ഹി-കിട്ടുന്ന വാഹനങ്ങള്‍ പിടിച്ചും കാല്‍നടയായും രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുകയാണ്. പലയിടങ്ങളിലും റോഡുകളില്‍ ഇവര്‍ കൂട്ടം കൂടിയിരിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കൊണ്ട് സാധിക്കേണ്ട എല്ലാ കാര്യങ്ങളും നിഷ്ഫലമാക്കുന്നതാണ്  കുടിയേറ്റ തൊഴിലാളികളുടെ നാട്ടിലേക്ക് മടങ്ങാനുള്ള നെട്ടോട്ടം.
ഇവര്‍ മടങ്ങുന്ന ഗ്രാമങ്ങളില്‍ പരിശോധനക്ക് ആവശ്യമായ ലാബ് സൗകര്യങ്ങളോ ചികിത്സിക്കാന്‍ ആശുപത്രികളോ ഇല്ലെന്നത് മറ്റൊരു പ്രശ്‌നമാണ്. കോവിഡ് വാഹകരായാണ് ഇവര്‍ മടങ്ങുന്നതെങ്കില്‍ രോഗ വ്യാപനം ഉറപ്പാണ്.  2011 മുതല്‍ 2016 വരെ പ്രതിവര്‍ഷം 90 ലക്ഷം തൊഴിലാളികളാണ് ജോലി ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ മാറി സഞ്ചരിച്ചതെന്ന് 2017 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/03/29/migrant.jpg

കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദല്‍ഹി ഉള്‍പ്പടെയുള്ളള നഗരങ്ങളില്‍ നിന്നു കൂട്ടപ്പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായ വാഗ്ദാനമുണ്ടായിരുന്നുവെങ്കിലും പ്രാബല്യത്തിലായില്ല എന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റു സംസ്ഥാനങ്ങൡ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ ആരും തന്നെ ദല്‍ഹി വിട്ടു പോകരുതെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ഉറപ്പു നല്‍കി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തുവന്നിരുന്നു. ഞങ്ങള്‍ നിങ്ങള്‍ക്ക് ഭക്ഷണവും താസമവും ഒരുക്കാം ആരും ദല്‍ഹി വിട്ടു പോകരുതെന്നാണ് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചത്.
ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ രാജ്യം മുഴുവന്‍ വൈറസ് വ്യാപിക്കുമെന്നും ഗ്രാമങ്ങളിലെ സ്ഥിതി ദുഷ്‌കരമാകുമെന്നും കെജ്‌രിവാള്‍ മുന്നറിയിപ്പു നല്‍കി. ദല്‍ഹിയില്‍ എല്ലായിടത്തും  ആവശ്യമുള്ളവര്‍ക്ക് തങ്ങളുടെ ഫ്‌ളൈയിംഗ് സ്വാഡുകള്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.  ആവശ്യമുള്ള എല്ലായിടത്തും ഒരു തടസവും കൂടാതെ ഭക്ഷണം എത്തുമെന്നും കെജ്‌രിവാള്‍ ഉറപ്പു നല്‍കി.
എന്നാല്‍ തങ്ങളെ എങ്ങനെയെങ്കിലും വീട്ടിലെത്തിക്കൂ എന്നാണ് തെക്കന്‍ ദല്‍ഹിയിലെ ഖിട്കി വില്ലേജിലെ ഇടുങ്ങിയ മുറികളില്‍ കഴിയുന്ന തൊഴിലാളികള്‍ കരഞ്ഞു പറയുന്നത്. അതിനിടെ ആയിരം കാതങ്ങള്‍ അകലെയുള്ള നാടുകളിലേക്ക് നടന്നെങ്കിലുമെത്താം എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ചവരുടെ നേര്‍ക്കാഴ്ചകള്‍ അതിലേറെ കരളലിയിക്കുന്നതുമാണ്.  
കുടിയേറ്റ തൊഴിലാളികള്‍ക്ക് കൂടൊരുക്കാമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാക്കുകള്‍ ഇവര്‍ക്ക് ആശ്വാസമാകുന്നില്ല. ഇതുവരെയുള്ള ദുരനുഭവം അങ്ങനെയാണെന്നാണ് ഇവര്‍ പറയുന്നത്.
    ദുര്‍ഗന്ധം വമിക്കുന്ന ഓടകള്‍, ആവശ്യത്തിന് പോയിട്ട് അത്യാവശ്യത്തിന് പോലും ഭക്ഷണമില്ല. പുറത്തേക്കിറങ്ങാന്‍ പോലീസ് അനുവദിക്കുന്നില്ല. എങ്ങനെ എങ്കിലും ഇവിടെ നിന്നൊന്നു രക്ഷിക്കൂ എന്നാണിവര്‍ പറയുന്നത്. അതേ ദുരവസ്ഥ തന്നെയാണ് ചാന്ദ്‌നി ചൗക്കിലും. പശ്ചിമ ബംഗാളിലെ നോര്‍ത്ത് ദിന്‍ജാപൂര്‍ മേഖലയില്‍ നിന്നുള്ള അമ്പതോളം നിര്‍മാണ തൊഴിലാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. വടക്കന്‍ ദല്‍ഹിയിലെ ഭവാനയിലും നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു.
    ഏഴ് മുതല്‍ പത്ത് പേര്‍ വരെയാണ് ഒരു  ചെറിയ മുറിക്കുള്ളില്‍ തിങ്ങിക്കഴിയുന്നത്. സാമൂഹിക അകലം പോയിട്ട് നിന്നു തിരിയാനിട പോലുമില്ല തീപ്പെട്ടിക്കൂട് പോലെയുള്ള ഈ മുറികള്‍ക്കുള്ളില്‍. ദിന്‍ജാപൂരില്‍ നിന്നുള്ള യാക്കൂബ് അലിയും അമ്പതോളം വരുന്ന നിര്‍മാണ തൊഴിലാളികളും മാര്‍ച്ച് 15നാണ് ദല്‍ഹിയില്‍ എത്തിയത്. വീടുകളില്‍ ഉള്ളവര്‍ ഫോണുകളില്‍ നിലവിൡക്കുകയാണ്. എങ്ങനെ തിരിച്ചു പോകുമെന്ന് ഒരു പിടിയുമില്ല. ആഹാരം പോലും കിട്ടാനില്ല. ഞങ്ങളുടെ കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ കുടുംബങ്ങള്‍ക്കു തന്നെയോ ഈ 21 ദിവസങ്ങള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന് ഒരു പിടിയുമില്ലെന്നും ഇവര്‍ പറയുന്നു. പണത്തേക്കാളും ഭക്ഷണത്തേക്കാളും എങ്ങനെയെങ്കിലും തങ്ങള്‍ക്ക് വീട്ടിലെത്തിയാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്‍പ് തന്നെ ഡല്‍ഹി വിടാന്‍ നോക്കിയെങ്കിലും ഇവര്‍ക്ക് ട്രെയിന്‍ ലഭിച്ചില്ല. ചാന്ദ്‌നിചൗക്കില്‍ ദല്‍ഹിയിലെ സിഐടിയു പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം ഇവര്‍ക്ക് ഭക്ഷണം നല്‍കിയത്.
ഖിട്കി വില്ലേജില്‍ മാത്രം ഇരുപതിനായിരോത്തോളം കുടിയേറ്റ തൊഴിലാളികള്‍ ആണുള്ളത്. ദൂരെ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന സ്‌കൂളുകളിലേക്കും ഭക്ഷണ വിതരണ സ്ഥലങ്ങളിലേക്കും പോകാനോ പുറത്തിറങ്ങാനോ പോലീസ് അനുവദിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
കിഴക്കന്‍ ഉത്തര്‍പ്രദേശിലേക്കും മറ്റും പോകുന്നതിനായി നൂറു കണക്കിന് തൊഴിലാളികളാണ്  ഡല്‍ഹി ആനന്ദ് വിഹാര്‍ ബസ് സ്‌റ്റേഷനില്‍ എത്തിയത്. ദല്‍ഹിയില്‍ വിവിധ നിര്‍മാണ ജോലികള്‍ ചെയ്യുന്നവരും റിക്ഷാ തൊഴിലാളികളുമാണിവര്‍. ഗാസിപ്പൂര്‍ സന്ദര്‍ശിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വാഹന സൗകര്യം ഒരുങ്ങുന്നത് വരെ തൊഴിലാളികള്‍ക്ക് അവര്‍ക്ക് അടുത്തുള്ള സ്‌കൂളുകളില്‍ താമസ സൗകര്യം ഒരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ യാത്രയ്ക്കായി ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകള്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണം നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് അതിരൂക്ഷ വിമര്‍ശനമാണ് പൊതു ജനങ്ങളില്‍ നിന്നും വിവിധ കക്ഷി നേതാക്കളില്‍ നിന്നും നേരിടേണ്ടി വന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുടിയേറ്റ തൊഴിലാളികള്‍ക്ക് മതിയായ താമസസൗകര്യവും ഭക്ഷണ, ശുചീകരണ സംവിധാനങ്ങളും ഒരുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
    കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന വിവേചനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. രാജ്യത്തെ തന്നെ പൗരന്‍മാരായ അവരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിതെന്നാണ് രാഹുല്‍ പറഞ്ഞത്. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ നമ്മുടെ സഹോദരീ സഹോദരന്‍മാരോട് അല്‍പം അന്തസെങ്കിലും കാണിക്കണം. ഇതൊരു വലിയ പ്രശ്‌നമായി മാറുന്നതിന് മുന്‍പ് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപടെണമന്നും രാഹുല്‍ ആവശ്യപ്പെട്ടു. ദല്‍ഹിയുടെ അതിര്‍ത്തികളില്‍ കൂട്ടത്തോടെ കുടിയേറ്റ തൊഴിലാളികള്‍ ഒഴിഞ്ഞു പോകുന്നതിന്റെ ചിത്രങ്ങള്‍ സഹിതമാണ്  രാഹുല്‍ ട്വിറ്റ് ചെയ്തത്.
കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ആയിരക്കണക്കിന് തൊഴിലാളികളെ ഇങ്ങനെ വിട്ടുകൊടുക്കാന്‍ രാജ്യത്തിന് എങ്ങനെ കഴിയും. അവരോടൊപ്പം കുട്ടികളും പുരുഷന്‍മാരും സ്ത്രീകളുമുണ്ട്. കിഴക്കന്‍ യുപിയില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ളവരുമുണ്ട്. യൂറോപ്പില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രത്യേക വിമാനം വരെ അയക്കുന്നു. ഇവര്‍ക്കായി അടിസ്ഥാന വാഹന സൗകര്യം എങ്കിലും ഒരുക്കിക്കൂടെ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.

    
        
    

 

Tags

Latest News