വീട്ടിലെത്താന്‍ 200 കി.മീ നടന്ന തൊഴിലാളി തളര്‍ന്നുവീണ് മരിച്ചു

വീടുകളിലെത്താന്‍ ഹൈവേയിലൂടെ നടക്കുന്ന തൊഴിലാളികള്‍-ഫയല്‍

ആഗ്ര- ദല്‍ഹിയില്‍നിന്ന് മധ്യപ്രദേശിലെ വീട്ടിലെത്താന്‍ 200 കിലോ മീറ്ററോളം നടന്ന 39 കാരന്‍ ദല്‍ഹി-ആഗ്ര ഹൈവേയില്‍ തളര്‍ന്നുവീണു മരിച്ചു. തലസ്ഥാനത്ത് സ്വകാര്യ റെസ്റ്റോറന്റില്‍ ഡെലിവറി ബോയി ആയി ജോലിചെയ്യുന്ന രണ്‍വീര്‍ സിംഗാണ് മരിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച അടച്ചിടല്‍ കാരണമാണ് മധ്യപ്രദേശിലെ മൊറേനയിലെ വീട്ടിലേക്ക് കാല്‍നടയായി പുറപ്പെട്ടത്.


മധ്യപ്രദേശിലെ വിദൂര ഗ്രാമത്തിലെ വീട്ടിലെത്താന്‍ 100 കി.മീ ബാക്കിയുള്ളപ്പോഴാണ് നെഞ്ച് വേദന അനുഭവപ്പെടുകയും തളര്‍ന്നു വീഴുകയും ചെയതത്. ഇയാളോടൊപ്പം രണ്ട് പേര്‍ കൂടി നടക്കുന്നുണ്ടായിരുന്നുവെന്നും അവരില്‍നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നും പോലീസ് പറഞ്ഞു.


നാഷണല്‍ ഹൈവേ-2 തിരിയുന്ന കൈലാഷിനു സമീപമെത്തിയപ്പോഴാണ് രണ്‍വീര്‍ സിംഗ് തളര്‍ന്നത്. സമീപത്തെ ഹാര്‍ഡ് വെയര്‍ ഷോപ്പ് ഉടമ സഞ്ജയ് ഗുപ്ത ഉടന്‍ ഓടിയെത്തി കാര്‍പറ്റില്‍ കിടത്തിയ ശേഷം ചായയും ബിസ്‌കറ്റും നല്‍കി. നെഞ്ച് വേദനയുണ്ടെന്ന് പറഞ്ഞതോടെ അളിയനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു.
വൈകിട്ട് ആറരയോടെ മരിച്ചുവെന്നാണ് പോലീസിനു വിവരം ലഭിച്ചതെന്ന് സിക്കന്ത്ര പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍  അരവിന്ദ് കുമാര്‍ പറഞ്ഞു.


വെള്ളിയാഴ്ച രാവിലെയാണ് സിംഗ് കാല്‍നടയാത്ര ആരംഭിച്ചത്. ദീര്‍ഘ നടത്തമാണ് നെഞ്ച് വേദനക്ക് കാരണമായത്. ദേശീയ പാതയില്‍ ഭക്ഷണ പാക്കറ്റുകളുമായി യു.പി പോലീസുകാര്‍ ഉണ്ടായിരുന്നു. പോലീസുകാര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.


മൂന്ന് വര്‍ഷമായി ദല്‍ഹി തുഗ്ലക്കാബാദിലെ റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന സിംഗിന് രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. ഇദ്ദേഹമായിരുന്നു കര്‍ഷക കുടുംബത്തിന്റെ ഏക ആശ്രയം.

 

Latest News