Sorry, you need to enable JavaScript to visit this website.

മരുന്നും ഭക്ഷണവുമില്ലാതെ ദല്‍ഹിയില്‍ നൂറുക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും

ന്യൂദല്‍ഹി- കോവിഡ് 19 അടച്ചിടല്‍ വന്നതോടെ മരുന്നും ഭക്ഷണവും ഇല്ലാതെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയാതെ ദല്‍ഹി ആശുപത്രികളിലെ നൂറുക്കണക്കിന് രോഗികള്‍ വഴിയോരങ്ങളില്‍ തുണി വിരിച്ച് കഴിയുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, സഫ്ദര്‍ജംഗ് ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും കുടുങ്ങി. ഇവരില്‍ പലരും വിദഗ്ധ ചികിത്സ തേടി അന്യ സംസ്ഥാനത്തു നിന്നെത്തിയവരാണ്. ആശുപത്രി പരിസരത്തോ വളപ്പിലോ താല്‍ക്കാലിക താമസ, ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പോലീസ് സന്നദ്ധ സംഘടനകള്‍ക്ക് അനുവാദം നല്‍കുന്നില്ല. വാര്‍ഡുകളില്‍ ഇടം കിട്ടാത്ത രോഗികളും കൂട്ടിരിപ്പുകാരും ഇപ്പോഴും പരിസരത്തെ വഴിയോരങ്ങളില്‍ തുണിവിരിച്ചു കിടക്കുന്നുണ്ട്. ഇവരില്‍ പലരും കഴിഞ്ഞ മൂന്നു ദിവസമായി വെള്ളമല്ലാതെ ഭക്ഷണ രൂപത്തില്‍ ഒന്നും തന്നെ കഴിച്ചിട്ടില്ല. ആരെങ്കിലും സൗജന്യമായി ഭക്ഷണം എത്തിച്ചാല്‍ തന്നെ ഓടിയടുക്കുന്ന എല്ലാവര്‍ക്കും കിട്ടുന്നുമില്ല. മൂന്നു ദിവസം പട്ടിണി കിടന്നവര്‍ എങ്ങനെയാണ് ഒരു നേരത്തെ ആഹാരം കാണുമ്പോള്‍ ഒരുമീറ്റര്‍ അകലമിട്ടു നില്‍ക്കുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്.
വീടുകളിലേക്ക് മടങ്ങാമെന്നു വെച്ചാല്‍ ഗതാഗത സംവിധാനങ്ങളൊന്നും തന്നെയില്ല. സ്വകാര്യ ആംബുലന്‍സ് ആണ് ആകെയുള്ള പ്രതീക്ഷ. പക്ഷേ, അതാണെങ്കില്‍ കൈയെത്തിപ്പിടിക്കാവുന്നതിലും അകലെയുമാണ്. ദല്‍ഹിയില്‍ നിന്ന് ബിഹാര്‍ വരെ എത്തിക്കാന്‍ ഒരു ആംബുലന്‍സ് ഡ്രൈവര്‍ 50,000 രൂപയാണ് ചോദിച്ചത്. അംറോറയിലേക്ക് പോകാന്‍ 15,000 രൂപയും മൊറാദാബാദിലേക്ക് 20,000 രൂപയുമാണ് സ്വകാര്യ ആംബുലന്‍സ് സര്‍വീസുകാര്‍ ചോദിക്കുന്നത്.
മൊറാദാബാദ് സ്വദേശി സോനു സിംഗ് രോഗിയായ ഭാര്യയുമായി കഴിഞ്ഞ 22 നാണ് എയിംസില്‍ എത്തിയത്. പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം മടങ്ങാന്‍ കഴിഞ്ഞില്ല. ആദ്യ ദിവസങ്ങളില്‍ 20 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു പ്ലേറ്റ് ചോറിനും പരിപ്പ് കറിക്കും ഇപ്പോള്‍ 60 രൂപയാണ്. ഈ ഭക്ഷണം പങ്കിട്ട് കഴിച്ചാണ് ഇരുവരും ഒരു ദിവസം തള്ളി നീക്കുന്നത്. വീട്ടിലേക്ക് മടങ്ങുന്നതിനായി ഒരു ആംബുലന്‍സ്‌കാരനോട് ചോദിച്ചപ്പോഴാണ് 20,000 രൂപ ആവശ്യപ്പെട്ടത്. അടുത്ത മൂന്നാഴ്ചക്കാലത്തേക്ക് എന്ത് ചെയ്യുമെന്ന് തങ്ങള്‍ക്ക് ഒരു പിടിയുമില്ലെന്ന് ഇവര്‍ പറയുന്നു.
കാലില്‍ ക്യാന്‍സര്‍ ബാധിച്ച മകളെയും കൊണ്ടാണ് നാഥുറാം മാര്‍ച്ച് 18 ന് ആശുപത്രിയില്‍ എത്തിയത്. രാജസ്ഥാനിലെ അജ്മീറില്‍ ഒരു ചെറിയ കട നടത്തുകയാണ് നാഥുറാം. കഴിഞ്ഞ തിങ്കളാഴ്ചത്തേക്കാണ് എയിംസില്‍ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ലഭിച്ചത്. എന്നാല്‍ തിങ്കളാഴ്ച ഒ.പി വിഭാഗം തുറന്നു പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് ലോക്ഡൗണും ആയി. ഇപ്പോള്‍ എയിംസ് ആശുപത്രിയുടെ പുറത്ത് വഴിയോരത്ത് കഴിയുകയാണ് നാഥുറാമും ഭാര്യയും മകളും. മിക്കവാറും ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ മഴയാണ്. മകളുടെ കാലിന്റെ വേദനയും ദിനംപ്രതി കൂടി വരുന്നു. മറ്റൊരാള്‍ വഴി പറഞ്ഞറിഞ്ഞ് ഒരു ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചപ്പോള്‍ അജ്മീര്‍ വരെ എത്തിക്കാന്‍ 16,000 രൂപയാണ് ചോദിച്ചത്. അത്രയും പണം ഉണ്ടായിരുന്നെങ്കില്‍ പണ്ടേ മകള്‍ക്ക് വേദനയില്ലാതെ നടക്കാന്‍ ഒരു വാക്കര്‍ വാങ്ങുമായിരുന്നു എന്നും നാഥുറാം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകനാണ് മാന്‍ സിംഗ്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച ഭാര്യയെയും കൂട്ടിയാണ് ഷാജഹാന്‍പൂരില്‍ നിന്ന് എയിംസിലെത്തിയത്. മൂന്ന് ദിവസമായി ആകെ കഴിച്ചത് ഒരു റൊട്ടിയാണ്. അഞ്ച് ദിവസം മുമ്പ് ഭാര്യയ്ക്ക് കീമോ തെറാപ്പി നിശ്ചയിച്ചിരുന്നു എങ്കിലും നടന്നില്ല. ഏപ്രില്‍ 19 നാണ് അടുത്ത തീയതി നിശ്ചയിച്ചിരിക്കുന്നത്. വീട്ടിലേക്ക് തിരികെ പോകാന്‍ ഒരു ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചപ്പോള്‍ 9,000 രൂപയാണ് ചോദിച്ചത്. രണ്ട് ദിവസം മുമ്പ് ലോക്ഡൗണ്‍ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞിരുന്നു എങ്കില്‍ എങ്ങനെയെങ്കിലും വീട് പറ്റുമായിരുന്നു എന്ന് മാന്‍സിംഗ് പറയുന്നു.
    ഷാജഹാന്‍പൂരില്‍നിന്നു തന്നെയുള്ള മുറാദിന്റെ മകളുടെ കഴുത്തില്‍ ക്യാന്‍സറാണ്. അടുത്ത വെള്ളിയാഴ്ചയാണ് മകള്‍ക്കുള്ള കീമോ തെറാപ്പിയുടെ ദിവസം. അതുവരെ ഇവിടെ എങ്ങനെ കഴിയും എന്നൊരു പിടിയുമില്ല. നേരത്തേ സിക്കുകാര്‍ നടത്തുന്ന ലങ്കാറുകളില്‍ നിനിന്ന് ഭക്ഷണം കിട്ടിയിരുന്നു. ഇപ്പോഴാകട്ടെ പോലീസ് അവരെയും അനുവദിക്കുന്നില്ല. ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഒരു നിവൃത്തിയുമില്ല.
    

 

Latest News