Sorry, you need to enable JavaScript to visit this website.

വെര്‍ജിന്‍ വെളിച്ചെണ്ണയില്‍നിന്ന് സാനിറ്ററൈസറുമായി സി.പി.സി.ആര്‍.ഐ

കാസര്‍കോട്- വെര്‍ജിന്‍ വെളിച്ചെണ്ണ ഉപയോഗപ്പെടുത്തി ഹാന്‍ഡ് സാനിറ്ററൈസര്‍ നിര്‍മിക്കുന്ന രീതി കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ തയാറായി. ഇതിന് വേണ്ട സ്പിരിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സ്പിരിറ്റ് ലഭിക്കുന്ന മുറയ്ക്ക് സാനിറ്ററൈസര്‍ ഉല്‍പാദിപ്പിച്ച് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും.
സി.പി.സി.ആര്‍.ഐ രോഗ നിര്‍ണയത്തിനുള്ള ലബോറട്ടറി സംവിധാനങ്ങള്‍ കോവിഡ് 19 പരിശോധനാ ലാബ് തയാറായി വരുന്ന പെരിയ കേന്ദ്ര സര്‍വ്വകലാശാലക്ക് കൈമാറിക്കഴിഞ്ഞു. സിപി.സി.ആര്‍ ഐ ഡയറക്ടര്‍ ഡോ.അനിത കരുണ്‍ ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സി.പി.സി.ആര്‍.ഐ യിലെ ബയോടെക്നോളജി ലബോറട്ടറിയില്‍നിന്ന് രണ്ട് റിയല്‍ ടൈം പി.സി.ആര്‍ മെഷിനുകള്‍ പരിശോധനാ ലാബ് തയാറാക്കുന്ന പെരിയ കേന്ദ്ര സര്‍വകലാശാല ക്യാമ്പസിലേക്ക് കൈമാറിയത്. പരിശോധനാ ലാബ് പൂര്‍ണമായും സജ്ജമാകുമ്പോള്‍  സി.പി.സി.ആര്‍.ഐയിലെ മൂന്ന് സാങ്കേതിക വിദഗ്ദരുടെ സേവനവും ലഭ്യമാക്കും.
സി.പി.സി.ആര്‍.ഐയുടെ ചന്ദ്രഗിരി ഗസ്റ്റ് ഹൗസ് ജില്ലയിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനായി വിട്ടുനല്‍കിയിട്ടുണ്ട്. വേണ്ടിവന്നാല്‍ ഐസോലേഷന്‍ സംവിധാനം ഒരുക്കുന്നതിനായി മറ്റ് ഗസ്റ്റ് ഹൗസുകള്‍ കൂടി ജില്ലാ ഭരണകൂടത്തിന് വിട്ട് നല്‍കുന്നതിന് തയാറാണെന്ന് ഡയറക്ടര്‍ ഡോ.അനിത കരുണ്‍ പറഞ്ഞു.

 

 

Latest News