വീടണയാന്‍ വഴിയില്ലാതെ ആയിരങ്ങള്‍ തെരുവില്‍; ലോക്ക്‌ഡൗണിലും ദല്‍ഹി ജനസാന്ദ്രം

ന്യൂദൽഹി- രാജ്യം കോവിഡ് ലോക്ക്‌ഡൗണില്‍ തുടരവേ ഭയത്തിനും അനിശ്ചിതത്വത്തിനും ഇടയിൽ ദല്‍ഹിയിലെ കുടിയേറ്റ തൊഴിലാളികള്‍. ആയിരക്കണക്കിന് പേരാണ് ദല്‍ഹിയിലെ വിവിധ ബസ്റ്റ് സ്റ്റാന്‍ഡുകളിലും അതിര്‍ത്തി പ്രദേശങ്ങളിലുമായി ഇപ്പോഴും ആഹാരംപോലും ലഭിക്കാതെ സ്വദേശത്തേക്ക് മടങ്ങാനുള്ള വഴികളന്വേഷിക്കുന്നത്. 

അപ്രതീക്ഷിതമായ ലോക്ക്ഡൗണ്‍ കാരണം ഭക്ഷണമോ താമസ സൗകര്യങ്ങളോ ഇല്ലാതെ പെരുവഴിയിലായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും നിലവിലില്ല. ഉത്തർപ്രദേശില്‍നിന്നുള്ള തൊഴിലാളികളാണ് അതിർത്തിക്കപ്പുറത്തുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങാൻ നിര്‍വാഹമില്ലാതെ ഇപ്പോഴും ദുരിതം പേറുന്നത്. എല്ലാ അന്തർസംസ്ഥാന ബസ്, റെയിൽവേ സർവീസുകളും നിർത്തിവച്ചതിനാല്‍ തൊഴിലാളികളും കുടുംബങ്ങളും നൂറുകണക്കിന് കിലോമീറ്റർ കാൽനടയായി നടക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. പണമോ ഭക്ഷണമോ കരുതാനില്ലാതെ കൊടും ചൂടില്‍ ദിവസങ്ങളോളം യാത്രചെയ്യാനുറച്ച് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് പലരും.

ഇന്ന് വൈകുന്നേരം, ലോക്ക്ഡൗണിന്റെ നാലാം ദിവസം, വാർത്താ ഏജൻസിയായ ANI യും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പങ്കിട്ട വീഡിയോകള്‍ കൊറോണയ്ക്കും സര്‍ക്കാരിന്റെ പിടിപ്പുകേടിനും ഇടയില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ദുരിതം വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ്, ദല്‍ഹി സര്‍ക്കാരുകള്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാല് ദിവസം പിന്നിടുമ്പോഴും സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ ഹതാശരായ ആയിരക്കണക്കിനുപേര്‍ ഇപ്പോഴും തെരുവില്‍തന്നെയാണ്. 

Latest News