Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി വിലക്കിയിട്ടും കാസർകോട്  പോലീസിലെ ഒരുവിഭാഗം അതിരുവിടുന്നു

കാസർകോട് - ലോക് ഡൗൺ സമയത്തെ പോലീസ് പരിശോധന അതിരു വിടരുതെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം അട്ടിമറിച്ച് ഒരു വിഭാഗം പോലീസുകാർ. കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ഡ്യൂട്ടിക്ക് പോകുന്ന മാധ്യമ പ്രവർത്തകരെയും മരുന്ന് അടക്കമുള്ള സാധനങ്ങൾ വാങ്ങാൻ പോകുന്നവരെയും അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നവരെയുംതടഞ്ഞു നിർത്തി അധിക്ഷേപിക്കുകയും ലാത്തിപ്രയോഗം നടത്തുകയുംചെയ്യുന്നത്.
ഉളിയത്തടുക്ക ജംഗ്ഷനിൽ ഇന്നലെ പോലീസിന്റെ അതിക്രമം ആവർത്തിച്ചു. കഷ്ടപ്പെടുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിച്ചു കൊടുക്കുന്നപോലീസുകാരുടെ സേവന മനസ്‌കതയെ ഇടിച്ചുതാഴ്ത്തുന്ന തരത്തിലാണ് ഒരു വിഭാഗത്തിന്റെ പെരുമാറ്റം.രാവിലെ കട തുറക്കാൻ വരുമ്പോഴുംവൈകിട്ട് അഞ്ചുമണിക്ക് കട അടച്ച് തിരിച്ചു പോകുമ്പോഴുംവ്യാപാരികളെ തല്ലിയില്ലെങ്കിൽ ഉറക്കം വരില്ലെന്ന സ്ഥിതിയിലാണ് പോലീസുകാർ.കാരണം ചോദിക്കാതെ വാഹനങ്ങളുടെ ലൈറ്റും മറ്റും അടിച്ചുതകർക്കുന്നത് ഹരമാക്കിയവരുമുണ്ട്. ശനിയാഴ്ച രാവിലെ ഡ്യൂട്ടിക്ക് പോകുകയായിരുന്ന ചില മാധ്യമ പ്രവർത്തകരെ ഉളിയത്തടുക്ക ജംഗ്ഷനിൽ തടഞ്ഞു നിർത്തിയശേഷം അതിക്രമിക്കാൻ അനീഷ് വിപിൻ എന്ന പോലീസുകാരൻ തുനിഞ്ഞു. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ലാത്തി ഓങ്ങി അടിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ്മാധ്യമപ്രവർത്തകരെ കടത്തിവിട്ടത്. മുമ്പത്തെപോലുള്ള പോലീസല്ലെന്നും ഇനി മുതൽ നാട്ടുകാർ വിവരം അറിയാൻ പോകുന്നേയുള്ളുവെന്നും ഈ പോലീസുകാരൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞാൽ പത്രക്കാരെ പ്രത്യേകം കാണുമെന്നും അന്ന് നല്ല സമ്മാനം തരുമെന്നുമായിരുന്നു മറ്റൊരുത്തന്റെ പ്രതികരണം.


അതേസമയം, കൊടും വെയിലിൽ മറ്റു സൗകര്യങ്ങളൊന്നുമില്ലാതെ സേവനം അനുഷ്ഠിക്കുന്ന നല്ലവരും സൗമ്യരുമായ നിരവധി പോലീസുകാരുമുണ്ട്. പലയിടങ്ങളിലും ഇത്തരം പോലീസുകാർ ആൾക്കാരെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി ബോധവൽക്കരിക്കുന്നുമുണ്ട്. ഇത്തരം പോലീസ് ഉദ്യോഗസ്ഥരെയാകെ പറയിപ്പിക്കുകയും അവരുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന താരത്തിലുമാണ് വിരലിലെണ്ണാവുന്ന ചിലരുടെ സമീപനം.കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ചില പോലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായ നടപടി സേനയുടെ ആകെ അന്തസും അഭിമാനവും കളഞ്ഞു കുളിക്കുന്ന തരത്തിലായിരുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോകുകയായിരുന്ന വനിതാ ഡോക്ടർ അടക്കമുള്ളവരെ തടഞ്ഞുവെച്ച് അവഹേളിക്കുകയും ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തു. ഇതിന്റെ നാണക്കേടിൽ നിന്നും തലയൂരാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് വീണ്ടും അതിക്രമങ്ങൾ ചിലർ ആവർത്തിക്കുന്നത്.
കൊറോണ വ്യാപനത്തിന്റെ ഗൗരവം കണക്കിലെടുക്കണമെന്നും ആരും പുറത്തിറങ്ങരുതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം കാസർകോട്ടെ ജനങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്നുണ്ട്. ആരും അനാവശ്യമായി പുറത്തിറങ്ങുന്നില്ല. വാഹനമെടുത്ത് കറങ്ങുന്നുമില്ല. വളരെയധികം അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ആൾക്കാർ പുറത്തിറങ്ങുന്നുള്ളു. എന്നിട്ടും ഇതൊന്നും ഗൗനിക്കാതെ അതിരുവിടുന്നചില പോലീസുകാർ സർക്കാർ നയത്തിന് കളങ്കം ചാർത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിന് വിപരീതമായി പെരുമാറുന്ന ഏതാനും ചില പോലീസുകാർ കാസർകോട് ജില്ലയിലെ ഡ്യൂട്ടിയിലുണ്ടെന്നാണ് ആരോപണം.


 

Latest News