Sorry, you need to enable JavaScript to visit this website.

നിരീക്ഷണത്തിനിടെ പുറത്തിറങ്ങി കറങ്ങിയവരെ കസ്റ്റഡിയിൽ എടുത്തത് പോലീസിന് തലവേദനയായി

കാസർകോട് - വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്ത് ചുറ്റിക്കറങ്ങുന്നുവെന്ന പരാതിയിൽ പത്തുപേരെ കസ്റ്റഡിയിലെടുത്തത് കാസർകോട് പോലീസിന് തലവേദനയായി. 
കാസർകോട് ടൗൺ പോലീസ് ഇന്നലെയാണ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 10 പേരെ നിയന്ത്രണം ലംഘിച്ചു എന്ന കുറ്റത്തിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്നത്. കാസർകോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ഒരു ലോഡ്ജ് മുറിയിൽ പ്രത്യേക ഐസൊലേഷൻ ഉണ്ടാക്കി അവിടെയാണ് പോലീസ് ഈ പത്തു പേരെയും പാർപ്പിച്ചിരിക്കുന്നത്. 
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതുപോലെ ലോഡ്ജ് മുറിയിൽ കൃത്യമായി നിരീക്ഷണത്തിൽ കഴിയണമെന്നാണ് ഇവരോട് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരീക്ഷണത്തിലുള്ള ഇവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചാണ് നിരീക്ഷണത്തിൽ കഴിയുന്ന പത്തു പേരും നിയന്ത്രണം ലംഘിച്ചതായി പോലീസ് കണ്ടെത്തിയത്.

അതേസമയം സർക്കാർ നിർദേശിച്ച നിയന്ത്രണം ലംഘിച്ചതിന് ഇവർക്കെതിരെ ആകെയുള്ള തെളിവ് മൊബൈൽ ഫോൺ ഉപയോഗം മാത്രമാണ്. ദുബായിൽനിന്നും നാട്ടിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽ വെച്ച് ഇവർ ഉപയോഗിച്ച ഫോൺ നമ്പർ ആണ് അധികൃതർ പരിശോധിക്കുന്നതും രഹസ്യമായി ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതും. വീട്ടിൽ എത്തിയതിനുശേഷം പോലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഈ മൊബൈൽ ഫോൺ നമ്പറുകൾ കാസർകോട് നഗരത്തിലെ പലഭാഗങ്ങളിലായി ലൊക്കേഷൻ കാണിക്കുകയുണ്ടായി. ഇതേ തുടർന്നാണ് നിരീക്ഷണത്തിൽ കഴിഞ്ഞ വരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. 


പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ഉപയോഗിച്ചുവന്നിരുന്ന മൊബൈൽ ഫോൺ വിവിധ ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്ന വീട്ടിലെ ബന്ധുക്കളോ സഹോദരങ്ങളോ ഉപയോഗിക്കുന്നതായി കണ്ടെത്തിയതാണ് തലവേദനയായത്. കസ്റ്റഡിയിലെടുത്ത അവർ ലോഡ്ജ് മുറിയിൽ കിടക്കുന്നത് മതിയായ സുരക്ഷയോടെ അല്ലെന്നാണ് പറയുന്നത്. ഇവർ മുഖേന ലോഡ്ജിലെ മറ്റുള്ളവർക്ക് കൊറോണ വ്യാപനം ഉണ്ടായാൽ അതും പുലിവാലാകും. മൊബൈൽ ഫോൺ ഉപയോഗത്തിലെ മാത്രം തെളിവുകൾ കണക്കാക്കി ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയാതെ കുഴങ്ങുകയാണ് പോലീസ്.

 

Latest News