കണ്ണൂര്‍- കാബൂളിലെ സിക്ക് ഗുരുദ്വാര ആക്രമിച്ച നാലംഗ ഭീകരസംഘത്തിന് നേതൃത്വം നല്‍കിയ ഐ.എസ് പ്രവര്‍ത്തകന്റെ പയ്യന്നൂരിലെ വീട്ടില്‍ എന്‍.ഐ.എ സംഘത്തിന്റെ അന്വേഷണം. തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന പയ്യന്നൂര്‍ കാറമേലിലെ വീട്ടിലാണ് സംഘം എത്തിയത്. മുഹ്‌സിന്റെ മാതാപിതാക്കളില്‍നിന്നും മറ്റ് ബന്ധുക്കളില്‍നിന്നും വിവരങ്ങള്‍ ആരാഞ്ഞ സംഘം തൃക്കരിപ്പൂരിലും അന്വേഷണം നടത്തി.
ചാവേര്‍ സംഘത്തെ നയിച്ചത് മുഹ്‌സിന്‍ ആണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ആക്രമണം നടത്തിയ ആളുടെ ചിത്രം ഐസിസ് പുറത്തുവിട്ടതോടെയാണ് ഇയാളെക്കുറിച്ച് സൂചന ലഭിച്ചത്.
തൃക്കരിപ്പൂര്‍ സ്വദേശിയായ ഇയാള്‍ പയ്യന്നൂരേക്ക് താമസം മാറ്റിയിരുന്നു. 2017-18 കാലം മുതല്‍ മുഹ്‌സിനെ കാണാനില്ല. നാട്ടില്‍ നിന്നു ദുബായിലേക്ക് തിരികെ പോയ ശേഷം കാണാതായിയെന്നും ഏറെ നാളായി ബന്ധപ്പെടാറില്ലെന്നുമാണ് ബന്ധുക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.
ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍ ദുബായില്‍നിന്നു കാബൂളിലെത്തിയതായാണ് കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്ന സൂചന. ഐസിസില്‍ ചേര്‍ന്നതിന് ശേഷം മുഹ്‌സിന്റ പേര് അബു ഖാലിദ് അല്‍ഹിന്ദി എന്നാക്കി മാറ്റിയിട്ടുണ്ട്. ഇയാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം..