മരുഭൂമിയിലും മലമുകളിലെ ഗുഹകളിലും ഏകാന്തവാസം; സൗദി അതിജീവിച്ച പ്ലേഗ് കാലം

ആൽ ബയഹ്‌യ ഗ്രാമം

റിയാദ്- സറാത്ത് അബീദിലെ ഗ്രാമങ്ങളിൽ പ്ലേഗ് വ്യാപിച്ചുകൊണ്ടിരിക്കുന്നു. ആദ്യം ഒന്നു രണ്ടുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് ദിനംപ്രതി 10 ഉം 15 ഉം ആയി. ഒരു ഗ്രാമത്തിൽനിന്ന് അടുത്ത ഗ്രാമത്തിലേക്ക് രോഗം പടരുന്നു. ശീലിച്ച നാട്ടുവൈദ്യങ്ങളെല്ലാം പരീക്ഷിച്ചു. പക്ഷേ രക്ഷയില്ല. മരിച്ചവരെ ഖബറടക്കാൻ പോലും ആളുകൾക്ക് ധൈര്യമില്ലാത്ത അവസ്ഥ. ജനങ്ങൾ ഭയചകിതരാണ്. ഈ ഘട്ടത്തിലാണ് സറാത്ത് ഗവർണർ വഴി വിവരം അബ്ദുൽ അസീസ് രാജാവിന്റെ അടുത്തെത്തിയത്. ഉടൻ തന്നെ ഗ്രാമങ്ങൾ ലോക്ഡൗൺ ചെയ്യാനും രോഗികൾക്ക് ഐസൊലേഷൻ ഏർപ്പെടുത്താനും ഉത്തരവിട്ട രാജാവ് വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘത്തെ അങ്ങോട്ടയച്ചു.
ആഡംബര ഹോട്ടലുകളിൽ സുഖസൗകര്യങ്ങളോടെ മികച്ച ഡോക്ടർമാരുടെ പരിചരണത്തോടെയുള്ള ഐസൊലേഷൻ ആയിരുന്നില്ല 70 വർഷം മുമ്പുണ്ടായ പ്ലേഗ് കാലമെന്ന് പ്രായമേറെ ചെന്ന സറാത്ത് അബീദിലെ സൗദി പൗരന്മാർ ഓർക്കുന്നു. വീടുകളിൽ നിന്നകന്ന് മരുഭൂമിയിലെ ആളനക്കവും സൗകര്യങ്ങളുമില്ലാത്ത തമ്പുകളിലോ മലമുകളിലെ ഗുഹകളിലോ ദുരിത പൂർണമായ ഏകാന്തവാസത്തിലേക്ക് പറഞ്ഞുവിട്ട് രോഗം ഭേദമായവരുടെയും മരണത്തിലേക്ക് നടന്നുപോയവരുടെയും ദൈന്യതയുടെ കഥകളാണ് കോവിഡ് കാലത്ത് ഇവർക്ക് അയവിറക്കാനുള്ളത്.
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ ഭരണകാലത്ത് 1940 കളുടെ അവസാനത്തിലാണ് അബഹയിലെ സറാത്ത് അബീദിൽ പ്ലേഗ് പടർന്നു പിടിച്ചത്. ഹജിന് വരുന്ന യമനികളുടെ വിശ്രമ കേന്ദ്രമായ അൽവാദി ഗ്രാമത്തിലാണ് ആദ്യം രോഗം കണ്ടെത്തിയത്.

https://www.malayalamnewsdaily.com/sites/default/files/2020/03/27/p3governorletter.jpg

രാജാവിന്റെ നിർദേശപ്രകാരം ഗ്രാമങ്ങൾ അടക്കുന്നതിന് ആൽ സഖർ ഗോത്രത്തലവൻ ശൈഖ് ഹൈഫ് ബിൻ
സഅദ് അൽഖഹ്താനിക്ക് സറാത്ത് ഗവർണർ അമീർ തുർക്കി ബിൻ നാസർ അബാ നമീ അയച്ച കത്ത്.

ശരീരത്തിൽ മുഴകൾ രൂപപ്പെടുന്ന പ്ലേഗ് രോഗമുണ്ടായി ആളുകൾ മരിക്കുന്നുണ്ടെങ്കിലും കൃഷിക്കാരായ ഗ്രാമീണർ ആദ്യം അതത്ര കാര്യമാക്കിയിരുന്നില്ല. തുടക്കത്തിൽ ഒന്നോ രണ്ടോ ആളുകളായിരുന്നു ദിനേന മരിച്ചിരുന്നത്. പിന്നീട് മരണസംഖ്യ വർധിച്ചു.
ഓരോ ദിവസവും പത്തിലധികം പേർ മരിക്കാൻ തുടങ്ങി. ചാരം ശരീരത്തിൽ തേച്ചും മറ്റുമുള്ള നാട്ടുവൈദ്യങ്ങൾ ഫലപ്രദമാവാതെ വന്നപ്പോൾ മരണം മുന്നിൽ കണ്ട ജനങ്ങൾ രോഗവ്യാപനം പേടിച്ച് മരിച്ചവരെ ഖബറടക്കാൻ പോലും മുന്നിട്ടിറങ്ങാത്ത അവസ്ഥയിലെത്തി. രോഗം ആൽ ബയഹ്‌യ, അൽഉസ്‌റാൻ, വാദി യഊദ് തുടങ്ങിയ ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിച്ചു.
രോഗം വ്യാപിക്കുകയും മരണ സംഖ്യ കൂടുകയും ചെയ്തപ്പോൾ വിവരം സറാത്ത് ഗവർണറേറ്റിലും അവിടെ നിന്ന് രാജാവിന്റെ അടുക്കലുമെത്തി. രോഗം റിപ്പോർട്ട് ചെയ്ത ഗ്രാമത്തിൽ നിന്നുള്ളവർക്ക് യാത്രാവിലക്കും ഐസൊലേഷനും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട രാജാവ് വിദഗ്ധ ഡോക്ടർമാരെ അങ്ങോട്ടയക്കുകയും ചെയ്തു.
ആരോഗ്യവകുപ്പിലെ ഫലസ്തീനി ഡോക്ടർ അബു ഗസാലയുടെ നേതൃത്വത്തിൽ മൂന്നു ഡോക്ടർമാരും ആറു സഹായികളുമടങ്ങുന്ന മെഡിക്കൽ സംഘം ആൽ ബയഹ്‌യ ഗ്രാമത്തിലെത്തി തമ്പ് കെട്ടി ചികിത്സാ സൗകര്യങ്ങളൊരുക്കി. ആദ്യം ഗ്രാമങ്ങൾ അണുനശീകരണ ലായനി കൊണ്ട് വൃത്തിയാക്കുകയും സമ്പൂർണ യാത്രാവിലക്കേർപ്പെടുത്തുകയും ചെയ്തു. ഗ്രാമങ്ങളിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ ആരെയും യാത്ര ചെയ്യാൻ അനുവദിച്ചില്ല.
സറാത്ത് ഗവർണറായിരുന്ന അമീർ തുർക്കി ബിൻ നാസർ അബാ നമീ അയൽ ഗ്രാമങ്ങളിലെ ഗോത്രത്തലവൻമാർക്ക് രാജാവിന്റെ നിർദേശപ്രകാരം ലോക്ഡൗൺ സംബന്ധിച്ച് കത്തയച്ചു.
എലി, എലിച്ചെള്ള് എന്നിവയിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന പ്ലേഗ് രോഗം ആൽ ബയഹ്‌യ, അൽഉസ്‌റാൻ, വാദി യഊദ് എന്നിവിടങ്ങളിൽ ഉള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചതിനാൽ ഇവിടെയുള്ളവർ മറ്റു ഗ്രാമങ്ങളിലേക്കും അവിടെയുള്ളവർ ഇവിടേക്കും സഞ്ചരിക്കരുതെന്നും രോഗം ബാധിച്ചവരെ ഐസൊലേഷൻ ചെയ്യണമെന്നും ഗ്രാമവാസികളെ അറിയിക്കണമെന്നാവശ്യപ്പെട്ടാണ് ഗവർണർ കത്തെഴുതിയത്. യാത്രാവിലക്കും ക്വാറന്റൈനും ഐസൊലേഷനും ഓർമിപ്പിച്ച് ഗ്രാമാന്തരങ്ങളിൽ വിളിച്ചു പറയാൻ ആളുകളെ ഗോത്രത്തലവന്മാർ ചുമതലപ്പെടുത്തി.
പ്ലേഗ് രോഗം അതിഭീകരമായിരുന്നുവെന്നും വ്യാപനം ഞൊടിയിടയിലായിരുന്നുവെന്നും രാജാവിന്റെ ഇടപെടലിൽ ആ ഗ്രാമം അത് അതിജീവിച്ചെന്നും ചരിത്രകാരനായ മുഹമ്മദ് ആൽസുൽഫ പറയുന്നു. ആൽബയഹ്‌യ ഗ്രാമത്തിലാണ് മരണം താണ്ഡവമാടിയത്.
ആദ്യഘട്ടത്തിൽ രോഗം ബാധിച്ചവർക്ക് ഗ്രാമീണ വൈദ്യന്മാർ തന്നെ മരുഭൂമിയിലെ തമ്പുകളിൽ ഐസൊലേഷൻ ചെയ്ത് ചികിത്സ നൽകിയിരുന്നു. വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന് ഉറപ്പുള്ള മരക്കൊമ്പുകൾ കൊണ്ട് വേലികെട്ടി സംരക്ഷിച്ച തമ്പിലായിരുന്നു ഐസൊലേഷൻ. ഒരിക്കൽ രോഗം വന്നാൽ രോഗപ്രതിരോധ ശേഷിയുണ്ടാകുമെന്ന വിശ്വാസമുള്ളതിനാൽ രോഗമുക്തി നേടിയവർക്കായിരുന്നു ഇവരെ പരിചരിക്കാനുള്ള ചുമതല.
ഇങ്ങനെയുള്ള ആരെയും കിട്ടിയില്ലെങ്കിൽ കുടുംബത്തിലെ ഒരംഗം അവരെ പരിചരിക്കാനുള്ള ചുമതലയേൽക്കും. രോഗം പകരുമെന്ന ഭയത്താൽ വളരെ അകലെ നിന്ന് ഭക്ഷണവും വെള്ളവും മരുന്നും നീളമുള്ള വടി കൊണ്ട് തമ്പിനടുത്തേക്ക് നീക്കിക്കൊടുക്കുകയായിരുന്നു പതിവ്.
കാറ്റിലൂടെ രോഗം പടരുമോ എന്ന് പേടിച്ച് കാറ്റിന്റെ എതിർദിശയിൽ നിന്നാണ് അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യുക. ചികിത്സ വഴി പലരും രക്ഷപ്പെട്ടെങ്കിലും നിരവധി പേർ പ്ലേഗ് ബാധിച്ച് മരിച്ചിരുന്നുവെന്ന് നാട്ടുകാരനായ മുഹമ്മദ് ജാറുല്ല (70) പിതാവ് പറഞ്ഞുതന്ന കഥകൾ ഓർത്തെടുത്ത് പറയുന്നു.

 

Latest News