മക്ക- നിരവധി മലയാളികൾക്ക് മക്കയിൽ കൊറോണ ബാധിച്ചുവെന്ന തരത്തിലുള്ള പ്രചാരണം അസത്യമാണെന്ന് മക്കയിലെ കെ.എം.സി.സി നേതാവും പൊതുപ്രവർത്തകനുമായ മുജീബ് പൂക്കോട്ടൂർ വ്യക്തമാക്കി. കൊണ്ടോട്ടി സ്വദേശിയായ ഒരാൾക്ക് കൊറോണ പോസിറ്റീവാണെന്നും എന്നാൽ അദ്ദേഹം മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുജീബ് പൂക്കോട്ടൂർ വ്യക്തമാക്കി. കൊറോണ പോസിറ്റീവ് രേഖപ്പെടുത്തിയ വ്യക്തിയോടൊപ്പമുണ്ടായിരുന്നവർ നിരീക്ഷണത്തിലാണ്. എന്നാൽ അവർക്ക് ഇതേവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. മക്കയിൽ മറ്റൊരിടത്തും മലയാളികൾക്ക് ഇതേവരെ കൊറോണ ബാധിച്ചതായി സ്ഥിരീകരണമില്ല. കൊണ്ടോട്ടി സ്വദേശിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കിംവദന്തികൾ പരത്തരുതെന്നും മുജീബ് പൂക്കോട്ടൂർ അറിയിച്ചു.






