Sorry, you need to enable JavaScript to visit this website.

ലോക്ഡൗണിൽ പുസ്തക വായന കൂടുന്നു

തിരുവനന്തപുരം- ദൈനംദിന ജീവിതത്തിലെ തിരക്കിനിടെ മിക്കവരും മാറ്റിവെക്കുന്ന ഒന്നായിരുന്നു വായനയും പുസ്തകങ്ങളും. വായിക്കാനൊക്കെ എവിടെ നേരമെന്നായിരുന്നു ചോദ്യം. കുറച്ചുനേരം കിട്ടിയാൽ ടെലിവിഷൻ കാണും. പിന്നെ ഫോണിൽ കുത്തിസമയം കളയും. ഇങ്ങനെയൊക്കെ പറഞ്ഞുനടന്നവർക്ക് ഇപ്പോൾ പുസ്തകങ്ങളാണ് കൂട്ടുകാർ. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകൾക്കുള്ളിലൊതുങ്ങിയപ്പോൾ അവർ പുസ്തകങ്ങളെ തേടാൻ തുടങ്ങി. ടി.വിയിലും ഫോണിലുമായി മാത്രം ജീവിക്കാൻ പ്രയാസമാണെന്ന തിരിച്ചറിവാണ് വായനയിലേക്ക് ഇക്കൂട്ടരെ തിരിക്കാൻ കാരണം. കൊറോണക്കാലത്തെ വായനയെക്കുറിച്ചാണ് നവമാധ്യമങ്ങളിൽ മിക്കവരും കുറിക്കുന്നത്. ചിലർ കൈവശമുള്ള പുസ്തകങ്ങൾ വായിച്ചുതീർത്തിരിക്കുന്നു. പുതിയ പുസ്തകത്തിനായി ആർത്തിയോടെ കാത്തിരിക്കുന്നു. തങ്ങൾ വായനയിലേക്ക് തിരിച്ചുപോകാൻ ഈ അവധിക്കാലം ഇടയാക്കിയെന്നാണ് പലരും പറയുന്നത്. അവർക്കായി പുസ്തകങ്ങൾ പല രീതിയിൽ എത്തുന്നു എന്നതാണ് ആശ്വാസകരം.


വീട്ടിലിരിക്കുന്നവർക്കായി വിലയില്ലാതെ പുസ്തകങ്ങൾ കൈമാറുകയാണ് പ്രസാധകരും എഴുത്തുകാരും. നാഷണൽ ബുക് ട്രസ്റ്റ് വിവിധ ഭാഷകളിലിറക്കിയിട്ടുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് സൗജന്യമായി നൽകാൻ തീരുമാനിച്ചു. എല്ലാ ഭാഷയിലെയും പുസ്തകങ്ങൾ എൻ.ബി.ടിയുടെ വെബ്‌സൈറ്റിലൂടെ ലഭിക്കും. മലയാളത്തിലെ പ്രമുഖ പ്രസാധകർ പുസ്തകങ്ങളായും പി.ഡി.എഫ് ആയും പുസ്തകങ്ങൾ വായനക്കാർക്ക് അയക്കുന്നു. നേരത്തേ വാങ്ങി അലമാരയിൽ അലങ്കാരമായി സൂക്ഷിച്ചവരിൽ പലരും ഇപ്പോൾ അവ കൈയിലെടുത്തിരിക്കുന്നു. പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ല. ഗ്രന്ഥശാലകളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിക്കാനും കഴിയാത്ത അവസ്ഥയാണ്. അതിനാൽ തങ്ങൾക്ക് പി.ഡി.എഫ് ആയി ലഭിക്കുന്ന പുസ്തകങ്ങൾ പോലും വായിക്കാൻ അവർ തയാറാകുന്നു.


വായന മരിക്കുന്നതായി നേരത്തേയുണ്ടായിരുന്ന പരാതി ജനം സ്വയം തിരുത്തുകയാണിപ്പോൾ. സംസ്ഥാനത്ത് ഏഴായിരത്തോളം ഗ്രന്ഥശാലകളാണുള്ളത്. എന്നാൽ ഏതാനും വർഷമായി ഇവിടേക്ക് വരുന്ന പുസ്തകങ്ങൾക്ക് വായനക്കാരില്ലെന്നാണ് ഭാരവാഹികളുടെ പരാതി. വായനയിലേക്ക് പുതിയ തലമുറയെ ആകർഷിക്കാൻ പല രീതിയിൽ സർക്കാറും രാജാ റാംമോഹൻ റോയി ഫൗണ്ടേഷനുമൊക്കെ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും വേണ്ടത്ര വിജയം കാണാത്തിടത്താണ് ലോക്ഡൗണിന്റെ വിരസത മാറ്റാൻ പരപ്രേരണയില്ലാതെ ആളുകൾ എത്തിയിരിക്കുന്നത്. 
വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലുള്ളവർക്ക് പുസ്തകങ്ങൾ സംഭാവന നൽകുന്നവരും കുറവല്ല. കൂടുതൽ പുസ്തകങ്ങൾ എത്തിക്കാനും അവർ തയാറാണ്. എന്നാൽ അവ വേണ്ടവണ്ണം വീടുകളിലെത്തിക്കുന്നതിനുള്ള മാർഗ തടസ്സമാണ് പ്രധാനം.

 

Latest News