Sorry, you need to enable JavaScript to visit this website.

പോലീസിനെതിരെ കൂടുതല്‍ പരാതികള്‍; ടൂറിസ്റ്റ് ഹോം മാനേജര്‍ക്ക് മര്‍ദനം

പുല്‍പള്ളിയില്‍ പോലീസ് മര്‍ദനമേറ്റ് ടൂറിസ്റ്റ് ഹോം മാനേജര്‍ രഞ്ജിത്ത്ദാസ്.

പുല്‍പള്ളി-ടൗണ്‍ പരിസരത്തെ വയനാട് ലക്‌സ് ഇന്‍ ടുറിസ്റ്റ്‌ഹോം  മാനേജര്‍ രഞ്ജിത്ത്ദാസിനെ പോലീസ് മര്‍ദിച്ചതായി പരാതി. പഞ്ചായത്ത്  അധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ചു ആരോഗ്യവകുപ്പ് ജീവനക്കാരുടെ താമസത്തിനു സൗകര്യം ഒരുക്കി വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ടൂറിസ്റ്റ്‌ഹോമില്‍നിന്നു മടങ്ങുന്നതിനിടെ ടൗണില്‍വച്ചാണ് പോലീസ് മര്‍ദിച്ചതെന്നു രഞ്ജിത്ത്ദാസ് ജില്ലാ പോലീസ് മേധവിക്കു നല്‍കിയ പരാതയില്‍ പറയുന്നു.

രഞ്ജിത്ത്ദാസിന്റെ പുറത്ത് ലാത്തിയടിയേറ്റതിന്റെ പാടുകളുണ്ട്. അനാവശ്യമായി പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ചപ്പോള്‍ ധിക്കാരത്തോടെ പെരുമാറിയ രഞ്ജിത്ത്ദാസിനെ വിരട്ടിയോടിക്കുകമാത്രമാണ് ചെയ്തതെന്ന നിലപാടിലാണ് പോലീസ്.

മറ്റൊരു സംഭവത്തില്‍ പരാതിയുമായി എത്തിയ പിതാവിനും മകനും കമ്പളക്കാട് പോലീസ് സ്‌റ്റേഷനില്‍ മര്‍ദനമേറ്റതായി പരാതി. കമ്പളക്കാട് വൈശ്യന്‍വീട്ടില്‍ അബു ഹാജിക്കും  മകന്‍ ഷമീറിനുമാണ് മര്‍ദനമേറ്റത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ കൂടുതല്‍ താമസക്കാര്‍ എത്തിയതു സംബന്ധിച്ചു കഴിഞ്ഞ ദിവസം പരാതിയുമായി സമീപിച്ചപ്പോഴാണ് ദുരനുഭവമുണ്ടായതെന്നു അബു ഹാജിയും ഷമീറും പറയുന്നു.
പരാതി കീറിക്കളഞ്ഞ എസ്.ഐ അബു ഹാജിയെ മര്‍ദിച്ചു. ഇതുകണ്ടു നിലവിളിച്ചപ്പോഴാണ് ഷമീറിനെ മര്‍ദിച്ചത്. ഹൃദ്രോഗത്തിനു ശസ്ത്രക്രിയ കഴിഞ്ഞയാളാണ് അബു ഹാജി. മര്‍ദനത്തെത്തുര്‍ന്നു നെഞ്ചുവേദന അനുഭവപ്പെട്ട അബുഹാജിയും കേള്‍വിശക്തി കുറഞ്ഞ ഷമീറും ചികിത്സ നേടി. എസ.്‌ഐക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതായി ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കമ്പളക്കാട് ടൗണില്‍ മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ മരുന്നവാങ്ങാനെത്തിയ യുവാവിനെ പോലീസ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

 

Latest News