Sorry, you need to enable JavaScript to visit this website.

രണ്ടേകാൽ ലക്ഷത്തിലേറെ സ്ഥാപനങ്ങൾ വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തു

റിയാദ് - സൗദിയിൽ ഇതുവരെ 2,37,111 സ്ഥാപനങ്ങൾ മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്തതായി സകാത്ത്, നികുതി അതോറിറ്റി അറിയിച്ചു. കൃത്യസമയത്ത് വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിലും നികുതി അടക്കുന്നതിലും വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. തങ്ങൾ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവയാണോയെന്ന കാര്യം സകാത്ത്, നികുതി അതോറിറ്റി പുറത്തിറക്കിയ ആപ്പ് വഴി ഉപയോക്താക്കൾക്ക് എളുപ്പത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്താൻ സാധിക്കും. 
നിശ്ചിത സമയത്തിനകം വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാൽ പിഴ ചുമത്തും. നിശ്ചിത സമയത്ത് നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് റിട്ടേൺ പ്രകാരം അടക്കേണ്ട നികുതി തുകയുടെ അഞ്ചു മുതൽ 25 ശതമാനം വരെ പിഴ ചുമത്തും. കൃത്യസമയത്ത് നികുതി അടക്കാത്തവർക്ക് അടക്കാത്ത നികുതിയുടെ അഞ്ചു ശതമാനത്തിന് തുല്യമായ തുക ഓരോ മാസവും പിഴ ചുമത്തും. 
മൂല്യവർധിത നികുതി നടപ്പാക്കുന്നതിന് 2016 ജൂണിലാണ് ഗൾഫ് സഹകരണ കൗൺസിൽ തീരുമാനിച്ചത്. 2017 ഫെബ്രുവരിയിൽ ഏകീകൃത വാറ്റ് കരാർ സൗദി അറേബ്യ അംഗീകരിക്കുകയും 2018 ജനുവരി ഒന്നു മുതൽ അഞ്ചു ശതമാനം മൂല്യവർധിത നികുതി നടപ്പാക്കുകയും ചെയ്തു. 

Latest News