ജിദ്ദ - റുവൈസ് ഡിസ്ട്രിക്ടിൽ കെട്ടിട നിർമാണ സ്ഥലത്ത് ഭിത്തി തകർന്ന് രണ്ടു പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യക്കാരനും പാക്കിസ്ഥാനിയുമാണ് മരിച്ചത്. മറ്റൊരു പാക്കിസ്ഥാനിക്ക് പരിക്കേറ്റു. ഇയാളെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി.
നിർമാണ സ്ഥലത്തുള്ള ഉയരം കൂടിയ ഭിത്തി തൊഴിലാളികൾക്കു മേൽ തകർന്നുവീഴുകയായിരുന്നു. കെട്ടിടം നിർമിക്കുന്നതിന് മണ്ണു നീക്കം ചെയ്ത് നിരപ്പാക്കിയ ഭാഗത്ത് തറനിരപ്പിൽ നിന്ന് താഴെ നിർമിച്ച ഭിത്തിയാണ് തകർന്നതെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഖർനി അറിയിച്ചു. നിർമാണ സ്ഥലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അമ്പതു മീറ്റർ നീളവും നാലു മീറ്റർ ഉയരവുമുള്ള ഭിത്തിയാണ് തകർന്നത്. സിവിൽ ഡിഫൻസ് അധികൃതർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തു.






