മോഡിയുടെ മണ്ഡലത്തില്‍ കുട്ടികള്‍ പുല്ലുതിന്നു; മാധ്യമ പ്രവര്‍ത്തകന് നോട്ടീസ്

ലഖ്‌നൗ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയില്‍ വിശപ്പടക്കാനായി കുട്ടികള്‍ പുല്ലു തിന്നുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ദിവസമാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം പട്ടിണിയിലായ കുടുംബങ്ങളിലെ കുട്ടികളാണ് വിശപ്പടക്കാനായി പുല്ല് തിന്നത്. കൂലിപ്പണിക്കാരായ കുടുംബത്തിലെ ആര്‍ക്കും ജോലിക്ക് പോകാന്‍ കഴിയാത്തതാണ് കുട്ടികളെ പുല്ലു തിന്നാന്‍ നിര്‍ബന്ധിതരാക്കിയത്. വാരണാസിയിലെ മുസഹ്രി ബസ്തിയിലെ മുസഹര്‍ എന്ന ദളിത് വിഭാഗത്തില്‍ പെടുന്ന അഞ്ചു വയസ്സുള്ള ആറ് കുട്ടികളാണ് വിശപ്പടക്കാനായി പുല്ല് തിന്നത്.

ജനതാ കര്‍ഫ്യൂവിന്റെ അടുത്ത ദിവസം ഗ്രാമത്തിനടുത്തുള്ള മരണാനന്തര ചടങ്ങിനു ശേഷം ബാക്കി വന്ന ഭക്ഷണമാണ് ഈ കുടുംബങ്ങള്‍ കഴിച്ചത്. അടുത്ത ദിവസം സമീപത്തുള്ള കൃഷിയിടത്തില്‍ നിന്നും ഉരുളക്കിഴങ്ങ് പിഴുത് വേവിച്ചു കഴിച്ചു. എന്നാല്‍ അതിനടുത്ത ദിവസം മുതല്‍ ആഹാരമൊന്നും കിട്ടാതായതോടെ കുട്ടികള്‍ പുല്ല് തിന്നുകയായിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/03/27/yogiadithya.jpg

വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ബനാറസ് ഭരണകൂടം ഗ്രാമം സന്ദര്‍ശിച്ച് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗ്രാമവാസികള്‍ക്ക് 15 കിലോ റേഷന്‍ അനുവദിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, സംഭവത്തിന്റെ ചിത്രം പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകന് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചു. വ്യാജ വാര്‍ത്ത പുറത്തുവിട്ടുവെന്ന പേരിലാണ് നടപടി. ജന്‍സന്ദേശ് ടൈം എന്ന പത്രത്തിലെ എഡിറ്ററായ വിജയ് വിനീതിനെതിരെയാണ് നോട്ടീസ്.മാധ്യമ പ്രവർത്തകനെതിരെ കർശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നല്‍കിയിരിക്കയാണെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു.

 

Latest News