വെള്ളവും ഭക്ഷണവുമില്ല, നഗരങ്ങളില്‍നിന്ന് കൂട്ടപ്പലായനം

ന്യൂദല്‍ഹി- കോവിഡ് രോഗബാധയെ തുടര്‍ന്നുള്ള ലോക്ഡൗണിന് പിന്നാലെ പട്ടിണിയുടെ പിടിയിലായ തൊഴിലാളികള്‍ ദല്‍ഹിയില്‍നിന്ന് ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും മാതൃഗ്രാമങ്ങളിലാക്ക് കൂട്ടപ്പലായനം തുടരുന്നു. ഗതാഗത സംവിധാനങ്ങളില്ലാത്തതിനാല്‍ ആയിരങ്ങള്‍ കാല്‍നടയായാണ് ഗ്രാമങ്ങളിലേക്കു പോകുന്നത്. കുടുംബവും കുട്ടികളുമായി നൂറു കണക്കിനു കിലോമീറ്ററുകളാണ് ഇവര്‍ നടക്കുന്നത്. മിക്കവരുടെയും കയ്യില്‍ വെള്ളവും ഭക്ഷണവുമില്ല.

ദല്‍ഹിയില്‍ നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളില്‍ ഭൂരിപക്ഷവും ഉത്തര്‍പ്രദേശിലേയും ബിഹാറിലേയും ഗ്രാമങ്ങളില്‍നിന്നുള്ളവരാണ്. ഭാര്യയും കുട്ടികളുമായാണ് ഇവര്‍ നഗരത്തിലേക്ക് ചേക്കേറുന്നത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍തന്നെ താമസിക്കുകയും ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു ജോലി ചെയ്യുകയും കുട്ടികളെ ഒരിടത്ത് ഇരുത്തുകയുമാണ് ഇവര്‍ സാധാരണ ചെയ്യാറ്.

ലോക്ഡൗണ്‍ ആയതോടെ ജോലിയില്ലാതായി. വെള്ളം പോലും കിട്ടാനില്ലെന്ന് പലായനം ചെയ്യുന്നവര്‍ പറയുന്നു. കൈയില്‍ പണമില്ല. ഭക്ഷണവും കിട്ടാനില്ല. തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നതിനെ നഗരവാസികള്‍ എതിര്‍ക്കുകയും ചെയ്യുന്നു. ഇതാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/03/27/22.jpg

ദിവസക്കൂലിക്കാരും തൊഴിലാളികളുമാണു വാഹനങ്ങളില്ലാത്തതിനാല്‍ ഗ്രാമങ്ങളിലേക്കു കാല്‍നടയായി പോകുന്നത്. ദല്‍ഹി, മുംബൈ നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. രാജ്യത്തു പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊതുഗതാഗത സംവിധാനങ്ങള്‍ നിലച്ചു. ഇതോടെ ദല്‍ഹിയില്‍നിന്നും ആഗ്രയിലേക്കും ലഖ്‌നൗവിലേക്കുമുള്ള ഹൈവേകളിലൂടെ ജനങ്ങള്‍ കാല്‍നടയായി യാത്ര തുടങ്ങി.

ദല്‍ഹി ആനന്ദ് വിഹാറിലെ ദേശീയ പാതയില്‍നിന്ന് പുറത്തുവരുന്നത് ദുരിതക്കാഴ്ചകളാണ്. ദല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ കൂട്ടപ്പലായനത്തിന്റെ ദാരുണദൃശ്യങ്ങള്‍ കാണാം. പോലീസാകട്ടെ ഇവരെ തടയുകയാണ് പലേടത്തും. ഇവര്‍ കൂട്ടമായി നീങ്ങുന്നതും വേണ്ടത്ര ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതും ആരും ശ്രദ്ധിക്കുന്നില്ല.

ഉത്തര്‍പ്രദേശുകാര്‍ക്ക് ഗതാഗത സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ല. ഇവരെ നഗരങ്ങളില്‍തന്നെ എവിടെയെങ്കിലു പാര്‍പ്പിക്കാനോ ഭക്ഷണവും മറ്റു സൗകര്യങ്ങളും എത്തിച്ചു നല്‍കുന്നതിനോ ആരും തയാറായിട്ടില്ല. സംഭവം അറിഞ്ഞ് യു.പി പോലീസ് സ്ഥലത്തെത്തി. ഇവര്‍ക്ക് താമസസൗകര്യം ഉറപ്പാക്കുമെന്ന് അറിയിച്ചു.

രാവിലെ മുതല്‍ ഒന്നു കഴിക്കാതെയാണ് നടക്കുന്നതെന്ന് ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ യു.പിക്കാരനായ രാംസിംഗ് പറഞ്ഞു. മിക്കവരുടേയും കൈയില്‍ വെള്ളവുമില്ല. കുട്ടികളുമായാണ് യാത്ര. എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. സ്വന്തം ഗ്രാമത്തിലെത്താന്‍ ഇനിയും ഇരുന്നൂറ് കിലോമീറ്ററിലധികം നടക്കണം- അദ്ദേഹം പറഞ്ഞു.

ഇവരെ മാതൃഗ്രാമങ്ങളിലെത്തിക്കാന്‍ അടിയന്തര ഗതാഗത സംവിധാനമൊരുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Latest News