Sorry, you need to enable JavaScript to visit this website.

വൈറസുകളും ബാക്ടീരിയകളും മനുഷ്യ ശരീരവും

കംപ്യൂട്ടർ, മൊബൈൽ മുതലായ ഗാഡ്‌ജെറ്റുകളിൽ വൈറസ് അറ്റാക്കുണ്ടാകാറുണ്ട്. അതോടെ ആ ഉപകരണത്തിന്റെ വ്യവസ്ഥ താറുമാറാകുകയും അനുനിമിഷം പ്രതിസന്ധി കൂടിവരികയും ചെയ്യും. 
ഗാഡ്‌ജെറ്റിന്റെ പ്രവർത്തനങ്ങൾ അസാധ്യമാക്കിക്കൊണ്ട് പുറത്തുനിന്നു വന്ന വൈറസ് നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കാരണം. വൈറസ് ഒരു നെറ്റ്‌വർക്കിനകത്ത് കേറിക്കൂടിയാലും ഇതു തന്നെയാണാവസ്ഥ. പല രാജ്യങ്ങളും വൈറസ് അറ്റാക്കിന് മുമ്പിൽ മുട്ടുമടക്കിയിട്ടുണ്ട്. ഈ ആക്രമണങ്ങളെ തടയാനാണ് സാങ്കേതിക വിദഗ്ധർ ആന്റിവൈറസ് പ്രോഗ്രാമുകളും ഫയർവാളുകളും ഒരുക്കുന്നത്. ഗാഡ്ജറ്റുകളെ പോലെ തന്നെ വൈറസുകളുടെ ആക്രമണത്തിന് മനുഷ്യ ശരീരവും വിധേയമാകും. നമ്മുടെ ശരീരഘടന ഏറ്റവും സങ്കീർണമായ ഒരു വ്യവസ്ഥക്കകത്താണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് പ്രതിരോധ ശേഷി നിലനിർത്തിയും വർധിപ്പിച്ചുമല്ലാതെ വൈറസുകളെ ഫലപ്രദമായി ചെറുക്കാൻ കഴിയില്ലെന്ന് ആദ്യമേ നമ്മൾ തിരിച്ചറിയണം. 
വൈറസ് ഒരു ലാറ്റിൻ വാക്കാണ്; വിഷാംശമുള്ള പദാർത്ഥമെന്നാണർത്ഥം. ബാക്ടീരിയ, ആർക്കിയ, ഫംഗസ്, പ്രോട്ടോസോവ, ആൽഗ എന്നീ സൂക്ഷ്മ ജീവികളുടെ ഗണത്തിൽ പെടുന്നതാണ് വൈറസ്. സൂക്ഷ്മ ജീവികൾ കരയിലും കടലിലും ആകാശത്തുമുണ്ട്. പ്രകൃതിയുടെ ആവാസ വ്യവസ്ഥക്ക് ഇവ അത്യന്താപേക്ഷിതമാണ്. ശക്തമായ ഇലക്ട്രോൺ മൈക്രോസ്‌കോപ്പിലൂടെ മാത്രമേ ഇവയെ കാണാനൊക്കൂ. ചിക്കൻപോക്‌സ്, ഡെങ്കി, എബോള, എച്ച്.ഐ.വി മുതൽ ജലദോഷം വരെ ഉണ്ടാക്കുന്നത് വൈറസുകളാണ്. വൈറസുകളെ പോലെ ബാക്ടീരിയകളും രോഗങ്ങൾക്ക് കാരണമാവാറുണ്ട്. ഭക്ഷ്യവസ്തുക്കളിലെ വിഷാംശങ്ങളിലൂടെയും രോഗബീജാണുക്കളിലൂടെയും മറ്റും അവ ശരീരത്തിലെത്താം. ബാക്റ്റീരിയ വഴിയുള്ള രോഗങ്ങളെ ചെറുക്കാൻ ആന്റി ബയോട്ടിക്കുകളുണ്ട്. ബാക്ടീരിയ കൊണ്ട് പല ഗുണങ്ങളുമുണ്ട്. ബാക്ടീരിയകളുടെ സഹായത്താലാണ് തൈര്, ചീസ്, അച്ചാർ, ഇഡലി, വിനാഗിരി, മുതലായ ഭക്ഷണ പദാർത്ഥങ്ങൾ നമ്മളുണ്ടാക്കുന്നത്. ചില ബാക്ടീരിയകൾ ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളിൽ വളരെ സഹായകമായി വർത്തിക്കുന്നു. 
ബാക്ടീരിയക്ക് ജീവനുണ്ട്. വൈറസിന് ജീവനുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഒരു ജീവ കോശത്തിനുള്ളിൽ എത്തിപ്പെട്ടാലല്ലാതെ വളരാനോ പ്രത്യുൽപാദനം നടത്താനോ കഴിവില്ലാത്ത, പ്രോട്ടീനിൽ പൊതിഞ്ഞുവെച്ച, ജീവകണങ്ങളാണ് വൈറസുകൾ. ഇരുപത് മുതൽ 1400 നാനോമീറ്റർ വരെയാണ് വലിപ്പം; ഏകദേശം ബാക്ടീരിയയുടെ നൂറിലൊന്ന്. ജനിതക രേഖയുള്ള ഡി.എൻ.എയുടെയോ ആർ.എൻ.എയുടെയോ ജീനുകളുള്ളത് കാരണം വൈറസ് ഏതെങ്കിലും ജീവിയുടെ ശരീര കോശത്തിലെത്തിപ്പെട്ടാൽ കോശത്തിന്റെ സ്വഭാവമായ വിഘടനവും വളർച്ചയും വൈറസിലും സംഭവിക്കും. അറിയപ്പെടുന്ന ആദ്യത്തെ വൈറസ് 1899 ൽ മാർട്ടിനസ് ബൈജറിൻ കണ്ടെത്തിയ ടുബാക്കോ മൊസൈക്കാണ്. 
വൈറസ് ശരീര കോശങ്ങളിത്തിലെത്തിയെന്നതുകൊണ്ടു മാത്രം അപകടമൊന്നുമില്ല. കാരണം, അവ വൈറസുകളാണെന്ന് ഇമ്യൂൺ സിസ്റ്റത്തിന്, അഥവാ പ്രതിരോധ സംവിധാനത്തിന് തിരിച്ചറിയാനാകും. ഇമ്യൂൺ സിസ്റ്റം ഉടൻ തന്നെ വൈറസിനെ നശിപ്പിക്കുകയും ചെയ്യും. എന്നാൽ ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന അവസ്ഥയിൽ വൈറസുകൾക്ക് വളരാനാവശ്യമായ പ്രോട്ടീനുകൾ ജീവകോശം തന്നെ ഉണ്ടാക്കിക്കൊടുക്കും. പ്രതിരോധ കോശങ്ങൾക്ക് മാത്രമേ വൈറസിനെ തിരിച്ചറിയാനാകൂ എന്നതാണ് കാരണം. അതിദ്രുതം വളരുകയോ പ്രചരിക്കുകയോ ചെയ്യുന്നതിന് നാം വൈറൽ എന്ന് പറയാറുണ്ട്. മനുഷ്യ കോശത്തിനകത്ത് പ്രവേശിച്ച വൈറസിന്റെ സ്വഭാവവുമതു തന്നെയാണ്. കോശങ്ങൾ വിഘടിക്കുന്നതിനൊപ്പം വൈറസുകളും പെരുകിക്കൊണ്ടിരിക്കും. ഒന്നിൽനിന്ന് കോടാനുകോടിയായി വളരും. പിന്നീട് ശരീരത്തിലെ തനത് കോശങ്ങളെ വൈറസുകൾ നശിപ്പിക്കും. കോശങ്ങളിൽ നടക്കുന്ന ഈ രാസപ്രക്രിയ അവയവങ്ങൾക്ക് അവയുടെ ധർമ നിർവഹണം അസാധ്യമാക്കും. ഇതാണ് രോഗാവസ്ഥ.  
മനുഷ്യ ശരീരമെന്നത് മുൻകൂട്ടി നിർണയിക്കപ്പെട്ട ചില വ്യവസ്ഥകളാൽ സംവിധാനിക്കപ്പെട്ടതാണ്. ദഹന വ്യൂഹം, ശ്വസന വ്യവസ്ഥ, അസ്ഥിവ്യൂഹം, അന്തഃസ്രാവി (ഹോർമോൺ ഗ്രന്ഥികൾ), രക്തചംക്രമണം, പേശീവ്യൂഹം, നാഡീവ്യൂഹം, പ്രത്യുൽപാദനം മുതലായവയാണ് ആ ആന്തരാവയവ വ്യവസ്ഥകൾ. അവയുടെ ധർമങ്ങളെ ഉപാപചയ പ്രവർത്തനങ്ങളെന്ന് വിളിക്കാം. ഉപാപചയ പ്രവർത്തനങ്ങൾ സാധ്യമാക്കുന്നത് കോടിക്കണക്കായ കോശങ്ങൾ വഴിയാണ്. ശരീരത്തിലെ ജീവധർമങ്ങളുടെ അടിസ്ഥാനമാണ് കോശങ്ങൾ. കോശങ്ങൾക്ക് നിർദേശം കൊടുക്കുന്നത് ജനിതക രേഖകളെന്നറിയപ്പെടുന്ന ഡി.എൻ.എകളാണ്. ജനിതക രേഖകൾ പാരമ്പര്യമായി കൈമാറി ലഭിക്കുന്നതാണ്. അതുകൊണ്ടു തന്നെ കോശങ്ങളെ നശിപ്പിക്കുകയെന്നതിനർത്ഥം ജീവഹാനി വരെ സംഭവിക്കാമെന്നാണ്. വൈറസുകൾ ചെയ്യുന്നതും അതു തന്നെയാണ്. 
ഓരോ വൈറസിനും അവയുടേതായ സവിശേഷതകളുണ്ട്. ശരീരത്തിലെത്തുമ്പോൾ എവിടെയാണവ വളരുകയെന്നത് അതാതിന്റെ സവിശേഷതക്കനുസരിച്ച് വ്യത്യസ്തമാകും. ഉദാഹരണത്തിന് എച്ച്.ഐ.വി വൈറസ് ശരീരത്തിലെത്തിയാൽ അവ ഇമ്യൂൺ സിസ്റ്റത്തിനകത്തുള്ള കോശങ്ങളെ മാത്രമാകും ആക്രമിക്കുക. കൊറോണ വൈറസ് ശ്വാസ നാളത്തിലെ കോശങ്ങളെയാണ് ആക്രമിക്കുക. അതുകൊണ്ടാണ് എല്ലാ കൊറോണ വൈറസുകളെയും റെസ്പിറേറ്ററി സിൻഡ്രോം എന്ന് വിളിക്കുന്നത്. കോശങ്ങളെ വൈറസുകൾ ഉപയോഗിക്കുന്നത് കൂടുതൽ വൈറസുകളായി പെറ്റുപെറുക്കാനാണ്. ഈ വൈറസുകളെ തകർക്കണമെങ്കിൽ പുറത്തുനിന്ന് വാക്‌സിനുകളോ മറ്റു മരുന്നുകളോ കൊടുക്കുക പ്രയാസമാണ്. വൈറസുകളെ തകർക്കുകയെന്നാൽ അവയിലെ ജനിതക കോഡിനെയാണ് തകർക്കേണ്ടത്. ശരീരത്തിലെ എല്ലാ കോശങ്ങളിലും ജനിതക കോഡുകളുണ്ട്. വൈറസിനകത്തെ ജനിതക കോഡിനെ മാത്രം നശിപ്പികയെന്നത് പ്രയാസകരമാണ്. എന്നാൽ ശരീരം അതിന്റെ പ്രതിരോധ സമരങ്ങൾ ആന്റിബോഡികളുൽപാതിപ്പിച്ചുകൊണ്ട്  സ്വയം നിർവഹിക്കും. ഓരോ വൈറസിനെയും പിടിച്ചു നശിപ്പിക്കും. ആ പ്രക്രിയ നടക്കുമ്പോഴാണ് ശരീരോഷ്മാവ് ക്രമാതീതമായി വർധിക്കുന്നത്. 
ഏറെ ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു വൈറസ് കുടുംബമാണ് കൊറോണ. 2002 വരെക്കും ഇവ അപകടകാരികളാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ആ വർഷമാണ് കൊറോണ കുടുംബത്തിൽപെട്ട സാർസ് ഇരുപത്തഞ്ചോളം രാജ്യങ്ങളിൽ ഭീതി വിതച്ചത്. പിന്നീട് 2013 ൽ മധ്യപൗരസ്ത്യ രാഷ്ട്രങ്ങളിൽ മെർസ് വൈറസ് ഒട്ടകങ്ങളിലൂടെ മനുഷ്യരിലെത്തി. രണ്ട് വൈറസും കൂടി രണ്ടായിരത്തോളം ജീവനെടുത്തു. പുതിയ കൊറോണ വൈറസായ കോവിഡ്19 മനുഷ്യ രാശിയെ മുഴുവൻ പിടിച്ചുകെട്ടിയിരിക്കയാണ്. ഒരർത്ഥത്തിൽ ഒരേ വൈറസ് തന്നെ രൂപം മാറുന്നതാകാമിത്. വൈറസുകൾ അനുകൂല സാഹചര്യങ്ങളിൽ സ്വയംഭൂ ആയുണ്ടാകുകയും രൂപപരിണാമങ്ങൾക്ക് വിധേയമാകുകയും ചെയ്യാം. അതുകൊണ്ടു തന്നെ കോവിഡിനെ പ്രതിരോധിക്കാൻ ഒരു വാക്‌സിൻ കണ്ടെത്തിയാലും മറ്റൊരിക്കൽ മറ്റൊരു ഭാവത്തിൽ കൊറോണ പുനർജനിക്കുമെന്ന് തന്നെ വേണം കരുതാൻ. 
ശരീരത്തിന് വൈറസുകൾ അപകടകാരികളാകുന്നത് പ്രാഥമികമായും നമ്മുടെ പോരായ്മ കൊണ്ടു തന്നെയാണ്. രോഗ പ്രതിരോധ ശേഷി കൈവരിച്ച ശരീരത്തിൽ പ്രവേശിച്ച ഒരു വൈറസിന് രോഗങ്ങളുണ്ടാക്കാൻ കഴിയില്ല. രക്തത്തിലെ പി.എച്ച് ബാലൻസ് 7.35 നും 7.45 നുമിടക്കാണെങ്കിൽ അത്തരം ശരീരത്തിൽ വൈറസുകൾക്ക് അതിജീവിക്കാൻ കഴിയില്ല. നമ്മുടെ അന്തരീക്ഷ വായുവിലെ ഓക്‌സിജന്റെ അളവ് ഇരുപത്തൊന്നിന് മുകളിലാകുകയും പരിസരം വൃത്തിയുള്ളതുമാണെങ്കിൽ അവിടങ്ങളിൽ രോഗാതുരമായ വൈറസുകൾ കുറവായിരിക്കും. ഒരർത്ഥത്തിൽ മാലിന്യ സംസ്‌കരണമാണ് വൈറസുകളുടെ ജോലി. ശരീരത്തിൽ മാലിന്യമുള്ളതുകൊണ്ടാണ് അവ കോശങ്ങളിൽ വളരുന്നതെന്നു സംഗ്രഹിക്കാം.
 

Latest News